ബന്ധുനിയമനം: ജലീലിന്റെ നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഗവര്‍ണറെ സമീപിക്കും

മലപ്പുറം: പിതൃസഹോദര പുത്രനെ യോഗ്യതയില്‍ ഇളവ് നല്കി മൈനോറിറ്റി ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചെന്ന ആരോപണത്തില്‍ മന്ത്രി ജലീലിന്റെ വിശദീകരണം കുറ്റസമ്മതത്തിന് സമാനമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രി തന്നെ കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ ഇദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഗവര്‍ണറെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്തുത തസ്തികയില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ തല്‍ക്കാലത്തേക്കെങ്കിലും ഡപ്യൂട്ടേഷനില്‍ വരണമെന്ന് അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് തന്റെ ബന്ധുവായ അദീപ് ജോലിയില്‍ പ്രവേശിച്ചതെന്നാണ് മന്ത്രി പറഞ്ഞത്. യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തിലുള്ളപ്പോഴാണ് യോഗ്യതയുള്ള ഒരാളെപ്പോലും കിട്ടാത്തത് കൊണ്ടാണ് ബന്ധുവിനെ നിയമിച്ചതെന്ന മന്ത്രിയുടെ വാദം ബാലിശവും പരിഹാസ്യവുമാണെന്ന് ഫിറോസ് പറഞ്ഞു.
2016 സെപ്തംബര്‍ 17ന് പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്കി അപേക്ഷ ക്ഷണിച്ചുവെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. ഏതൊക്കെ പത്രങ്ങളിലാണ് പരസ്യം നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കണം. ഒക്ടോബര്‍ 26ന് നടന്ന ഇന്റര്‍വ്യൂവില്‍ മന്ത്രി ബന്ധു പങ്കെടുക്കാതിരുന്നത് ഇ.പി ജയരാജന്റെ ബന്ധു നിയമനം വിവാദമായ സാഹചര്യമായത് കൊണ്ടാണ്. ഒക്ടോബര്‍ 14ന് ആണ് ഇ.പി. ജയരാജന് രാജിവെച്ചത്. ഇപ്പോള്‍ നിയമിക്കപ്പെട്ട സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് വരാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണ് ബന്ധു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാത്തതെന്ന വാദവും പച്ചനുണയാണ്. താത്പര്യമില്ലാത്ത ആള് എന്തിന് അപേക്ഷ സമര്‍പ്പിച്ചു എന്നതിന് മന്ത്രി മറുപടി പറയണം.
ഇന്റര്‍വ്യൂവിന് ഹാജരായ മൂന്ന് പേര്‍ക്കും യോഗ്യതയില്ലായെന്ന വാദവും വാസ്തവ വിരുദ്ധമാണ്. യോഗ്യതയില്ലാത്തവരെ ഇന്റര്‍വ്യൂവിന് എന്തിന് ക്ഷണിച്ചു എന്നതിനും മന്ത്രി മറുപടി പറയണം. ബന്ധുവിനോട് പ്രത്യേകം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അദ്ദേഹം അപേക്ഷ നല്‍കിയെന്നാണ് മന്ത്രി പറയുന്നത്. ഒരു ഇന്റര്‍വ്യൂ നടത്തി യോഗ്യരായ ആളെ കിട്ടിയില്ലെങ്കില്‍ റീനോട്ടിഫൈ ചെയ്ത് വീണ്ടും അപേക്ഷ ക്ഷണിക്കുന്നതിന് പകരം മന്ത്രി ബന്ധുവിന് മാത്രം അപേക്ഷ നല്കാന് ഏത് നിയമമാണ് കേരളത്തില്‍ അനുവദിക്കുന്നത്. 1958ലെ റൂള്‍ 9ബി പ്രകാരം ഏതൊരാളെയും ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്നാണ് മന്ത്രി പറഞ്ഞത്. റൂള്‍ 9ബി പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ സ്റ്റാറ്റിയൂറ്ററി ബോഡികളില്‍ നിന്നോ മാത്രമേ നിയമനം നടത്താവൂ എന്ന് പ്രത്യേകം പറയുന്നുണ്ട്. അത് കൊണ്ട് മന്ത്രിയുടെ ഈ വാദവും തെറ്റാണെന്ന് തെളിഞ്ഞിരിക്കയാണ്.
അഴിമതിയും സ്വജനപക്ഷപാതവും നടത്തിയത് വ്യക്തമായ സാഹചര്യത്തില്‍ കെ.ടി ജലീലിനെ പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തും. നാളെ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും. തിങ്കളാഴ്ച കോഴിക്കോട്ടെ മൈനോറിറ്റി ഫിനാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷിനേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്; മലപ്പുറത്ത് 18 പേർ ചികിൽസയിൽ
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് [...]