മലപ്പുറം ജില്ലയിലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറയില്‍ സുരക്ഷാ ഭിത്തിയുടെ പുന:നിര്‍മാണം തുടങ്ങി
മലപ്പുറം: ജില്ലയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിലെ സുരക്ഷാ ഭിത്തിയുടെ പുന:നിര്‍മാണം ആരംഭിച്ചു. സുരക്ഷാ ഭിത്തിയില്‍ ഇനി റിഫല്ക്റ്റര് ഘടിപ്പിച്ചാണ് നിര്‍മാണം. കോണ്‍ക്രീറ്റ് ആവരണത്തിന് മുകളിലാണ് റിഫല്ക്റ്ററുകള് ഘടിപ്പിക്കുന്നത്. അതോടൊപ്പംതന്നെ മുമ്പ് അപകടങ്ങളുണ്ടായ ഭാഗങ്ങളില്‍ പുതുതായി ഇരുപതോളം മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും.
ഒരു മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ട കേന്ദ്രങ്ങള്‍ പോലീസ്, മോട്ടോര്‍വാഹന വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്ന് ദേശീയപാത പൊതുമരാമത്ത് വിഭാഗം അസി. എന്‍ജിനീയര്‍ ഗോപന് മുക്കുളത്ത് പറഞ്ഞു. മണ്ണൊലിപ്പ് തടയാന്‍ പ്രധാന വളവിനോടനുബന്ധിച്ച് റോഡിന്റെ ഇരുവശത്തും കോണ്‍ക്രീറ്റും ചെയ്യുന്നുമുണ്ട്. റോഡ് സുരക്ഷാ അതോറിറ്റി 25 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്.
അതേ സമയം അപകടം കുറക്കാനുള്ള പദ്ധതി നടപ്പാക്കാതെയാണ് സുരക്ഷയുടെ പേരില്‍ ലക്ഷങ്ങള്‍ ചെലവിട്ട് മതില് പുന:നിര്‍മിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പ്രധാന വളവിലുള്ള കരിങ്കല്‍ഭിത്തിയാണ് പുതുക്കിപ്പണിയുന്നത്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന് കരിങ്കല്‍ ഭിത്തിക്ക് കോണ്‍ക്രീറ്റ് ആവരണം കൂടിയുണ്ട്.
പാചക വാതക ടാങ്കറുകളുള്പ്പടെ അപകടത്തില്‍ പെടുന്നത് പതിവായിരിക്കെയാണ് മതില് പുന:നിര്‍മിച്ച് അധികൃതര്‍ തടിയൂരുന്നതെന്നാണ് ആക്ഷേപം. വാഹനം ഇടിക്കുന്നതോടെ മതില് തകരുന്നതും വാഹനവും കരിങ്കല്ലകളും കൂടി 30 അടി താഴ്ചയിലേക്ക് മറിയുന്നതും ഇവിടെ പതിവാണ്. ഇത് തടയുന്നതിനാണ് ഇത്തവണ അതി സുരക്ഷാ ഭിത്തി നിര്‍മിക്കുന്നത്. കരിങ്കല്‍ഭിത്തിക്ക് കോണ്‍ക്രീറ്റ് ആവരണം കൂടി നല്‍കിയാണ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുള്ളത്. ഇനി വാഹനം ഇടിച്ചാലും പെട്ടെന്ന് മതില് തകരില്ല. ഇതിലൂടെ വാഹനം താഴ്ചയിലേക്ക് മറിയുന്നത് ഒഴിവാക്കാനാവുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍.
സ്ഥലം ഏറ്റെടുത്ത് വളവ് ഹെയര്‍പിന്‍ മാതൃകയിലാക്കണമെന്ന് നിര്‍ദേശിച്ച് നാറ്റ്പാക് സമര്‍പ്പിച്ച പദ്ധതി ദേശീയപാത അതോറിറ്റിയുടെ ഫയലിലൊതുങ്ങവെയാണ് വന്‍തുക ചെലവിട്ടുള്ള പുതിയ പ്രവൃത്തി. വര്‍ഷവും നാറ്റ് പാക് ഇത് ഓര്‍മപ്പെടുത്തുന്നുണ്ടെങ്കിലും ദേശീയപാത അധികൃതര്‍ക്ക് മാത്രം കുലുക്കമില്ല. 21 കോടി രൂപയുടെ പദ്ധതിയാണ് സമര്‍പ്പിച്ചിട്ടുള്ളത്.
പുത്തനത്താണി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പ്രധാന വളവില്‍ നിയന്ത്രണം വിട്ട് മറിയുന്നതാണ് വട്ടപ്പാറയുടെ ശാപം. ഇത് പരിഹരിക്കുന്നതിന് അധികൃതര്‍ നേരത്തെ പലവിധ ശ്രമങ്ങളും നടത്തിയിരുന്നു. ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോവുന്നതാണ് അപകടത്തിന് കാരണമാവുന്നതെന്ന സംശയത്തില്‍ തുടര്‍ച്ചയായി ഹമ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇവ ഇപ്പോഴുമുണ്ട്. എന്നിട്ടും അപകടങ്ങള്‍ ഒഴിഞ്ഞിട്ടില്ല. വ്യാപകമായി സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. മേഖലയില്‍ രാത്രി കട്ടന്‍ചായ വിതരണവും ഇടക്കാലത്ത് സംഘടിപ്പിക്കപ്പെട്ടു. വളവ് കയറി വരുന്ന വാഹനങ്ങള്‍ എതിരെ വരുന്നവര്‍ക്ക് കാണാനായി കോണ്‍കേവ് മിററും സ്ഥാപിച്ചു. ഇതു പിന്നീട് വാഹനം ഇടിച്ച് തകര്‍ന്നു. ഇവയെല്ലാം പരാജയപ്പെട്ടതോടെയായിരുന്നു നാറ്റ്പാക് സംഘം ഹെയര്‍പിന്‍ മാതൃകയില്‍ വളവ് പരിഷ്ക്കരിക്കണമെന്ന നിര്‍ദേശം സമര്‍പ്പിച്ചത്.
ദേശീയപാത വികസനത്തില്‍ വളവ് ഒഴിവാക്കിയുള്ള ബൈപ്പാസ് വരുന്നതിലാണ് റോഡിന്റെ ഘടന മാറ്റുന്നതിനുള്ള തുക ചെലവിടാത്തതെന്നാണ് ദേശീയപാത അധികൃതര്‍ പറയുന്നത്. ദേശീയപാതയുടെ പുതിയ അലൈന്മെന്റില് വട്ടപ്പാറ ഉള്‍പ്പെടുന്നില്ല. പകരം വട്ടപ്പാറ ആശുപത്രി പരിസരത്ത് നിന്ന് തുടങ്ങി ഓണിയംപാലത്ത് എത്തുന്ന വിധത്തില്‍ പുതിയ നാലര കിലോമീറ്റര്‍ റോഡുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് വട്ടപ്പാറക്കായി പുതിയ ഫണ്ട് അനുവദിക്കാതിരിക്കുന്നത്. അതേ സമയം ലക്ഷങ്ങള്‍ ചെലവിട്ടുള്ള തട്ടിക്കൂട്ട് സുരക്ഷാ നടപടികള്‍ മുറക്ക് തുടരുകയും ചെയ്യുന്നു. കഴിഞ്ഞ സെപ്റ്റംബറിലും പാചകവാതക ടാങ്കര്‍ ചോര്‍ന്നിരുന്നു. അന്നു സുരക്ഷാ ഭിത്തി ഏറെക്കുറെ തകര്‍ന്നു. അതോടെയാണ് അതി സുരക്ഷാ മതിലിന് പദ്ധതി തയാറാക്കിയത്.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]