മലപ്പുറത്തെ വൃക്ക രോഗിയായ ഹൈന്ദവ യുവാവിന്റെ ചികിത്സയ്ക്കുപണം കണ്ടെത്താന്‍ മുസ്ലിംമഹല്ല് കമ്മിറ്റിമതപ്രഭാഷണവും പ്രര്‍ഥനാ സംഗമവും നടത്തുന്നു

മലപ്പുറത്തെ വൃക്ക രോഗിയായ ഹൈന്ദവ യുവാവിന്റെ  ചികിത്സയ്ക്കുപണം കണ്ടെത്താന്‍  മുസ്ലിംമഹല്ല് കമ്മിറ്റിമതപ്രഭാഷണവും പ്രര്‍ഥനാ സംഗമവും നടത്തുന്നു

മലപ്പുറം: ആളുകള്‍ മതത്തിന്റെ പേരില്‍ കലഹിക്കുമ്പോള്‍ മലപ്പുറം കാളികാവില്‍ നിന്നും നന്‍മയുടെ കരസ്പര്‍ശമുള്ള കാഴ്ച. ഇരു വൃക്കകളും തകരാറിലായ യുവാവിനാണ് ജാതിമതങ്ങള്‍ക്കപ്പുറം നാടിന്റെ കൈത്താങ്ങെത്തുന്നത്. വൃക്ക രോഗത്താല്‍ കഷ്ടപ്പെടുന്ന ദീപേഷെന്ന(29) ഇതരമതസ്ഥനായ യുവാവിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താന്‍ മഹല്ല് കമ്മറ്റി മതപ്രഭാഷണവും പ്രര്‍ഥനാ സംഗമവും ഒരുക്കുന്നത്.

അടുത്തമാസം എട്ടിനും ഒന്‍പതിനും നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ വരുമാനം മുഴുവന്‍ ദീപേഷിന്റെ ചികിത്സയ്ക്കായണ് ചെലവാക്കുക. യുവാവിന് വൃക്ക നല്‍കാന്‍ അമ്മ കോമള കുമാരി തയാറായെങ്കിലും ഇരുപത് ലക്ഷമാണ് ശസ്ത്രക്രിയയ്ക്ക് ചെലവുവരുന്നത്. ഇതുകേട്ട് പകച്ചുനിന്ന കുടുംബത്തിന് കൈത്താങ്ങാവുകയാണ് ദിപേഷിന്റെ വീടുള്ള ചോക്കാടിനടുത്തുള്ള കല്ലാമൂലയിലെ മഹല്ല് കമ്മറ്റി. മഹല്ല് കമ്മറ്റിയുടെ ഈ നന്‍മയെ ഡോ.ഷിംനാ അസീസ് ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ച് സമൂഹമാധ്യങ്ങളിലിട്ട കുറിപ്പ് വൈറലാവുകയാണ്. ഒപ്പം ദീപേഷിന് സഹായവും.

ഡോ.ഷിംനാ അസീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ മുഴുവന്‍ രൂപം താഴെ:

കാളികാവ് എല്ലാ അര്‍ത്ഥത്തിലും മലപ്പുറത്തിന്റെ ആത്മാവ് പേറുന്നൊരു ഗ്രാമമാണ്. അവിടെ അദ്ധ്വാനിച്ച് കുടുംബം പോറ്റിയിരുന്ന ഊര്‍ജ്ജസ്വലനായ യുവാവായിരുന്നു ദിബേഷ്. കുറച്ച് മാസം മുമ്പ് അവന്റെ ഇരുവൃക്കകളും തകരാറിലായതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. ഈ ഇരുപത്തൊന്‍പതുകാരന്റെ അമ്മ കോമളകുമാരി തന്റെ വൃക്ക പകുത്ത് നല്‍കാന്‍ തയ്യാറായി. പക്ഷേ, 20 ലക്ഷമെന്ന ശസ്ത്രക്രിയ ചെലവ് അവരെക്കൊണ്ട് ഒരു വിധേനയും കൂട്ടിയാല്‍ കൂടുന്നതല്ലായിരുന്നു.

ദിബേഷിന്റെ വീടുള്ള ചോക്കാടിനടുത്തുള്ള കല്ലാമൂല എന്ന മഹല്ല് കമ്മറ്റി ഇത് കണ്ട് കൈ കെട്ടി നില്‍ക്കാന്‍ തയ്യാറായില്ല. അവിടെയുള്ള മുസ്ലിം പുരോഹിതരും സമൂഹവും ഈ വിഷയത്തിനൊരു പരിഹാരം കാണണമെന്ന് നിശ്ചയിച്ചു. അവര്‍ ഈ വരുന്ന നവംബര്‍ 8,9 തിയ്യതികളില്‍ ദിബേഷെന്ന ഹിന്ദു യുവാവിന് വേണ്ടി സബീലുല്‍ ഹുദ യുവജനസംഘത്തിന്റെ നേതൃത്വത്തില്‍ മതപ്രഭാഷണ പരമ്പര നടത്തുകയാണ്. അന്നേ ദിവസങ്ങളിലെ പരിപാടിയുടെ വരുമാനം മുഴുവന്‍ ഈ സഹോദരന്റെ ചികിത്സക്കായിട്ടാണ് വിനിയോഗിക്കുക. ആ നാട്ടിലെ സ്ത്രീകളും കുട്ടികളുമടക്കം അന്നവിടെ എത്തിച്ചേരുക ദിബേഷിനും കുടുംബത്തിനുമായി ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ കൂടിയാണ്. മതഭ്രാന്ത് കൊണ്ട് കണ്ണ് കാണാതായവര്‍ക്കും രണ്ട് മാസം മുന്‍പ് ചങ്കൊപ്പം വെള്ളമെത്തിയപ്പോള്‍ കൂടെ തുഴഞ്ഞ അന്യമതസ്ഥരെ മറന്ന് പോയവര്‍ക്കുമുള്ള ഓര്‍മ്മപ്പെടുത്തലെന്നോണം അന്നവിടെ പ്രാര്‍ത്ഥനാവചനങ്ങള്‍ അലയടിക്കും.

മതവും മുസ്ലിമും മലപ്പുറവും ഒന്നിച്ച് കേള്‍ക്കുമ്പോള്‍ ‘കേരളത്തിലെ പാകിസ്ഥാന്‍’ എന്നൊക്കെ വിശേഷിപ്പിക്കുന്ന ഏറ്റവും പ്രിയപ്പെട്ടവരുടെ ശ്രദ്ധക്ക്… ഞങ്ങളിതാണ്, ഞങ്ങളിത് മാത്രമാണ്. ഞങ്ങള്‍ക്കിടയില്‍ നഞ്ച് കലക്കാന്‍ ഇങ്ങോട്ട് വന്നേക്കരുത്. ഞങ്ങളുടെ കൂട്ടത്തിലൊരു ഹിന്ദുവിനെ തൊടണമെങ്കില്‍ ആദ്യം ഇവിടത്തെ മുസ്ലിമിന്റെ നെഞ്ചത്ത് ചവിട്ടിയിട്ടേ കഴിയൂ… ഈ ഐക്യത്തെ നന്നായി അറിയുന്നതും ഭയക്കുന്നതും കൊണ്ടാണ് നിങ്ങള്‍ ഞങ്ങളെ തമ്മില്‍ പിഴുതടര്‍ത്താന്‍ പഴുത് തിരയുന്നതെന്നും ഞങ്ങള്‍ക്ക് സുവ്യക്തമായറിയാം.

ഇത് മലപ്പുറമാണ്… ഞങ്ങളുടെ നാടിനെയറിയണമെന്നുണ്ടെങ്കില്‍ ഒന്നിങ്ങ് നേരിട്ട് വരിക. ദൂരെ മാറി നിന്ന് വെറുപ്പ് വിതക്കുന്നവര്‍ ഇത് വായിച്ച് സഹിക്കവയ്യാതെ വിറ കൊള്ളുന്നുണ്ടാകാം. ഞങ്ങള്‍ പരമപുച്ഛത്തോടെ നിര്‍ദാക്ഷിണ്യം അവഗണിക്കുന്നു. നിങ്ങള്‍ക്ക് നശിപ്പിക്കാനാവുന്നതല്ല ഞങ്ങളുടെ മതമൈത്രി, ഞങ്ങളുടെ സ്നേഹം, ഞങ്ങളുടെ മനുഷ്യപ്പറ്റ്..

ദിബേഷിനോടൊപ്പമുണ്ടാകും ഞങ്ങള്‍… ദിബേഷിനെപ്പോലെ ഓരോരുത്തര്‍ക്കൊപ്പവുമുണ്ടാകും ഞങ്ങള്‍… മനസ്സലിവുള്ളവര്‍ അതിരുകളും അതിര്‍ത്തികളും കാണില്ല, കാണിക്കില്ല… അല്ല, ഇവിടെ അതിരുകളില്ല തന്നെ. നെഞ്ചിന്റെ താളം ഒരു നിമിഷം നാടിനായി സമര്‍പ്പിച്ചു പോയ വാര്‍ത്ത ഇതോടൊപ്പം പങ്ക് വെയ്ക്കുന്നു.

നിറഞ്ഞ് തുളുമ്പുന്ന അഭിമാനത്തോടെ,
ഒരു മലപ്പുറത്തുകാരി.

Sharing is caring!