ജലീലിന്റെ വിവാദ ബന്ധുനിയമനം; പി.കെ ഫിറോസിന് രേഖകള്‍ ചോര്‍ത്തിക്കൊടുക്കുന്നത് സി.പി.എമ്മുകാര്‍തന്നെയോ ?

ജലീലിന്റെ വിവാദ ബന്ധുനിയമനം; പി.കെ ഫിറോസിന് രേഖകള്‍  ചോര്‍ത്തിക്കൊടുക്കുന്നത്  സി.പി.എമ്മുകാര്‍തന്നെയോ ?

കോഴിക്കോട്: ജലീലിന്റെ വിവാദ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന് ചോര്‍ത്തിക്കൊടുക്കുന്നത് സി.പി.എമ്മുകാര്‍തന്നെയാണെന്ന ആരോപണങ്ങളും ഉയരുന്നു. ജലീലിനെ എതിര്‍ക്കുന്ന ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരേ കുരുക്കു മുറുകുമ്പോള്‍ സി.പി.എമ്മില്‍ ഭിന്നതയുള്ളതായും ആരോപിക്കപ്പെടുന്നു. മന്ത്രിയുടെ ബന്ധു കെ.ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ ആയി നിയമിച്ചത് ക്രമവിരുദ്ധമായിട്ടാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

മന്ത്രി ജലീല്‍ മുഖ്യമന്ത്രി പിണറായി വിജയനെയും തെറ്റിദ്ധരിപ്പിച്ചാണ് സഹോദര പൗത്രന് സ്വന്തം വകുപ്പില്‍ ഉന്നത പദവി നല്‍കിയതെന്നതിന്റെ തെളിവുകള്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറേസ് പുറത്തുവിട്ടതോടെ സി.പി.എമ്മില്‍ ഒരു വിഭാഗം ജലീലിനെ സംരക്ഷിക്കുന്നതിനെതിരേ രഹസ്യമായി രംഗത്തു വന്നിട്ടുണ്ട്. ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പ്രതിപക്ഷത്തിന് ലഭിക്കുന്നത് മറുപക്ഷത്തിനും തലവേദനയായിട്ടുണ്ട്.

ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന പൊതുവികാരമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ബന്ധുനിയമന കാര്യത്തില്‍ മന്ത്രി ആദ്യം പറഞ്ഞ വാദങ്ങളെല്ലാം ഓരോന്നായി പൊളിഞ്ഞതോടെ സി.പി.എമ്മിനും തലവേദനയായിട്ടുണ്ട്. യോഗ്യതയായിരുന്നു നിയമന മാനദണ്ഡമെന്നായിരുന്നു മന്ത്രിയുടെ ആദ്യ വാദം. എന്നാല്‍ കെ.ടി അദീബിന് അടിസ്ഥാന യോഗ്യത പോലുമില്ലെന്ന വസ്തുത പുറത്തു വന്നു. ഉയര്‍ന്ന വേതനം ഉപേക്ഷിച്ചാണ് ഡെപ്യൂട്ടേഷനില്‍ എത്തിയതെന്നായിരുന്നു പിന്നീട് മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ജി.എമ്മായി സ്ഥാനമേറ്റ ഉടന്‍ തന്നെ കൂടുതല്‍ ശമ്പളവും അലവന്‍സും ആവശ്യപ്പെട്ടുകൊണ്ട് ആദീബ് സര്‍ക്കാരിന് കത്തെഴുതിയത് ഈ വാദത്തിനും തിരിച്ചടിയായി.

മുന്‍പ് ജോലി ചെയ്തിരുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാറ്റിയൂട്ടറി ബോഡിയാണെന്ന് മന്ത്രിയുടെ വാദവും പൊളിഞ്ഞതോടെ കാര്യങ്ങള്‍ അദീബിന്റെ രാജിയില്‍ എത്തി. രാജിയോടെ അടഞ്ഞ അധ്യായമാണിതെന്ന് മന്ത്രി അവകാശപ്പെട്ടപ്പോഴാണ് പുതിയ ആരോപണങ്ങളും തെളിവുകളും പുറത്തു വരുന്നത്. ഇതിനു വകവെച്ചു കൊടുത്തനു ഞാന്‍ തന്നെയാണ് എന്ന തിരിച്ചറിവ് ഇപ്പോള്‍ തന്നെ ജലീലിനുണ്ടായിട്ടുണ്ട്. ഉദ്ദേശ ശുദ്ധി മാത്രം നന്നായാല്‍ പേരാ എന്നു ജലില്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത് ഈ തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തിലാണെന്നു വേണം വിലിയിരുത്താന്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം യോഗം കെ.ടി ജലിലിനു പിന്തുണ നല്‍കുന്നതുവരെ സി.പി.എം നേതാക്കളോ പാര്‍ട്ടി പത്രമേ ജലിലിനു വേണ്ടി രംഗത്തു വന്നിരുന്നില്ല.

ഇടതുപക്ഷത്തു പ്രവേശനം ലഭിക്കാതെ പോയ ഐ.എന്‍.എല്‍ മാത്രമാണ് ജലീലിനു വേണ്ടി രംഗത്തു വന്നത്. എന്നാല്‍ പാര്‍ട്ടിക്കു ഒരു പ്രയോജനവും നല്‍കാത്ത ജലീലിനെ പിന്തുണക്കേണ്ട ആവശ്യമില്ലെന്ന അഭിപ്രായക്കാരും ഐ.എന്‍.എലില്‍ ഉണ്ട്.
ജലീലിനെ പ്രത്യേക താല്‍പര്യത്തോടെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസമുണ്ട്. നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ബന്ധുനിയമന വിവാദം കത്തിനില്‍ക്കുന്നത് സര്‍ക്കാരിന് ക്ഷീണം ചെയ്യും. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയരുന്ന ആവശ്യം. സര്‍ക്കാറിന്റെ പക്കലുള്ള പല രഹസ്യവിവരങ്ങളും പി.കെ ഫിറോസിന് ചോര്‍ന്ന് കിട്ടുന്നതും ഇതിന്റെ പശ്ചാത്തലത്തിണെന്നാണ് ഒരു വിഭാഗം കരുതുന്നത്.

മലപ്പുറം ജില്ലയിലെ സി.പി.എം നേതാക്കളില്‍ പലരും ജലീലിനോട് വിയോജിപ്പുള്ളവരാണ്. ഇവരുടെ നേതൃത്വത്തിലുള്ള സി.പി.എം നേതാക്കളും ചില ഉദ്യോഗസ്ഥരുമാണ് അതീവ രഹസ്യമായ മന്ത്രി സഭ യോഗ തീരുമാനങ്ങള്‍ വരെ വളരെ വേഗത്തില്‍ പ്രതിപക്ഷത്തിന്റെ കൈകളിലെത്തിക്കുന്നത്. ഒരോ ദിവസവും പി.കെ ഫിറോസ് പുതിയ രേഖകള്‍ പുറത്തു വിടുന്നതാണ് ജലീലിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. ഞാന്‍ അറിയാതെയാണ് അദീപിനെ നിയമിച്ചതെന്നായിരുന്നു ആദ്യം ജലീല്‍ പറഞ്ഞിരുന്നത്. എന്നാല്‍ യോഗ്യതയില്‍ മാറ്റം വരുത്തിയ ഉത്തരവില്‍ ഒപ്പിട്ടത് ജലീല്‍ തന്നെയാണ് എന്ന വിവരമാണ് ഫിറോസ് ഇന്നു നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞത്. ജലീലിന്റെ ഓഫീസില്‍ തന്നെയുള്ളവരാണ് പല രേഖകളും ചോര്‍ത്തി നല്‍കുന്നത് എന്നാണ് അറിയുന്നത്.

അതോടൊപ്പം വരുന്ന ലോക്സഭാ ഇലക്ഷനില്‍ പൊന്നാനിയില്‍ നിന്നും ജലീലിനെ മത്സരിപ്പിക്കാനും ഇടതുപക്ഷം ആലോചിക്കുന്നുണ്ട്. അതിനെ മറികടക്കാന്‍ കൂടിയാണ് ഇപ്പോള്‍ ലീഗ് നേതൃത്വത്തിന്റെ പിന്തുണയോടെ പി.കെ ഫിറോസ് നടത്തുന്ന രാഷട്രീയ ആക്രമണം. പി.കെ കുഞ്ഞാലിക്കുട്ടിയും മറ്റു ലീഗു നേതാക്കളും ശക്തമായി മന്ത്രിയുടെ രാജി ആവശ്യപ്പെടാത്തതും തികച്ചു രാഷട്രീയമായ ലക്ഷ്യംകൊണ്ടു തന്നെയാണ്. ജലീലിനെ നേരിടാന്‍ യൂത്ത്ലീഗ് തന്നെ മതിയെന്ന സന്ദേശമാണ് ഇതിലൂടെ ലീഗ് നല്‍കുന്നത്.

Sharing is caring!