സ്വര്‍ണ്ണ ബിസ്‌കറ്റ് ബിസിനസ് നടത്താമെന്ന് പറഞ്ഞ് 3കോടി തട്ടിയ പ്രതിയായ മഞ്ചേരി സ്വദേശി അഞ്ചുവര്‍ഷത്തിന് ശേഷം കീഴടങ്ങി

സ്വര്‍ണ്ണ ബിസ്‌കറ്റ് ബിസിനസ്  നടത്താമെന്ന് പറഞ്ഞ് 3കോടി  തട്ടിയ പ്രതിയായ മഞ്ചേരി സ്വദേശി അഞ്ചുവര്‍ഷത്തിന് ശേഷം കീഴടങ്ങി

മഞ്ചേരി: കോടികളുടെ തട്ടിപ്പു നടത്തിയെന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അഞ്ചു വര്‍ഷത്തിനു ശേഷം മഞ്ചേരി പൊലീസില്‍ കീഴടങ്ങി. മഞ്ചേരി കരുവമ്പ്രം ചെട്ടിയങ്ങാടി ആലക്കാടന്‍ വട്ടപ്പറമ്പില്‍ അബ്ദുല്‍ ഹമീദ് (45) ആണ് കീഴടങ്ങിയത്. കരുവമ്പ്രം പുല്ലൂര്‍ മേച്ചേരി അബുബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (37) ആണ് പരാതിക്കാരന്‍.
വിദേശത്തുള്ള തന്റെ ബന്ധുവായ മജീദ് വഴി കിലോബാര്‍ എന്നറിയപ്പെടുന്ന സ്വര്‍ണ്ണ ബിസ്‌കറ്റ് ബിസിനസ് നടത്താമെന്നും ഇതിലൂടെ വന്‍ലാഭം കൊയ്യാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതി പരാതിക്കാരനില്‍ നിന്നും മൂന്നു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 2008 മുതല്‍ പലതവണയായി പണം കൈപ്പറ്റിയ പ്രതി തുടക്കത്തില്‍ വന്‍ലാഭം നല്‍കിയിരുന്നു. എന്നാല്‍ നിക്ഷേപം കൂടിയതോടെ ലാഭമോ മുതലോ നല്‍കാതെ പ്രതി മുങ്ങുകയായിരുന്നു. 2013ലാണ് അന്‍വര്‍ സാദത്ത് മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് പ്രതി നേരിട്ട് പൊലീസില്‍ ഹാജരായത്. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി മധുസൂദനന്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Sharing is caring!