മലപ്പുറത്തുകാര്‍ക്ക് ഫുട്‌ബോള്‍ വെറുമൊരു വിനോദം മാത്രമല്ല

മലപ്പുറം: കൊണ്ടോട്ടി അരിമ്പ്ര മിഷന്‍ സോക്കര്‍ അക്കാദമി വെറുമൊരു കാല്‍പ്പന്ത് കളരിമാത്രമല്ല. കാരുണ്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും ലക്ഷ്യവും വലയില്‍ നിറയുകയാണിവിടെ. രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കിയും സ്‌കൂളിന് വഴിയൊരുക്കാന്‍ സംഭാവന നല്‍കിയും കളിതുടങ്ങുംമുമ്പേ അവര്‍ ഗ്യാലറിയുടെ കൈയടിനേടിക്കഴിഞ്ഞു.

പരിശീലന മൈതാനത്തിനടുത്ത വീട്ടില്‍ വൃക്കസംബന്ധമായ അസുഖംബാധിച്ച് കിടപ്പിലായ ചെരെകോടന്‍ മുഹമ്മദ്കുട്ടിയുടെ വേദന കുട്ടികള്‍ അറിഞ്ഞത് ഒരുമാസംമുമ്പാണ്. എന്നും കാണുന്ന കുടുംബത്തെ എങ്ങനെയെങ്കിലും സഹായിച്ചാല്‍ മതിയെന്നായി അവര്‍ക്ക്.

ആരാധനാപാത്രങ്ങളായ ലോകതാരങ്ങളുടെ കാരുണ്യ പ്രവര്‍ത്തനവും പരിശീലകന്‍ അജ്മലിന്റെ പിന്തുണയും കുട്ടികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. ഗാന്ധിജയന്തി ദിനത്തിലാണ് കുട്ടികള്‍ സ്വരൂപിച്ച 1,10,500 രൂപ ചികിത്സാ സഹായമായി കൈമാറിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ബന്ധുമിത്രാദികളില്‍നിന്നും അയല്‍ക്കാരില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമായാണ് പണം ശേഖരിച്ചത്.
നാലുമാസംമുമ്പ് അരിമ്പ്രയിലെ അങ്കണവാടി അധ്യാപികയ്ക്ക് വൃക്കരോഗ ചികിത്സയ്ക്കായി 37,000 രൂപ സ്വരൂപിച്ചുനല്‍കി.

പൊതുവഴി ഇല്ലാത്ത അരിമ്പ്ര ഗവ. സ്‌കൂളിന്റെ ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തിലേക്കും മൈതാനത്തേക്കും വഴി ഒരുക്കാനായി പിടിഎ നടത്തിയ ധനശേഖരണത്തിനും ഒപ്പംനിന്നു. പതിനായിരം രൂപയാണ് നല്‍കിയത്. ഗവ. യുപി സ്‌കൂളില്‍ ക്ലാസ് മുറികള്‍ ടൈല്‍ പാകാനായി 5000 രൂപയും അക്കാദമിയിലെ കൊച്ചുമിടുക്കര്‍ കൊടുത്തു.
അരിമ്പ്ര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് കുട്ടികള്‍ക്ക് സൗജന്യ ഫുട്ബോള്‍ പരിശീലനം നല്‍കുന്ന അക്കാദമി മൂന്നുവര്‍ഷമേ ആയുള്ളൂ പ്രവര്‍ത്തനമാരംഭിച്ചിട്ട്. അഞ്ചുമുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം. എല്ലാ അവധിദിനങ്ങളിലും നൂറിലധികം കുട്ടികള്‍ തനിച്ചും രക്ഷിതാക്കള്‍ക്കൊപ്പവുമായി പരിശീലനത്തിനെത്തുന്നു. അധ്യയന ദിവസങ്ങളില്‍ അരിമ്പ്ര ഗവ. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അവസരം.

ഇന്ത്യന്‍ താരം അനസ് എടത്തൊടികയും റെയില്‍വേ ഗോള്‍ കീപ്പര്‍ സി ജസീര്‍ മുഹമ്മദുമടക്കം ഒരുകൂട്ടം കളിക്കാരുടെ ബാല്യകാല പരിശീലകനും മലപ്പുറം, കോഴിക്കോട് ജില്ലാ ഫുട്ബോള്‍ ടീം അംഗവുമായിരുന്ന കോളേജ് അധ്യാപകന്‍ സി ടി അജ്മലാണ് പ്രധാന പരിശീലകന്‍. സഹായത്തിനായി അജ്മലിന്റെ ഫുട്ബോള്‍ ഗുരുവും എണ്‍പതുകളില്‍ ജില്ലാ ടീം അംഗവുമായിരുന്ന ഇ ഹംസയുമുണ്ട്. കൊണ്ടോട്ടി തുറക്കല്‍ ഗവ. എല്‍പി സ്‌കൂള്‍ മൈതാനം കേന്ദ്രമായി മിഷന്‍ സോക്കര്‍ അക്കാദമി സൗജന്യ ഫുട്ബോള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഫവാസ് തയ്യിലും ഷൗക്കത്തലി ചെമ്മലയും പരിശീലകരാണ്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *