18വര്‍ഷത്തെ യു.ഡി.എഫ്. ഭരണം അവസാനിച്ചു, അമരമ്പലം പഞ്ചായത്ത് ഇനി എല്‍.ഡി.എഫ്. ഭരിക്കും

18വര്‍ഷത്തെ യു.ഡി.എഫ്. ഭരണം അവസാനിച്ചു,  അമരമ്പലം പഞ്ചായത്ത് ഇനി എല്‍.ഡി.എഫ്. ഭരിക്കും

പൂക്കോട്ടുംപാടം: 18വര്‍ഷത്തെ യു.ഡി.എഫ്. ഭരണം അവസാനിച്ചു. അമരമ്പലം പഞ്ചായത്ത്
ഇനി എല്‍.ഡി.എഫ്. ഭരിക്കും. പ്രസിഡന്റ് ആയി 16-ാം വാര്‍ഡ് അംഗവും സി.പി.എം.സ്വതന്ത്രയുമായ മുനീഷാ കടവത്തിനെ തെഞ്ഞെടുത്തു. ഇതോടെ പഞ്ചായത്തില്‍ 18 വര്‍ഷത്തോളമായി തുടരുന്ന യു.ഡി.എഫ്. ഭരണം അവസാനിച്ചു. പ്രസിഡന്റായിരുന്ന യു.ഡി.എഫിലെ സി.സുജാതക്കെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഒമ്പതും മുസ്‌ലിംലീഗിന് ഒന്നും ഉള്‍പ്പെടെ യു.ഡി.എഫിന് പത്തും സി.പി.എമ്മിന് ഒമ്പതും സീറ്റുകള്‍ ആണ് ഉണ്ടായിരുന്നത്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസിലെ സി.സുജാത പ്രസിഡന്റായിരുന്നത്. ഇതിനിടെ ഭരണത്തില്‍ അര്‍ഹമായ പ്രാധാന്യം നല്‍കുന്നില്ലെന്ന് ആരോപിച്ച് രണ്ടാംവാര്‍ഡ് അംഗവും പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷയുമായിരുന്ന കോണ്‍ഗ്രസിലെ അനിതാരാജുവിന്റെ രാജിയോടെ ഇരുമുന്നണികള്‍ക്കും ഒമ്പതുവീതം അംഗങ്ങളായി. അതിനു പുറമെ 19-ാം വാര്‍ഡ് അംഗം കോണ്‍ഗ്രസിലെ ടി.പി.ഹംസ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജിവെച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ യു.ഡി.എഫിന് എട്ടംഗങ്ങളായി ചുരുങ്ങുകയായിരുന്നു. വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദിനായിരുന്നു താത്കാലികച്ചുമതല. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വണ്ടൂര്‍ എ.ഇ.ഒ. പി.ഉണ്ണിക്കൃഷ്ണന്‍ ആയിരുന്നു ഭരണാധികാരി. പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെട്ട മുനീഷകടവത്ത് സത്യപ്രതി്ജ്ഞ ചെയ്ത് ചുമതലയേറ്റു. പത്തൊമ്പതാം വാര്‍ഡ് അംഗം ടി.പി.ഹംസ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നു.

Sharing is caring!