പന്ത്‌ കളി എങ്ങനെയെങ്കിലും നിലനിർത്തണേ

പന്ത്‌ കളി എങ്ങനെയെങ്കിലും  നിലനിർത്തണേ

മലപ്പുറം: പാട്ടുകാരനാകുന്നതിന് മുമ്പ് മലപ്പുറത്തിന്റെ പുല്‍മൈതാനങ്ങളെ ത്രസിപ്പിച്ചയാളാണ് ഷഹബാസ് അമന്‍. മലപ്പുറത്തുകാരുടെ സ്വന്തം റാഫി. പഴയ ഓര്‍മകള്‍ അയവിറക്കി ഷഹബാസ് വീണ്ടും കളത്തിലിറങ്ങി. മലപ്പുറം ചേക്കു മെമോറിയല്‍ വെറ്ററന്‍സ് ടൂര്‍ണമെന്റിലാണ് 24 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പന്ത് തട്ടാനിറങ്ങിയത്. കളിയെ കുറിച്ചും മലപ്പുറത്തെ കുറിച്ചും അദ്ദേഹം എഴുതിയ വാക്കുകളിലേക്ക്‌

..

പന്ത്കളി ഒരു ഭയങ്കര മെഡിറ്റേഷനാണു ! ഒരു പച്ച ഗ്രൗണ്ട്‌ താഴെ വൃത്തിക്ക്‌ വിരിക്കുക!‌ എന്നിട്ട്‌ ഒരു പന്തെടുത്ത്‌ അതിന്റെ ഉള്ളിലേക്ക്‌ ഇടുക! കണ്ണും തുറന്ന് പിടിച്ച്‌ അതിന്റെ ചുറ്റും അങ്ങനെ കറങ്ങിനടക്കുക.നിങ്ങളുടെ തലങ്ങും വിലങ്ങുമൊക്കെ ആരൊക്കെയോ പോകുന്നുണ്ട്‌! എവിടെ നിന്നൊക്കെയോ പല ആർപ്പുവിളികളും കേൾക്കുന്നുണ്ട്‌! പക്ഷേ നിങ്ങൾ ഒന്നും അറിയുന്നില്ല! ഒന്നും!എന്നാലോ എല്ലാം അറിയുന്നും ഉണ്ട്‌‌,എല്ലാം!

മറ്റേതൊരു കെമിക്കൽ ലഹരിയെക്കാളും മുന്തിയ തരം ഓർഗ്ഗാനിക്കൽ‌ ലഹരിയാണു ഫുട്ബോൾ ! നിങ്ങൾക്ക്‌ കിക്ക്‌ കിട്ടുനതിനനുസരിച്ച്‌ നാട്ടുകാർക്കും കൂടി ‌ കിട്ടുന്ന ഒരു തരം ഓർഗ്ഗനൈസ്ഡ്‌ ഡ്രഗ്ഗിംഗ്‌ എന്നു പറയാം! അങ്ങനെയൊന്ന് ലോകത്ത്‌ വേറെയുണ്ടാകുമോ?!സംശയമാണു! അറിയില്ല!

ഇരുപത്തിനാലു വർഷങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ പൊടുന്നനവേ വീണ്ടും കളത്തിൽ ഇറങ്ങാൻ സ്നേഹം നിറഞ്ഞ കൂട്ടുകാരാൽ നിർബന്ധിക്കപ്പെട്ടു! പോക്കുവെയിലിൽ തുടങ്ങി ഫ്ലഡ്‌ ലൈറ്റിലേക്ക്‌ നീളുന്ന കളി! പേടിച്ചും മടിച്ചും ചെന്നു നോക്കിയപ്പോഴുണ്ട്‌, പണ്ടത്തെ അതേ അൽഭുതം ഗ്രൗണ്ടിൽ കാത്തു നിൽക്കുന്നു! ‘എല്ലാം മറക്കുക’ എന്ന അൽഭുത ധ്യാനമന്ത്രം! കളി കഴിയുമ്പോൾ‌ ഒരു കുഞ്ഞിനെപ്പോലെ പുതുതായി പിറക്കൽ ! അൽഭുത സംഭവമാണത്‌! പണ്ടത്തെ കളിക്കാലത്ത്‌ നിരന്തരം അനുഭവിച്ചിരുന്ന ആ ആനന്ദം കാലങ്ങൾക്കു ശേഷം വീണ്ടും കിട്ടുമ്പോൾ വാക്കുകൾ നഷ്ടപ്പെട്ട്‌ നമ്മൾ വിനീതരായിത്തീരും ! ആഹ! അതും മൂന്നും നാലും കാലഘട്ടങ്ങൾ ഇടകലർന്ന് ഒരേ ഗ്രൗണ്ടിൽ ! ഒരു വശത്ത്‌ വല കാത്ത്‌ തമ്പി സെയ്താലിയും തമ്പി ബഷീറും ! മുൻ നിരയിൽ പണ്ടത്തെ അലവിക്കുട്ടി! പിൽക്കാലത്ത്‌‌ ടൈറ്റാനിയം താരങ്ങളായി മാറിയ ഹമീദും അൻവറും അതേ പോലെത്തന്നെ വായുവിൽ ഉയർന്നു പൊന്തുന്നു! നൗഷാദാക്കയും രമേശനും ബാബു സലീമും നടുക്കും വലത്തും ഇടത്തുമായി എഴുപതുകളുടെ അവസാനത്തിൽ നിന്ന് ഇറങ്ങി വരുന്നു! അമ്പാളി ഹംസയുടെ നായകത്വത്തിൽ നെയിം ലെസ്സ്‌ ഫുൾ ടീം അതേ മാതിരി ! ഒരു മാറ്റവുമില്ലാതെ! ‌ ഞങ്ങൾക്ക്‌ പിന്നേ വന്ന ബാബുവും ജിംഷാദും ഗദ്ദാഫിയും അനീസുമൊക്കെ മുത്ത്പോലെ കളിക്കുന്നു! കണക്കെടുമ്പോൾ അവരും വെറ്ററൻസ്‌ !അപ്പോൾ ഇത്‌ ഏതാണു കാലം?! ജ്യേഷ്ടൻ റഷീദും താജ്‌ മൻസൂറും അബ്ദുപ്പയും വാശിക്കൊരു കുറവുമില്ലാതെ കളം നിറയുന്നു! ബഷീറും ഷാജിയും വീറോടെ! സ്റ്റോപ്പർ അഷറഫിന്റെ കളിയിൽ പണ്ടത്തെ അതേ ഹ്യൂമർ സെൻസ്‌! ടീം മാനേജർ സലീമും ഷംസുവും നിഷ്ക്കളങ്കമായ ഉത്സാഹത്തിൽ! കാണികളാണെങ്കിൽ അതിനേക്കാൾ ക്ലാസ്‌! ഇന്റർന്നാഷണൽ അസീസ്ക്കയും പണ്ടത്തെ എൽക്ലാസിക്കോ ഗോൾകീപ്പർ തമ്പി മൊയ്തീൻക്കയും ഫിഫ റഫറി ഹക്കീമുമൊക്കെയാണു വലക്ക്‌ പിന്നിൽ കളി കാണാൻ ഇരിക്കുന്നത്‌! ഷാജിയാക്കയുടെ സാന്നിധ്യം എക്കാലത്തെയും പോലെ നിശബ്ദ‌ ഗൗരവമാർന്നത്‌! ഒന്നും മനസ്സിലായില്ല! ടൈം ഒരിടത്ത്‌ സ്റ്റക്കായ മാതിരിത്തോന്നി!എന്നോ നിന്നു പോയ ഒരു ക്ലോക്ക്‌ മോണ കാട്ടി ചിരിക്കുന്നു! മലപ്പുറത്ത്‌ നിന്ന് ഇനിയും ഫുട്ബോൾ ഇതിവൃത്തമായി സിനിമകൾക്ക്‌ സ്കോപ്പുണ്ട്‌! പ്രത്യേകിച്ചും ഒരു സർ റിയൽ സിനിമ വരണം! ഹലാക്കിന്റെ ഒരു സിനിമ! പരപ്പനങ്ങാടിയിലെ മുത്ത്‌ ഹസ്സൈനാർക്കേ അതിനു കഴിയൂ! പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്ത്‌ ഇറങ്ങി വേറെ എവിടെയോ ചുറ്റിത്തിരിയുന്ന ഇന്റെ ഹസ്സാപ്പിക്ക്‌! അത്‌ പിന്നെപ്പറയ! ജമേഷ്‌ കോട്ടക്കലിന്റെ ബ്യൂട്ടിഫുൾ ഗെയിം കൂടാതെ വേറൊരു സിനിമ കൂടി നിർമ്മാണ ഊഴം കാത്തുനിൽക്കുന്നതായാണു നിലവിലുള്ള അറിവ്‌! അല്ലാഹ്ക്കറിയ !

പ്രിയ സമീർ! ശുക്രൻ ജസീലൻ! മലപ്പുറം കുന്നുമ്മൽ കൂട്ടായ്മ സൂപ്പറാണു ട്ടോ ! പക്ഷേ പേരങ്ങനെ ആയത്‌ കൊണ്ട്‌ കുന്നിന്റെ അപ്പുറം ഇപ്പുറം ഉള്ളവരെ കളിയിൽ കൂട്ടാതിരിക്കുന്ന അതിർത്തിക്കുറുമ്പൊന്നും പാടില്ല! അത്‌ നല്ലീനല്ല‌ ! നോക്ക്‌, നമ്മുടെ ഷക്കീൽ ബാബുവിന്റെ അതീവ ഹൃദ്യവും അതി സുന്ദരവുമായ കളി ആളുകൾക്ക്‌ ഒരിക്കൽകൂടി കാണാൻ പറ്റാതായിപ്പോയത്‌‌ ‌എന്ത്‌ കൊണ്ടാ? അനാവശ്യ കുറുമ്പോണ്ടല്ലേ? ശബീർ ഗഫാർ കോമ്പോ കൂടി ഉണ്ടായിരുന്നെങ്കിലോ? പറയും വേണ്ട! എല്ലാരെയും പോലെയാണോ മലപ്പുറത്തിനു അവരൊക്കെ ? പോട്ടെ,സാരമില്ല.വരുകൊല്ലം ഈ കൂട്ടിലങ്ങാടി, മൈലപ്പുറം എന്നൊക്കെപ്പറഞ്ഞുള്ള അതിർത്തിവരയൊക്കെ നമുക്ക്‌ ഒന്ന് മാറ്റിപ്പിടിക്കണം…ഫുട്ബോൾ തന്നെയാണു മലപ്പുറത്തിന്റെ ശരിയായ രാഷ്ട്രീയം! ബാക്കിയൊക്കെ കണക്കന്നെ! അത്‌ കൊണ്ട്‌ അതിൽ വളരെ ക്ലിയറായിരിക്കണം!

ഒരു കാര്യം തറപ്പിച്ച്‌ പറയാം‌!! നയൻസോ സെവൻസോ ഫൈവ്സോ എന്തോ ആവട്ടെ! ഇനി കടലാസ്‌ ഉരുട്ടിക്കൂട്ടി പെരന്റെ മുറ്റത്ത്‌ വെറുതെ തട്ടിക്കളിച്ചിട്ടാണെങ്കിലും വേണ്ടില്ല! ഈ പന്ത്‌ കളി എങ്ങനെയെങ്കിലും അവിടെ നിലനിർത്തണേ…! പകരം, മലപ്പുറത്ത്‌ നിന്ന് എന്ന് ഈ കളിപ്പിരാന്ത്‌ ഇല്ല്യാതാകുന്നോ അന്ന് ആ നാട്‌ നശിക്കും! പല അർത്ഥത്തിൽ! അത്‌ മൂന്ന് വട്ടം!

പ്രിയപ്പെട്ട കളിക്കൂട്ടുകാരേ നന്ദി!

എല്ലാവരോടും സ്നേഹം..

Sharing is caring!