കേരളത്തിനായി പന്തുതട്ടുന്നത് മലപ്പുറത്തെ കുട്ടികള്‍

മലപ്പുറം: ദേശീയ സുബ്രതോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പങ്കെടുക്കുന്ന ചേലേമ്പ്ര നാരായണന്‍ നായര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫുട്‌ബോള്‍ ടീം ഞായറാഴ്ച ഡല്‍ഹിയിലേക്ക് പുറപ്പെടും.
കേരളത്തിന് 13 വര്‍ഷത്തിനുശേഷം സന്തോഷ് ട്രോഫി നേടിക്കൊടുത്ത പരിശീലകന്‍ സതീവന്‍ ബാല?ന്റെ നേതൃത്വത്തില്‍ നടത്തിയ അവസാനവട്ട പരിശീലനങ്ങളുടെ ആത്മവിശ്വാസത്തിലാണ് കുട്ടികള്‍. കോച്ച് മന്‍സൂര്‍ അലി, മാനേജര്‍ മുഹമ്മദ് ഇസ്മായില്‍, സ്‌കൂളിലെ അധ്യാപകരായ ഫസലുല്‍ ഹഖ്, പി മുഹമ്മദ്, ഇ പി ബൈജീവ് എന്നിവര്‍ അനുഗമിക്കും. ബാവു നിഷാദാണ് ക്യാപ്റ്റന്‍. എട്ടുമുതല്‍ 20 വരെയാണ് മത്സരങ്ങള്‍.

ടീമിന്റെ അവസാനഘട്ട ഒരുക്കങ്ങളുടെ ചുമതലയേറ്റ സതീവന്‍ ബാലന്‍ ഏഴുദിവസം കലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. ടീമിന്റെ മുഖ്യ പരിശീലകനായ മന്‍സൂര്‍ അലിയുടെയും അസിസ്റ്റന്റായ ശെവല്‍വരാജിന്റെയും പ്രയത്‌നത്തില്‍ ടീം പാലക്കാട് നടന്ന സംസ്ഥാന സുബ്രതോ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരെ പരാജയപ്പെടുത്തിയാണ് ചാമ്പ്യന്‍മാരായത്.

2014ല്‍ ചേലേമ്പ്ര ഫുട്‌ബോള്‍ ഹോസ്റ്റല്‍ തുടങ്ങിയതാണ് എന്‍എന്‍എംഎച്ച്എസ്എസിന്റെ നേട്ടങ്ങള്‍ക്ക് വഴിത്തിരിവായത്. ആ വര്‍ഷംതന്നെ അണ്ടര്‍ 14 വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ സുബ്രതോ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചിരുന്നു. ഈ വര്‍ഷം സ്‌കൂളില്‍ വനിതാ ഫുട്‌ബോള്‍ ടീം ആരംഭിച്ചു. ജില്ലാ ചാമ്പ്യന്‍ഷിപ്പും നേടി.

2016ല്‍ റൂറല്‍ ഗെയിംസില്‍ ദേശീയ ചാമ്പ്യന്‍മാരായതോടെ ദേശീയതലത്തിലും സ്‌കൂള്‍ ശ്രദ്ധാകേന്ദ്രമായി. അണ്ടര്‍ 16 സാഫ് ഗെയിംസില്‍ ഇന്ത്യക്കായി ബൂട്ടണിയുന്ന ഏക മലയാളി ശഹബാസ് അഹമ്മദ് സ്‌കൂളിന്റെ അഭിമാനതാരമാണ്. കേരളത്തിന് സന്തോഷ് ട്രോഫി നേടിത്തന്ന ടീമിലെ അനുരാഗ് ഇവിടത്തെ വിദ്യാര്‍ഥിയായിരുന്നു.

നല്ല ഫുട്‌ബോള്‍മാത്രമാണ് എന്‍എന്‍എമ്മിന്റെ സ്വപ്നമെന്ന് മാനേജ്‌മെന്റ് പറയുന്നു. ഫുട്‌ബോളില്‍ താല്‍പ്പര്യമുള്ള, എന്നാല്‍ സാമ്പത്തികമായി പിന്നിലുള്ളവരെ സഹായിക്കുക എന്ന ചിന്തയിലാണ് 2014ല്‍ സ്‌കൂളില്‍ ഫുട്‌ബോള്‍ ടീം തുടങ്ങിയത്. കുട്ടികള്‍ക്കായി താമസത്തിനും ഭക്ഷണത്തിനുംവേണ്ട എല്ലാ സൗകര്യങ്ങളും മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌കൂളിലെ ജീവനക്കാരുടെയും പിടിഎയുടെയും പൂര്‍ണ സഹകരണവും നാട്ടുകാരുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും പിന്തുണയോടെയുമാണ് ഈ ഉദ്യമം വിജയത്തിലെത്തിക്കാനായത്. ഫുട്‌ബോള്‍ ഹോസ്റ്റലില്‍ ഇപ്പോള്‍ 120 കുട്ടികളുണ്ട്. സൗജന്യ താമസവും ഭക്ഷണവും പരിശീലനവും തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു.
ഫുട്‌ബോള്‍കൂടാതെ ബാസ്‌കറ്റ് ബോളിലും എന്‍എന്‍എം ടീം ശക്തമാണ്. ഇത്തവണ ജില്ലമത്സരംവരെ എത്തി. ക്രിക്കറ്റ് പരിശീലനവും തുടങ്ങാനൊരുങ്ങുകയാണ്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *