കേരള സര്‍ക്കാരിന്റേത് സംഘപരിവാര്‍ രാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാട്: കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തില്‍ വേരുറപ്പിക്കുവാനുള്ള അവസരമാണ് ശബരിമല വിഷയത്തിലെ വിവേകമില്ലാത്ത നടപടികളിലൂടെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. ഹൈന്ദവ വിശ്വാസികളുടേയും, കേരളത്തിലെ മതേതര നിലപാടുള്ളവരുടേയും വികാരങ്ങളെ മനസിലാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച സംഭവിച്ചു. സംഘപരിവാര്‍ ശക്തികള്‍ക്കും, കേരളത്തിലെ നിരീശ്വരവാദികളായ ആക്ടിവിസ്റ്റുകള്‍ക്കും അഴിഞ്ഞാടുന്നതിനുള്ള വേദിയാക്കി ശബരിമലയെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു.
വിശ്വാസികള്‍ക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്കി നാണം കെടുന്ന കാഴ്ച്ചയാണ് കണ്ടത്. സ്ത്രീകളും, കുട്ടികളും അടക്കമുള്ള വിശ്വാസികള്‍ തീര്‍ക്കുന്ന പ്രതിരോധം സര്‍ക്കാര്‍ കാണാതെ പോകരുത്. ശബരിമലയില്‍ കലാപത്തിന് ശ്രമം ഉണ്ടാകുമെന്ന തിരിച്ചറിവ് ഇപ്പോഴല്ല സര്‍ക്കാരിന് വരേണ്ടത്. വിശ്വാസികളോടും, ഹൈന്ദവ സംഘടനകളോടും കൂടി ആലോചിക്കാതെ കൃത്യമായ കാഴ്ച്ചപാടില്ലാതെ തിരക്കുപിടിച്ച് കോടതിവിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതിന് മുന്നേ അത് വേണമായിരുനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലോകത്തിന്റെ മുന്നില്‍ കേരളം അഭിമാനത്തോടെ ഉയര്ത്തിപിടിച്ചിരുന്ന മതേതര നിലപാടും, സമാധാന അന്തരീക്ഷവും കളങ്കപ്പെടുകയാണ്. ശബരിമലയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇതിനെല്ലാം കാരണം സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യമാണ്. മല ചവിട്ടാന്‍ പോയ രഹ്ന ഫാത്തിമ മുസ്ലിം നാമധാരി മാത്രമാണ്. അവരുടെ പശ്ചാത്തലം അന്വേഷിക്കണം. സംഘപരിവാര്‍ ശക്തികള്‍ ലക്ഷ്യം വെക്കുന്നത് കലാപമാണ്. അവരുടെ ചട്ടകമായി കേരള സര്‍ക്കാര്‍ മാറരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
RECENT NEWS
ജില്ലയിൽ നാളെ റെഡ് അലർട്ട്; ജാഗ്രത പാലിക്കണമെന്ന് നിർദേശം
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണം