തിരൂരില്‍ പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്തതായി ആരോപിച്ച് മാനസിക വൈകല്യമുള്ള യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചു

തിരൂരില്‍ പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്തതായി ആരോപിച്ച് മാനസിക വൈകല്യമുള്ള യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചു

 

തിരൂര്‍: തിരൂരില്‍ പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്തതായി ആരോപിച്ച് മാനസിക വൈകല്യമുള്ള യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചു. എഴുപത്തിനാല് ശതമാനം മാനസിക വൈകല്യമുള്ള യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായാണ് പരാതി. മര്‍ദ്ദനമേറ്റ് ഒരാഴ്ച കഴിഞ്ഞിട്ടും മര്‍ദ്ദനമേറ്റ അടയാളങ്ങളോടെ യുവാവ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. വെട്ടം പടിയത്തെ പള്ളിപറമ്പില്‍ മജീദിന്റെ മകന്‍ ജാബിറി(30)നാണ് തിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും മര്‍ദ്ദനമേറ്റത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. എന്നാല്‍ ഇക്കാര്യം ഒതുക്കി തീര്‍ക്കാന്‍ ശ്രമമുണ്ടായെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സമീപ വീട്ടിലെ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ജാബിര്‍ തന്റെ മൊബൈലില്‍ പകര്‍ത്തിയെന്നാരോപിച്ച് പെണ്‍കുട്ടിയുടെ ഒരു ബന്ധു ജാബിറിനെ മര്‍ദ്ദിച്ചിരുന്നു. ജാബിറിന് മൊബൈല്‍ ഫോണുണ്ടെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ പോലും അറിയില്ലെന്നാണ് ജാബിറിന്റെ മാതാവ് പറഞ്ഞത്.
അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ അന്നു രാത്രിയില്‍ സ്വകാര്യ വാഹനത്തില്‍ മഫ്ത്തിയില്‍ വന്ന മൂന്നു പോലീസുകാര്‍ ജാബിറിനെ തിരൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
സ്‌റ്റേഷനിലുണ്ടായിരുന്ന എസ്.ഐ.യോട് പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്തവനെ കൊണ്ടുവന്നിട്ടുണ്ടെന്ന് പോലീസുകാര്‍ പറഞ്ഞയുടനെ എസ്.ഐ. ബൂട്‌സി ട്ട കാലുകൊണ്ട് തന്നെ ചവിട്ടിയെന്നും പിന്നീട് നിലത്ത് കാല്‍ നീട്ടി ഇരുത്തി കാല്‍ വെള്ളയിലും അതിനു ശേഷം കൈവെള്ളയിലും ചൂരല്‍പ്രയോഗം നടത്തിയെന്നും ജാബിര്‍ പറയുന്നു.

പിറ്റേ ദിവസം ജാബിറിനെ കാണാന്‍ മാതാവ് പോലീസ് സ്‌റ്റേഷനിലെത്തി മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ചിത്രം കാണാന്‍ കഴിയാത്തതിനാല്‍ നിരപരാധിയാണെന്നു കണ്ട് ഭാര്യയോടൊപ്പം വിട്ടയച്ചുവെന്നാണ് പോലീസ് പറഞ്ഞത്. മാനസിക വൈകല്യമുള്ള ആളാണെന്നറിഞ്ഞിട്ടും മര്‍ദ്ദിച്ച പോലീസ് ജാബിറിനെ ഇറക്കിവിടുകയായിരുന്നു. വീട്ടിലേക്ക് മടങ്ങും വഴി ജാബിര്‍ തളര്‍ന്നുവീണ വിവരമാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് ജാബിറിനെ നാട്ടുകാര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജ് പോലീസ് ജാബിറിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ജാബിറിന്റെ പിതാവിനും രണ്ട് സഹോദരങ്ങള്‍ക്കും മാനസിക വൈകല്യമുണ്ട്. ഇവരെ കൂടി സംരക്ഷിക്കേണ്ട ബാധ്യത ഉമ്മക്ക് ഉള്ളതിനാല്‍ മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് വാങ്ങി തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പോലീസ് മകനെ തെരഞ്ഞു വന്നപ്പോള്‍ അവന്‍ അത്തരത്തില്‍ ചെയ്യുന്ന ആളല്ലെന്നും മാനസിക വൈകല്യമുള്ളയാളാണെന്നും പറഞ്ഞിട്ടു പോലും കേള്‍ക്കാതെയാണ് ജാബിറിനെ പോലീസുകാര്‍ കൊണ്ടുപോയതെന്ന് ഭിന്നശേഷിക്കാരായ ഭര്‍ത്താവും മൂന്നു മക്കളുമൊന്നിച്ച് കണ്ണീരുമായി കഴിയുന്ന ജാബിറിന്റെ മാതാവ് പറഞ്ഞു.

Sharing is caring!