കുനിയില്‍ ഇരട്ടക്കൊല: പ്രതികള്‍ നജീബിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി സാക്ഷി മൊഴി

മഞ്ചേരി : കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ നജീബിനെ കൊലപ്പെടുത്താന്‍
ശ്രമിച്ചതായി സാക്ഷി മൊഴി. കേസിന്റെ വിചാരണ ഇന്നലെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) യില്‍ പുരോഗമിക്കവെ പ്രതികള്‍ കൊല്ലപ്പെട്ടവരുടെ പിതൃസഹോദരന്‍ കൊളക്കാടന്‍ നജീബിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് സാക്ഷി മൊഴി നല്‍കിയത്.

കേസിലെ അമ്പത്തിമൂന്നാം സാക്ഷിയും കുനിയില്‍ വാദിനൂര്‍ പുല്‍പ്പറമ്പില്‍ മാമുക്കുട്ടിയുടെ മകനുമായ ഫസലുള്ള (40) ആണ് കോടതിയില്‍ നിര്‍ണ്ണായകമായ മൊഴി നല്‍കിയത്. കൊലപാതകം നടന്നതിന് രണ്ടാഴ്ച മുമ്പ് നജീബുമായി താന്‍ പറക്കാട് വെച്ച് സംസാരിച്ചു കൊണ്ടിരിക്കെ കേസിലെ രണ്ടാം പ്രതിയായ റഷീദ് ലോറി ഓടിച്ചു വന്ന് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. രണ്ടു പേരും തൊട്ടടുത്ത പാറക്കെട്ടിലേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നുവെന്നും ഫസലുള്ള കോടതിയില്‍ മൊഴി നല്‍കി.

കൊലപാതകത്തിന് ദിവസങ്ങള്‍ക്കുമുമ്പ് പ്രതികളായ ഉമ്മര്‍, ഷറഫുദ്ദീന്‍, യാസിര്‍, ഫത്തീന്‍, അബ്ദുല്‍ അലി, മഅ്‌സൂം എന്നിവര്‍ മേലേപ്പറമ്പ് എന്ന സ്ഥലത്തും പ്രതി മുക്താറിന്റെ വീട്ടില്‍ വെച്ചും ഒത്തുകൂടിയത് കണ്ടതായി അമ്പത്തിരണ്ടാം സാക്ഷിയും കുനിയില്‍ പാറമ്മല്‍ വലിയപറമ്പത്ത് മൊയ്തീന്‍കുട്ടിയുടെ മകനുമായ മുസ്തഫ (45) കോടതി മുമ്പാകെ മൊഴി നല്‍കി. ഇത് പ്രതികള്‍ കൊലപാതകത്തിന് മുമ്പ് ഗൂഡാലോചന നടത്തിയതിന് തെളിവായി പ്രോസിക്യൂഷന്‍ ഉന്നയിച്ചേക്കും.


Leave a Reply

Your email address will not be published. Required fields are marked *