കരിപ്പൂരില്‍ ഓട്ടോറിക്ഷകള്‍ക്ക് വിലക്ക്; ഇടപെടലുമായി ടിവി ഇബ്രാഹിം

കരിപ്പൂരില്‍ ഓട്ടോറിക്ഷകള്‍ക്ക് വിലക്ക്; ഇടപെടലുമായി ടിവി ഇബ്രാഹിം

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാന ത്താവളത്തില്‍ ഓട്ടോ റിക്ഷകള്‍ക്ക് വിലക്ക്. സംഭവം വിവാദമായതോടെ സ്ഥലം എംഎല്‍എ ടിവി ഇബ്രാഹിം എയര്‍പോര്‍ട്ട് ഡയറക്ടറുമായി ചര്‍ച്ച നടത്തി തീരുമാനത്തില്‍ മാറ്റം വരുത്തി. ഞായറാഴ്ച രാത്രിയാണ് വിമാനത്താവളത്തില്‍ ഓട്ടോ പ്രവേശിപ്പിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയത്. വിമാനത്താവളത്തില്‍ പ്രവേശിച്ചാല്‍ 3000 രൂപ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ എതിര്‍പ്പാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നത്.

കരിപ്പൂര്‍ വിമാനത്താവളം ആരംഭിച്ചത് മുതല്‍ ഓട്ടോറിക്ഷകള്‍ക്ക് പ്രവേശിക്കാന്‍ തടസ്സമില്ലെന്നിരിക്കെയാണ് ഈ പുതിയ നിയമം വന്നത്.നടപടി വന്നതോടെ ഓട്ടോ കോഡിനേഷന്‍ കമ്മറ്റി എം.എല്‍.എയെ വിവരം അറിയിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഇത് വഴി ഉപജീവനം തേടുന്ന ഓട്ടോ തൊഴിലാളികളോട് കാണിക്കുന്ന ഈ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ എയര്‍പ്പോര്‍ട്ട് ഡയറക്ടറെ കാണുകയായിരുന്നു. ഇതു പ്രകാരം യാത്രക്കാരെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോവാന്‍ അനുമതി നല്‍കി .എന്നാല്‍ തിരിച്ച് വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ എടുക്കാന്‍ പാടില്ലെന്ന് തീരുമാനമുണ്ട്.

Sharing is caring!