മലപ്പുറം ജില്ലയില്‍ കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി 1.14 കോടി ചെലവഴിക്കും, ജില്ലയിലെ 16 റോഡുകള്‍ പുനര്‍നിര്‍മിക്കും

മലപ്പുറം ജില്ലയില്‍ കരിപ്പൂര്‍  എയര്‍പ്പോര്‍ട്ട് അതോറിറ്റി  1.14 കോടി ചെലവഴിക്കും, ജില്ലയിലെ  16 റോഡുകള്‍  പുനര്‍നിര്‍മിക്കും

മലപ്പുറം: മലപ്പുറം ജില്ലയില്‍ വിവിധ വികസന പദ്ധതികള്‍ക്കായി കരിപ്പൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി പദ്ധതിയില്‍ നിന്ന് 1.14 കോടി രൂപ ചെലവഴിക്കും. ഇതിനുള്ള ധാരണാപത്രത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണയും എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവുവും ഒപ്പുവെച്ചു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ സന്നിഹിതനായിരുന്നു. പ്രളയത്തില്‍ തകര്‍ന്ന ജില്ലയിലെ 16 റോഡുകളുടെ പുനര്‍ നിര്‍മ്മാണവും പള്ളിക്കല്‍, കല്‍പ്പകഞ്ചേരി പഞ്ചായത്തുകളിലെ രണ്ട് പദ്ധതികളുടെ നിര്‍വ്വഹണത്തിനുള്ള ധാരണാ പത്രവുമാണ് ഒപ്പുവെച്ചത്. ഈ സാമ്പത്തിക വര്‍ഷം തന്നെ മുഴുവന്‍ പദ്ധതികളും നടപ്പാക്കും.
പ്രളയത്തില്‍ തകര്‍ന്ന ട്രൈബല്‍ മേഖലയിലെ റോഡുകള്‍ക്ക് പ്രാധാന്യം നല്‍കി 30 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. പള്ളിക്കല്‍ പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ 40 ലക്ഷത്തിന്റെ കുടിവെള്ള പദ്ധതി, കല്‍പ്പകഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ 44 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മ്മിക്കുന്ന ഹോമിയോ ആശുപത്രി, എന്നിവ സംബന്ധിച്ച ധാരണ പത്രത്തിലും ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എയര്‍പോര്‍ട്ട് ജീവനക്കാരുടെ ധനസഹായമായ 2.69 ലക്ഷവും ഡയരക്ടര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി.
ഡപ്യുട്ടി കലക്ടര്‍ ഡോ.ജെ.യു. അരുണ്‍, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.മിഥുന, കല്‍പ്പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. കുഞ്ഞാപ്പു, എയര്‍പോര്‍ട്ട് അതോറിറ്റി പ്രതിനിധികളായ എ.ജി.എം. ബോണി സെബാസ്റ്റ്യന്‍, ഡി.ജി.എം. പി. ദേവകുമാര്‍, പി.മുഹമ്മദ് കാസിം, തമ്പി ദുരൈ, എ.മൊഹ്യുദ്ദന്‍,എന്നിവര്‍ പങ്കെടുത്തു.

പുനര്‍നിര്‍മ്മിക്കുന്ന ജില്ലയിലെ 16 റോഡുകള്‍.

കോഴിക്കോട് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ക്കായി 30 ലക്ഷം രൂപ അനുവദിച്ചു. റോഡുകളുടെ പേര,് പഞ്ചായത്ത്, അനുവദിച്ച തുക എന്ന ക്രമത്തില്‍: മുണ്ടക്കടവ് എസ്.ടി കോളനി റോഡ് (കരുളായി ഗ്രാമ പഞ്ചായത്ത്) 3.25 ലക്ഷം, പ്ലാക്കല്‍ ചോല എസ്.ടി കോളനി റോഡ് (ചാലിയാര്‍ ) 2.10 ലക്ഷം, ചെട്ടിയാന്‍പാറ എസ്.ടി കോളനി റോഡ് (ചാലിയാര്‍ ) 80000, അര്‍ണാടംപാടം കിളിയാര്‍ കോളനി റോഡ് (എടക്കര) 85000, ഏഴുത് ഏക്കര്‍ റവുന്തലക്കാട് റോഡ് (കാളികാവ് ) 1.25 ലക്ഷം, വെങ്ങാട് എസ്.ടി കോളനി റോഡ് (ചാലിയാര്‍) 2.35 ലക്ഷം, പാന്ത്ര കണ്ണത്ത് മലയടിവാരം റോഡ് (കരുവാരകുണ്ട്) 1.25 ലക്ഷം, മാഞ്ചേരി എസ്.ടി കോളനി റോഡ് (കരുളായി) 4.90 ലക്ഷം, ചെറുകുളമ്പു ബൈപ്പാസ് റോഡ് (കാളികാവ്) 1.25 ലക്ഷം, ചെറുകുളമ്പ് മാഞ്ചോല റോഡ് (കാളികാവ്) 1.25 ലക്ഷം, വെണ്ണെക്കോട് എസ്.ടി കോളനി റോഡ് (ചാലിയാര്‍) 1.25 ലക്ഷം, കണ്ടിലപ്പാറ എസ്.ടി കോളനി റോഡ് (ചാലിയാര്‍) 1.25 ലക്ഷം, നരിപ്പറമ്പ് എസ്.ടി കോളനി റോഡ് (ചാലിയാര്‍) 1.25 ലക്ഷം, ചേലറ എസ്.ടി കോളനി റോഡ് (എടവണ്ണ) 3.75 ലക്ഷം, പനപൊയില്‍ ചുണ്ടിയത്ത് എസ്. ടി കോളനി റോഡ് (ചാലിയാര്‍) 1.25 ലക്ഷം രൂപ.

Sharing is caring!