ജലീല്‍ സ്വയം രാജിക്കു തയ്യാറാവുന്നില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണം. വി.വി. പ്രകാശ്

ജലീല്‍ സ്വയം രാജിക്കു തയ്യാറാവുന്നില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണം.  വി.വി. പ്രകാശ്

മലപ്പുറം: യോഗ്യത മാനദണ്ഡം ഇളവ് ചെയ്തു ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ച മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കണമെന്ന് ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്. മന്ത്രി സ്വയം രാജിക്കു തയ്യാറാവുന്നില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണം. യോഗ്യത ഇളവു ചെയ്താണ് ബന്ധുവിനു നിയമനം നല്‍കിയതെന്ന് മന്ത്രി അംഗീകരിച്ചിരിക്കുന്നു. കുറ്റസമ്മതം നടത്തിയ മന്ത്രി ഒരു നിമിഷം പോലും ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല. വെറും ആരോപണം മാത്രമല്ല മന്ത്രിക്കെതിരേ ഉയര്‍ന്നിരിക്കുന്നത്. യോഗ്യത മാനദണ്ഡം പലതും ബന്ധുവിന് വേണ്ടി ഇളവ് ചെയ്‌തെന്ന് മന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്. നേരത്തെ എംബിഎ യോഗ്യത വേണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നത് പിന്നീട് ബിടെക് ആയി മാറ്റി നിശ്ചയിച്ചത് മന്ത്രിയുടെ ബന്ധുവിന് നിയമനം നല്‍കാന്‍ വേണ്ടിയാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ ഓഫീസറായ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ ജോലിയിലേക്ക് എങ്ങിനെയാണ് ഡപ്യൂട്ടേഷന്‍ നല്‍കുക. സര്‍ക്കാര്‍ വകുപ്പുകളിലോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏജന്‍സികളിലോ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നല്‍കാന്‍ പാടുള്ളൂ. അഭിമുഖത്തിന് ഹാജരാകാത്തയാളെ അങ്ങോട്ട് വിളിച്ചു ജോലി നല്‍കിയിരിക്കുന്ന അസാധാരണ സംഭവമാണ് ഇവിടെ നടന്നിരിക്കുന്നത്. സിപിഎമ്മിന്റെയും ഇടതുമുന്നണിയുടേയും ഇക്കാര്യത്തിലുള്ള നിലപാട് പൊതുജനത്തിന് മുന്നില്‍ വ്യക്തമാക്കേണ്ടതുണ്ട്. കെ.ടി. ജലീല്‍ മന്ത്രി സ്ഥാനം രാജിവച്ചു പുറത്ത് പോയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസും യുഡിഎഫും നേതൃത്വം നല്‍കുമെന്നും വി.വി. പ്രകാശ് പറഞ്ഞു.

Sharing is caring!