മുനവ്വറലി തങ്ങളുടെ ‘പ്രിയപ്പെട്ട ബാപ്പ’ പ്രകാശനം നാളെ

മുനവ്വറലി തങ്ങളുടെ  ‘പ്രിയപ്പെട്ട ബാപ്പ’  പ്രകാശനം നാളെ

മലപ്പുറം: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വന്ദ്യ പിതാവ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് എഴുതിയ ‘പ്രിയപ്പെട്ട ബാപ്പ ‘ പുസ്തകത്തിന്റെ പ്രകാശനംനാളെ വൈകീട്ട് എട്ട് മണിക്ക് ഷാര്‍ജ ബുക് ഫെയറില്‍ നടക്കും. ഇന്റലക്ചല്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി, അലിയ്യുല്‍ ഹാശിമി എന്നിവര്‍ പങ്കെടുക്കും.

സാമൂഹ്യ പ്രവര്‍ത്തകന്‍, രചയിതാവ്, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് മുനവ്വറലി തങ്ങള്‍.
1977 മെയ് 18ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ രണ്ടാമത്തെ മകനായി ജനിച്ച ഇദ്ദേഹം യെമനിലെ ഹദ്‌റമൌത്തില്‍ നിന്ന് മലബാറിലേക്ക് കുടിയേറിയ അറബ് വംശജരുടെ കുടുംബമായ, തങ്ങള്‍ കുടുംബത്തിലെ പ്രധാന കണ്ണിയാണ്.

കേരളത്തില്‍ നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ മുനവ്വറലി തങ്ങള്‍ തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്നാണ് പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഉപരിപഠനത്തിനായി മലേഷ്യയിലേക്ക് തിരിച്ചു. വിശ്വപ്രസിദ്ധ ഇസ്‌ലാമിക സര്‍വകലാശാലയായ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഓഫ് മലേഷ്യയില്‍ നിന്ന് ഇസ്‌ലാമിക് റിവീല്‍ഡ് നോളജ് ആന്റ് ഹ്യൂമന്‍ സയന്‍സസില്‍ പഠനം പൂര്‍ത്തിയാക്കി.

മലേഷ്യയിലെ പഠനകാലത്തു തന്നെ ഉമ്മാറ്റിക് നെറ്റ്‌വര്‍ക്ക് ഫോര്‍ സ്ട്രാറ്റജിക് ഡെവലപ്‌മെന്റ് എന്ന അന്തര്‍ദേശീയ മുസ്‌ലിം കൂട്ടായ്മയുടെ അധ്യക്ഷനായിരുന്ന മുനവ്വറലി തങ്ങള്‍ കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടനവധി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യ അധ്യക്ഷന്‍, സൈന്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്റ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍, അന്നഹ്ദ അറബിക് മാഗസിന്‍ മാനേജിങ് ഡയറക്ടര്‍, അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹ് സെന്റര്‍ പ്രസിഡന്റ്, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി നാഷനല്‍ പ്രൊജക്ട് ചെയര്‍മാന്‍, എം.ഇ.എ എഞ്ചിനീയറിങ് കോളജ് ട്രഷറര്‍, വളാഞ്ചേരി മര്‍കസുത്തര്‍ബിയത്തില്‍ ഇസ്‌ലാമിയ്യ വൈസ് പ്രസിഡന്റ്, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അക്കാദമിക് സെനറ്റ് അംഗം തുടങ്ങി നിവരധി പദവികള്‍ അദ്ദേഹം വഹിക്കുന്നുണ്ട്. .

ഓസ്ട്രിയ, ബഹ്‌റൈന്‍, ബെല്‍ജിയം, ഡെന്മാര്‍ക്ക്, ഈജിപ്ത്, ഫ്രാന്‍സ്, ജര്‍മനി, ഹോളണ്ട്, ഇന്തോനേഷ്യ, ഇറ്റലി, ലിബിയ, മ്യാന്മര്‍, മലേഷ്യ, മൊറോക്കോ, ഒമാന്‍, പലസ്തീന്‍, ഖത്തര്‍, സൌദി അറേബ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, സ്‌പെയിന്‍, ശ്രീലങ്ക, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ്, തുര്‍ക്കി, യു.എ.ഇ, ഇംഗ്ലണ്ട്, അമേരിക്ക ഉള്‍പ്പെടെ ഒട്ടനവധി രാഷ്ട്രങ്ങളില്‍ മുനവ്വറലി തങ്ങള്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

Sharing is caring!