മലയാളികള്‍ ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിലാണെന്ന് യുഎഇ മന്ത്രി ഷൈഖ് നഹ്യാന്‍

മലയാളികള്‍ ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിലാണെന്ന് യുഎഇ മന്ത്രി ഷൈഖ് നഹ്യാന്‍

അബുദാബി: യുഎഇയുടെ വളര്‍ച്ചയില്‍ നിര്‍ണായകവും ഗണ്യവുമായ സംഭാവന നല്‍കിയ മലയാളി സമൂഹത്തിന്റെ അര്‍പ്പണബോധവും കഠിനാധ്വാനവും അനുഭവിച്ചറിഞ്ഞ ജനതയാണ് ഇവിടെയുള്ളതെന്നും മലയാളികള്‍ ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിലാണെന്നും യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ഷൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍.

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഠിനാധ്വാനികളായ മലയാളികളുടെ ശ്രദ്ധേയമായ സംഘബോധത്തിലൂടെ നവകേരള നിര്‍മിതി സാധ്യമാണ്. കേരളം നേരിട്ട ദുരന്തത്തില്‍ യുഎഇ ഭരണാധികാരികളും ഇവിടുത്തെ ജനതയും ഒരുപോലെ നിറഞ്ഞവരാണ്. സ്നേഹവും അനുകമ്പയുമാണ് സഹിഷ്ണുതയ്ക്ക് കാരണമാകുന്നത്. കേരളത്തിന്റെ സന്തോഷത്തില്‍ മാത്രമല്ല ദു:ഖത്തിലും ഒപ്പം നില്‍ക്കുന്ന സൗഹൃദ രാജ്യമായിരിക്കും യുഎഇ എന്ന് പറഞ്ഞ മന്ത്രി നവകേരള നിര്‍മിതിയിലെ പങ്കാളിത്തം ഉറപ്പ് നല്‍കി.

നേരത്തെ മുഖ്യമന്ത്രി ഷൈഖ് നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎഇ ഭരണാധികാരികള്‍ കേരളത്തോടും ഇവിടെയുള്ള ജനങ്ങളോടും കാണിക്കുന്ന പിന്തുണയ്ക്ക്, പ്രത്യേകിച്ച് പ്രളയത്തിനു ശേഷം കാണിച്ച ഉദാരമനസ്‌കതയ്ക്കും സ്നേഹത്തിനും മുഖ്യമന്ത്രി നന്ദി അറിയിച്ചു.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. പ്രളയത്തെ തുടര്‍ന്ന് കേരളത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ ഷൈഖ് നഹ് യാന്‍ ആശങ്ക പങ്ക് വെച്ചു. കേരളത്തിനു ശക്തമായി തിരിച്ചുവരാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളവും കേരളത്തിലെ ജനങ്ങളും യുഎഇയുമായി വളരെ അടുത്ത് നില്‍ക്കുന്നവരാണ്. അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് ഏതു തരം പിന്തുണയും നല്‍കാന്‍ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു. ഉച്ചയ്ക്ക് അബുദാബിയിലെ മന്ത്രിയുടെ കൊട്ടാരത്തില്‍ എത്തിയ മുഖ്യമന്ത്രി ഷൈഖ് നഹ്യാനുമൊത്ത് വിരുന്നിലും പങ്കെടുത്തു.

Sharing is caring!