തേജസ് ദിനപത്രം അച്ചടി നിര്‍ത്തുന്നു, ഡിസംബര്‍ 31ന് അവസാന കോപ്പി പുറത്തിറങ്ങും

തേജസ് ദിനപത്രം അച്ചടി നിര്‍ത്തുന്നു,  ഡിസംബര്‍ 31ന് അവസാന കോപ്പി പുറത്തിറങ്ങും

മലപ്പുറം:  പോപുലര്‍ ഫ്രണ്ട് മുഖപത്രമായ തേജസ് ദിനപത്രം അച്ചടി നിര്‍ത്തുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാലാണ് അടച്ചുപൂട്ടുന്നത്. ഡിസംബര്‍ 31നാണ് പത്രത്തിന്റെ അവസാന കോപ്പി പുറത്തിറങ്ങും.

2006 ജനുവരി 26 ലെ റിപബ്ലിക് ദിന പ്രഭാതത്തിലാണ് കോഴിക്കോട്ടു നിന്ന് തേജസ് ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. സവിശേഷമായ ഒരിടം അടയാളപ്പെടുത്തി മലയാളി വായനക്കാര്‍ക്കിടയില്‍ തേജസ് അതിവേഗം സ്വീകാര്യത നേടി. രൂപകല്‍പ്പനയിലും ഉള്ളടക്കത്തിലും വ്യതിരിക്തത പുലര്‍ത്തിയ തേജസ് മലയാള മാധ്യമരംഗത്തെ പരമ്പരാഗത ശൈലികളെ മാറ്റിയെഴുതി.

കോര്‍പറേറ്റ് താല്‍പര്യങ്ങളെയും സര്‍ക്കാരുകളുടെ ജനവിരുദ്ധപരിസ്ഥിതി വിരുദ്ധ വികസന കാഴ്ചപ്പാടുകളെയും തുറന്നെതിര്‍ക്കുന്നതിലും കാര്‍ക്കശ്യം പുലര്‍ത്തി. ന്യൂനപക്ഷങ്ങളുടെയും ദലിത് പിന്നാക്ക വിഭാഗങ്ങളുടെയും ഉല്‍ക്കണ്ഠകള്‍ക്ക് ഇടം നല്‍കുകയും ചെയ്തു. മാധ്യമലോകത്ത് അസ്പൃശ്യത കല്‍പിച്ച് അകറ്റിനിര്‍ത്തപ്പെട്ട കീഴാളവിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കും ഗണനീയമായ പ്രാതിനിധ്യമാണ് തേജസ് നല്‍കിയത്.

സര്‍ക്കാരിന്റെ വിദേശനയങ്ങളെയും വികസനസംരഭങ്ങളെയും വിമര്‍ശിക്കുന്നുവെന്നും, സര്‍ക്കാര്‍ താല്‍പ്പര്യത്തിനു വിരുദ്ധമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുവെന്നതുമടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, 2010 മെയ് 14ന് കേരളത്തിലെ അന്നത്തെ ഇടതുപക്ഷ സര്‍ക്കാരാണ് തേജസിനുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ നിര്‍ത്തിവച്ചത്. യാതൊരു മുന്നറിയിപ്പോ കാരണം കാണിക്കല്‍ നോട്ടീസോ നല്‍കാതെ പബ്ലിക് റിലേഷന്‍സ് ഡിപാര്‍ട്ട്മെന്റില്‍ നിന്ന് ഫോണില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നില്ല എന്ന കാരണത്താല്‍ കേന്ദ്രസര്‍ക്കാരും പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവച്ചു.

കേന്ദ്രആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും 2009 നവംബര്‍ 18 ന് അയച്ച ഒരു സര്‍ക്കുലറും സംസ്ഥാന ഇന്റലിജന്‍സ് മേധാവി 2012 ജൂലൈ 26 ന് നല്‍കിയ ഒരു കത്തുമാണ് പരസ്യനിഷേധത്തിന് ആധാരമായി പറയുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റ ദേശീയോദ്ഗ്രഥന വിഭാഗത്തില്‍ നിന്നുള്ള സര്‍ക്കുലറില്‍ തേജസിന് സംബന്ധിച്ച് ഉന്നയിച്ച സംശയങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ മറുപടി നല്‍കിയതെന്നാണ് തേജസ് പത്രാധിപ സമിതി പറയുന്നത്.

Sharing is caring!