ജലീലിനെതിരെ പ്രതിഷേധം; പരുക്കേറ്റവരെ കാണാന്‍ കുഞ്ഞാലിക്കുട്ടിയെത്തി
മലപ്പുറം: മന്ത്രി ജലീലിനെതിരെ പ്രതിഷേധം നടത്തി പോലീസിന്റെ ലാത്തിവീശലില്‍ പരുക്കേറ്റ് ആശുപതിയില്‍ കഴിയുന്ന പ്രവര്‍ത്തകരെ കാണാന്‍ കുഞ്ഞാലിക്കുട്ടിയെത്തി മലപ്പുറം സഹകരണ ആശുപത്രിയിലാണ് കുഞ്ഞാലിക്കുട്ടിയെത്തിയത്. യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരിയും പ്രവര്‍ത്തകര്‍ക്കും ഊര്‍ജം പകരാന്‍ ആശുപത്രിയില്‍തന്നെയുണ്ടായിരുന്നു.
ബന്ധു നിയമന വിവാദം കത്തിനില്‍ക്കെ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മന്ത്രി കെ.ടി. ജലീലിന് നേരെ രാജിയാവശ്യപ്പെട്ടാണ് യൂത്ത്ലീഗുകാര്‍ ഇന്നലെ കരിങ്കൊടിയും പ്രതിഷേധ പരമ്പരകളും നടത്തിയത്. ജില്ലാ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞു. പൊലീസിന്റെ കനത്ത സുരക്ഷ മറികടന്നാണ് ഇരുന്നൂറോളം പ്രതിഷേധക്കാര്‍ വാഹനത്തിന് നേരെ കരിങ്കൊടിയടക്കം ഉയര്‍ത്തിയത്. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഐ.ടി.സി ഫീ റീംഇമ്പേഴ്സ്മെന്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനമായിരുന്നു ജില്ലയിലെ മന്ത്രിയുടെ ആദ്യത്തെ പരിപാടി. രാവിലെ പത്തോടെ മലപ്പുറം മേല്‍മുറി മഅ്ദിനുസ്സഖാഫത്തി സ്സുന്നിയ്യയില്‍ എത്തിയ മന്ത്രിക്ക് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാട്ടി. തുടര്‍ന്ന് ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികാഘോഷങ്ങള്‍ക്കായി കൊണ്ടോട്ടിയില്‍ എത്തിയപ്പോഴും മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. ഇത് പ്രതിരോധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി. പിന്നീട് റോഡ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
വൈകിട്ട് മൂന്നോടെ മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഇമ്പിച്ചിബാവ ഭവന നിര്‍മ്മാണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ പ്രവേശന കവാടത്തിന് മുന്നില്‍ വച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. സമരക്കാരെ പരിസരത്ത് നിന്ന് പൂര്‍ണ്ണമായും ഒഴിപ്പിച്ച പൊലീസ് പരിപാടി നടക്കുന്ന ബസ് സ്റ്റാന്റിലേക്ക് വാഹനങ്ങളെ കടത്തിവിട്ടില്ല. ഇതിനിടെ ഭവന നിര്‍മ്മാണ ഫണ്ട് വിതരണത്തിനായി സദസ്സിലേക്ക് ഇറങ്ങിയ മന്ത്രിയുടെ സമീപത്തെത്തി മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. സദസില്‍ നേരത്തെ തന്നെ സ്ഥാനം പിടിച്ച ഇവരുടെ അപ്രതീക്ഷിത നീക്കത്തില്‍ മന്ത്രിയും പൊലീസും പകച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സമ്മേളന ഹാളിലും കവാടത്തിലും പ്രതിഷേധക്കാര്‍ക്ക് കടക്കാനാവാത്ത വിധം സുരക്ഷയൊരുക്കി. യൂത്ത് ലീഗിന്റെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷനാവേണ്ട പി. ഉബൈദുള്ള എം.എല്‍.എയും മുഖ്യാതിഥിയായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും പങ്കെടുത്തില്ല. രണ്ട് പൊലീസ് ബസുകളുടെ അകമ്പടിയോടെ കനത്ത സുരക്ഷയിലാണ് മന്ത്രി തിരിച്ചുപോയത്.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]