മലപ്പുറത്തെ പെണ്‍പുലികള്‍, 100വീട്ടമ്മമാരാണ് തയ്ക്വാന്‍ഡോ അഭ്യസിച്ചത്

മലപ്പുറത്തെ പെണ്‍പുലികള്‍,   100വീട്ടമ്മമാരാണ്  തയ്ക്വാന്‍ഡോ അഭ്യസിച്ചത്

മലപ്പുറം: മലപ്പുറത്തെ പെണ്‍പുലികള്‍ പുല്‍പറ്റയിലുണ്ട്, പുല്‍പ്പറ്റയിലെ സ്ത്രീകള്‍ക്കറിയാം സ്വയംപ്രതിരോധത്തിന്റെ കിക്ക്. കള്ളന്‍മാരെയും പൂവാലന്‍മാരെയും മാലപിടിച്ചുപറിക്കാരെയും കടന്നാക്രമിക്കാനെത്തുന്നവരെയും തൊഴിച്ചെറിയാനുള്ള ആയോധന പരിശീലനം നേടിയവരാണിന്ന് പുല്‍പ്പറ്റ പഞ്ചായത്തിലെ സ്ത്രീകള്‍.

59കാരിയായ ജാനകിമുതല്‍ ചെറുപ്പക്കാരികളായ ദിവ്യയും അനിതയുമൊക്കെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍. പഞ്ചായത്ത് സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളായ 100 വീട്ടമ്മമാരാണ് തയ്ക്വാന്‍ഡോ അഭ്യസിച്ചത്. പഞ്ചായത്ത് അംഗങ്ങളായ പി സത്യവതിയും എം ഖദീജയും തയ്ക്വാന്‍ഡോ പരിശീലിച്ചു. കുടുംബശ്രീയുടെ സഹകരണത്തോടെ ഒഴിവുദിവസങ്ങളിലായിരുന്നു പരിശീലനം. താഴേക്കോട്ടെ പി ടി മൊയ്തീന്‍കുട്ടിയാണ് ഗുരു. പൂക്കൊളത്തൂര്‍ സിഎച്ച്എം ഹൈസ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു പരിശീലനം.

സ്‌കൂളിലെ 100 പെണ്‍കുട്ടികളും ഇവരോടൊപ്പം ചേര്‍ന്നു. പരിശീലനത്തില്‍ സ്ഥിരമായി പങ്കെടുത്തതോടെ മനോധൈര്യംകൂടിയെന്ന് മുഴുവന്‍പേരും ഒരേസ്വരത്തില്‍ പറഞ്ഞു. ശാരീരികമായി ആക്രമിക്കുന്നവരെയും കടന്നുപിടിക്കാന്‍ ശ്രമിക്കുന്നവരെയും ബസിലെ പൂവാലന്‍മാരെയുമുള്‍പ്പെടെ എങ്ങനെ കൈകാര്യംചെയ്യാം, മാലതട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നവരെ എങ്ങനെ ചെറുക്കാം എന്നൊക്കെ ഇവര്‍ക്ക് ഇപ്പോള്‍ നന്നായറിയാം.

തയ്ക്വാന്‍ഡോ പരിശീലനത്തില്‍ പങ്കെടുക്കുന്നവരെ ഉള്‍പ്പെടുത്തി പെണ്‍പുലികള്‍ എന്നൊരു വാട്സാപ് കൂട്ടായ്മയും പ്രവര്‍ത്തിക്കുന്നുണ്ട്. ഐസിഡിഎസ് സൂപ്പര്‍വൈസറും പദ്ധതിയുടെ നടത്തിപ്പുകാരിയുമായ ഷാജിത അറ്റാശേരിയുടെ നേതൃത്വത്തിലാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനം. പുല്‍പ്പറ്റ പഞ്ചായത്തിനെ തയ്ക്വാന്‍ഡോ ഗ്രാമമാക്കുകയാണ് ലക്ഷ്യം. പരിശീലനം പൂര്‍ത്തിയാക്കിയ 28 പേര്‍ക്കും യെല്ലോ ബെല്‍റ്റ് ലഭിച്ചിട്ടുണ്ട്.
പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് നല്‍കിയ സ്വീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സൈനബ അധ്യക്ഷയായി. അബ്ദുറഹിമാന്‍, വാരിജാക്ഷന്‍, പ്രധാനാധ്യാപിക മീര, സക്കീന, എസിഡിഎസ് സൂപ്പര്‍വൈസര്‍ ഷാജിത എന്നിവര്‍ സംസാരിച്ചു.

Sharing is caring!