മദ്രസാ അധ്യാപകരുടെ കൂട്ടായ്മയില്‍ സഹപ്രവര്‍ത്തകന് വീടൊരുങ്ങി

മദ്രസാ അധ്യാപകരുടെ  കൂട്ടായ്മയില്‍  സഹപ്രവര്‍ത്തകന് വീടൊരുങ്ങി

പെരിന്തല്‍മണ്ണ: മദ്രസാ അധ്യാപകരുടെ കൂട്ടായ്മയില്‍ സഹപ്രവര്‍ത്തകനും കുടുംബത്തിനും തലചായ്ക്കാന്‍ വീടൊരുങ്ങി. പൂവ്വത്താണി റെയിഞ്ച് ജംഈയത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍ റെയിഞ്ചിലെ മദ്രസാ മാനേജ്മെന്റ് അസോസിയേഷനുമായി സഹകരിച്ചാണ് സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് സുരക്ഷിതഭവനം (മുഅല്ലിം മന്‍സില്‍) നിര്‍മിച്ചുനല്‍കിയത്. ‘ഇസ്ലാം വെളിച്ചമാണ്’ എന്ന പ്രേമേയത്തില്‍ കഴിഞ്ഞവര്‍ഷം പെരിന്തല്‍മണ്ണയില്‍ നടന്ന എസ്.കെ.ജെ.എം ഈസ്റ്റ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഭവനമാണ് ഒന്‍പതുമാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ദാനം നിര്‍വഹിച്ചത്. ആലിപ്പറമ്പ് കളപ്പാട്ടുകുഴില്‍ നിര്‍മിച്ച വീടിന് 12ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്.
കഴിഞ്ഞദിവസം നടന്ന കരിങ്കല്ലത്താണി, പൂവ്വത്താണി റെയിഞ്ചുകളുടെ സംയുക്ത സമ്മേളന വേദിയില്‍ സമസ്തപ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയതങ്ങള്‍ മുഅല്ലിം മന്‍സിലിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. ചടങ്ങില്‍ സെയ്തലവിക്കോയ തങ്ങള്‍ ഒടമല അധ്യക്ഷനായി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. പി.എം. റഫീഖ് അഹ്മദ്, കെ.ടി. ഹുസൈന്‍കുട്ടി മൗലവി, എ.കെ.ആലിപ്പറമ്പ്, ഷമീര്‍ ഫൈസി ഒടമല, ഷംസാദ് സലിം നിസാമി, പി. വാപ്പുട്ടി മുസ്ലിയാര്‍, എ.ജഅഫര്‍ ഫൈസി, എം.ടി. അബ്ദുസലാം ഫൈസി, വി.പി. മുഹമ്മദ് സ്വാലിഹ് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.

Sharing is caring!