മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച റോഡ് താനൂരിനും തിരൂരിനും ഇടയില്‍ വരുന്നു

മലപ്പുറം ജില്ലയിലെ ഏറ്റവും  മികച്ച റോഡ് താനൂരിനും തിരൂരിനും ഇടയില്‍ വരുന്നു

താനൂര്‍: പൂരപ്പുഴ മുതല്‍ തിരൂര്‍ വരെയുള്ള റോഡിന്റെ അത്യാധുനികവത്കരണം ആരംഭിക്കുന്നു. 61.1 കോടി രൂപ ചിലവിലാണ് നവീകരണങ്ങള്‍ നടക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഊരാളുങ്കല്‍ ലേബര്‍ സര്‍വ്വീസ് സഹകരണ സംഘ ത്തിനാണ് നിര്‍മ്മാണച്ചുമതല.

റോഡ് വീതി കൂട്ടുന്നതോടൊപ്പം തന്നെ ഇരുഭാഗത്തും ഓവ് ചാലുകള്‍, ടൗണുകളില്‍ ടൈല്‍ പാകിയ നടപ്പാത, ആവശ്യമുള്ളിടത്ത് വഴിയോര വിളക്കുകള്‍, നവീന രീതിയിലുള്ള 24 ബസ്ബേകളോട് കൂടിയ ഷെല്‍റ്ററുകളും ചരിത്രം രേഖപ്പെടുത്തുന്ന കവാടങ്ങളും നിര്‍മ്മിക്കും. ജീര്‍ണ്ണാവസ്ഥയിലുള്ള കലുങ്കുകള്‍ പുനര്‍ നിര്‍മ്മിക്കും, വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ ഉയര്‍ത്തും, അപകടകരമായ വളവുകള്‍ നിവര്‍ത്തുകയും ചെയ്യും.
റോഡിന്റെ സൗന്ദര്യവല്‍ക്കരണത്തിനാവശ്യമായ പ്രവൃത്തികളും ഇതോടനുബന്ധിച്ച് നടക്കും.

ഭാവിയിലെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് വൈദ്യുതി കേബിളുകളടക്കം ഭൂമിക്കടിയിലൂടെ കൊണ്ടുപോകാനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. വഴി യാത്രികര്‍ക്കുള്ള കുടിവെള്ളസംവിധാനം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ജില്ലയില്‍ തന്നെ ഏറ്റവും മികച്ച പാതയായിരിക്കുമെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും വി.അബ്ദുറഹിമാന്‍ എം.എല്‍.എ പറഞ്ഞു.

Sharing is caring!