മലപ്പുറത്ത് നിന്ന് കാശ്മീരിലേക്കൊരു സൈക്കിള്‍ യാത്ര

മലപ്പുറത്ത് നിന്ന്  കാശ്മീരിലേക്കൊരു  സൈക്കിള്‍ യാത്ര

 

വളാഞ്ചേരി: അറുപത് ദിവസം, പത്ത് സംസ്ഥാനങ്ങള്‍, 4200 കിലോമീറ്റര്‍ സൈക്കിളില്‍ ഒറ്റയ്‌ക്കൊരു സവാരി. കശ്മീരിലേക്കുള്ള സ്വപ്നയാത്രയിലാണ് വളാഞ്ചേരിക്കാരന്‍ പൈങ്കണ്ണൂര്‍ പരവക്കല്‍ നൗഫല്‍.
സൈക്കിളില്‍ ഒരു കൗതുകസവാരി സഞ്ചാരപ്രിയനായ നൗഫലിന്റെ ഏറെക്കാലത്തെ ആഗ്രഹമാണ്. ജോലിചെയ്ത് മിച്ചംവച്ച തുക സ്വരുക്കൂട്ടി സൈക്കിള്‍ വാങ്ങി. യാത്ര സൈക്കിളിലെങ്കില്‍ കാണേണ്ടത് മഞ്ഞുമലകളുടെയും തടാകങ്ങളുടെയും സ്വപ്നഭൂമിയായ കശ്മീര്‍തന്നെയെന്ന് തീരുമാനമെടുത്തു. നാടും നഗരവുംകണ്ട് ഇന്ത്യയുടെ ഹൃദയത്തിലൂടെ യാത്രചെയ്യാനുള്ള തയ്യാറെടുപ്പായിരുന്നു പിന്നീട്.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ തന്റെ സ്വപ്നത്തിലേക്ക് നൗഫല്‍ സൈക്കിള്‍ ചവിട്ടിത്തുടങ്ങി. മംഗളൂരു, ഗോവ, മുംബൈ, സൂറത്ത്, അഹമ്മദബാദ്, അജ്മീര്‍, ജെയ് പുര്‍, ആഗ്ര, ഡല്‍ഹി, ഷിംല, മണാലി, ജമ്മു എന്നിവിടങ്ങള്‍ പിന്നിട്ട് ജനുവരി പതിനഞ്ചോടെ ശ്രീനഗറില്‍ എത്തുന്ന രീതിയിലാണ് സവാരി ക്രമീകരിച്ചത്.
ലഹരിവിരുദ്ധ സന്ദേശവുമായാണ് നൗഫലിന്റെ പരിസ്ഥിതി സൗഹൃദയാത്ര.
ആരോഗ്യമുള്ള ശരീരത്തിന് സൈക്കിള്‍യാത്ര ശീലമാക്കാമെന്ന സന്ദേശവും ഈ യാത്രക്കുണ്ടെന്ന് അദ്ദേഹം പറയുന്നു. വളാഞ്ചേരി പൈങ്കണ്ണൂരിലെ പരവക്കല്‍ അബ്ദുല്‍ ഹമീദിന്റെ മകനാണ് ഇരുപത്തിരണ്ടുകാരനായ നൗഫല്‍.
വ്യാഴാഴ്ച രാവിലെ ഒമ്പതിന് വളാഞ്ചേരി ടൗണില്‍ കോഴിക്കോട് റോഡില്‍ എസ്‌ഐ കാര്‍ത്തികേയന്‍ നൗഫലിന്റെ സൈക്കിള്‍ സവാരി ഫ്‌ലാഗ് ഓഫ് ചെയ്തു. എഎസ്‌ഐ കെ ശശി, സിപിഒ എം കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു.

Sharing is caring!