മലപ്പുറത്തെ ദളിത്‌ലീഗ് നേതാവിന്റെ മകനെമുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫും സംഘവും ക്രൂരമായി മര്‍ദിച്ചെന്ന് ബന്ധുക്കള്‍

മലപ്പുറത്തെ ദളിത്‌ലീഗ് നേതാവിന്റെ  മകനെമുഖ്യമന്ത്രിയുടെ ഓഫീസ്  സ്റ്റാഫും സംഘവും ക്രൂരമായി മര്‍ദിച്ചെന്ന് ബന്ധുക്കള്‍

മഞ്ചേരി: മലപ്പുറത്തെ ദളിത് ലീഗ് നേതാവും പഞ്ചായത്ത് മെമ്പറുമായി വ്യക്തിയുടെ മകനെ ക്രൂരമായി മര്‍ദ്ദിച്ച സംഘത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് സ്റ്റാഫും ഉള്‍പ്പെട്ടതായി ബന്ധുക്കളുടെ ആരോപണം. മങ്കട പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പറും ദളിത് ലീഗ് നേതാവുമായ വെള്ളില കൊണ്ടപ്പുറത്ത് അനില്‍കുമാറിന്റെ മകന്‍ യദുകൃഷ്ണന്‍ (20)നെയാണ് മര്‍ദ്ദിച്ചത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. മൈസൂരില്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയായ യദുകൃഷ്ണന്‍ നിലമ്പൂരില്‍ നിന്നെത്തിയ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വിനോദസഞ്ചാര കേന്ദ്രമായ മങ്കട ആയിരനാഴിപ്പടി കുരങ്ങന്‍ ചോല സന്ദര്‍ശിക്കാനെത്തിയതായിരുന്നു. ഈ സമയം സ്വിഫ്റ്റ് കാറിലെത്തിയ ആറംഗ സംഘം ഇവരോട് സിഗരറ്റ് ആവശ്യപ്പെടുകയും ഇല്ലെന്ന് പറഞ്ഞപ്പോള്‍ ചരസ്സ് ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നു. യദു കൃഷ്ണന്‍ വന്ന ആക്ടീവയുടെ ചാവി ബലം പ്രയോഗിച്ച് വാങ്ങിയ പ്രതികള്‍ സ്‌കൂട്ടറില്‍ നിന്നും രേഖകളും മറ്റും എടുത്തതായും പരാതിയില്‍ പറയുന്നു.

മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ യദുകൃഷ്ണനെ മങ്കട ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മങ്കട പൊലീസ് പരാതി സ്വീകരിക്കാനും മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ യദുകൃഷ്ണനെ അഡ്മിറ്റ് ചെയ്യാനും ആദ്യം വിമുഖത കാണിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ചൊവ്വാഴ്ച വൈകീട്ട് വരെ പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇത് രാഷ്ട്രീയ സമര്‍ദ്ദത്താലാണെന്നും ആരോപണമുണ്ട്. അതേ സമയം സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

Sharing is caring!