ഈ മലപ്പുറത്തുകാരന്‍ ജോലിക്കെത്തുന്നത് ദിവസവും 50കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടി

ഈ മലപ്പുറത്തുകാരന്‍ ജോലിക്കെത്തുന്നത് ദിവസവും 50കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടി

മലപ്പുറം: ചില മനുഷ്യര്‍ ഇങ്ങനെയാണ്. സാധാരണനിലയില്‍ ആരും ചെയ്യാന്‍ മടിക്കുന്ന വിചിത്രമായ കാര്യങ്ങള്‍ അവര്‍ ശീലമാക്കും. സമര്‍പ്പണത്തെയും പ്രതിബദ്ധതയെയും സാഹസികതകൊണ്ടലങ്കരിച്ച് അവര്‍ ആഘോഷമാക്കുന്ന ശീലങ്ങള്‍ പലപ്പോഴും മറ്റുള്ളവര്‍ക്കൊരു സന്ദേശമാകും. പാണ്ടിക്കാട് വള്ളുവങ്ങാട് വടക്കാങ്ങര വി ഹുസൈന്‍ അത്തരത്തിലുള്ള ഒരാളാണ്. ദിവസവും അമ്പത് കിലോ മീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് ജോലിക്കെത്തുന്ന ഈ മനുഷ്യനില്‍നിന്ന് നമുക്ക് പഠിക്കാന്‍ ഏറെയുണ്ട്.
സിവില്‍ സ്‌റ്റേഷനിലെ ഹയര്‍ സെക്കന്‍ഡറി ഓഫീസില്‍ ഹുസൈന്‍ സൈക്കിളില്‍ ജോലിക്കെത്താന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടാകുന്നു. 25 കിലോ മീറ്റര്‍ അകലെ പാണ്ടിക്കാടാണ് വീട്. ഓഫീസിലേക്കും തിരിച്ചുമായി അമ്പത് കിലോമറ്റര്‍ നിരവധി കയറ്റവും ഇറക്കവും താണ്ടിയാണ് സവാരി. ഗിയറുള്ള ജാവ മോക്ക സൈക്കിളാണ് ഉപയോഗിക്കുന്നത്.
നാള്‍ക്കുനാള്‍ ഇന്ധനവില കുതിച്ചുയരുന്ന രാജ്യത്ത് സൈക്കിള്‍ സവാരി ശീലമാക്കുന്നതിന്റെ പ്രാധാന്യം ഹുസൈന്‍ പറഞ്ഞുതരും. ദിവസവും സൈക്കിള്‍ ചവിട്ടുന്നതിനേക്കാള്‍ മികച്ച വ്യായാമമില്ലെന്ന പാഠത്തിന് ഉദാഹരണമാണ് ആ ശരീരം. അമിതവണ്ണമോ കുടവയറോ തുടങ്ങി ശരാശരി മലയാളി മധ്യവയസ്‌കരുടെ ദുര്‍മേദസ്സുകളൊന്നും അതിലില്ല. മുപ്പത്തിയെട്ടാം വയസില്‍ 46 കിലോ മാത്രമാണ് തൂക്കം. ഫിറ്റായ ശരീരം. രോഗങ്ങളും കുറവ്. ചെറിയ ദൂരങ്ങള്‍ക്ക് സൈക്കിള്‍ ശീലമാക്കിയാല്‍ മോട്ടോര്‍ വാഹനങ്ങളുടെ പുകമൂലമുള്ള അന്തരീക്ഷ മലിനീകരണവും ഒഴിവാക്കാമെന്ന് ഹുസൈന്‍ പറയുന്നു. ചെറുപ്പംമുതല്‍ സൈക്കിള്‍ സവാരി ശീലിച്ചിരുന്നു. ആദ്യമൊക്ക ക്ഷീണംതോന്നുമെങ്കിലും പതിവായാല്‍ പിന്നെ പ്രയാസമുണ്ടാകില്ലെന്നാണ് ഹുസൈന്റെ അനുഭവം. ഒമ്പതുവര്‍ഷം മുമ്പാണ് ജോലി ലഭിച്ചത്. ആദ്യം പിഎസ്‌സി ഓഫീസിലായിരുന്നു. കാറും ബൈക്കും ഉണ്ടെങ്കിലും ഇന്ധനവില കൂടിയതോടെ സൈക്കിള്‍ മാത്രമായി ഉപയോഗം. ഒരിക്കല്‍ എറണാകുളത്ത് ഏജീസ് ഓഫീസിലേക്ക് ഫയലുമായി പോയതും സൈക്കിളില്‍. പുലര്‍ച്ചെ നാലിന് പോയി തിരികെ എത്തിയത് രാത്രി രണ്ടിന്. മലപ്പുറത്തെ മൗണ്ട് സിറ്റി ബൈക്കേഴ്‌സ് എന്ന സൈക്കിള്‍ ക്ലബ്ബാണ് പ്രചോദനമെന്ന് ഹുസൈന്‍ പറഞ്ഞു. സംസ്ഥാന മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: തസ്‌ലീന. മക്കള്‍: അസിന്‍, ആസിഫ്.

Sharing is caring!