ശരീഅത്ത് സമ്മേളത്തെ പ്രശംസിച്ച് എപി വിഭാഗം നേതാവ്‌

ശരീഅത്ത് സമ്മേളത്തെ പ്രശംസിച്ച് എപി വിഭാഗം നേതാവ്‌

കോഴിക്കോട്‌: കഴിഞ്ഞ ദിവസം കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന സമസ്ത ശരീഅത്ത് സംരക്ഷണ റാലിയെ പുകഴ്ത്തി എപി വിഭാഗം സമസ്ത നേതാവ് വടശ്ശേരി ഹസ്സന്‍ മുസ് ലിയാര്‍. കടുത്ത ഭാഷയില്‍ മുസ് ലിം ലീഗിനെയും ഇകെ വിഭാഗത്തെ വിമര്‍ശിക്കാറുള്ള നേതാവാണ് വടശ്ശേരി ഹസ്സന്‍ മുസ് ലിയാര്‍. അതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പഴിയും അദ്ദേഹം കേട്ടിട്ടുണ്ട്. ഫേസ്ബുക്കിലാണ് അദ്ദേഹം സമസ്തയെ പ്രശംസിച്ച് എത്തിയത്. ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെയും അദ്ദേഹം പ്രശംസിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശരീഅത്ത് സമ്മേളനം

സയ്യിദ് മുഹമ്മദ് ജിഫ് രിമുത്തുകോയ തങ്ങള്‍ പ്രസിഡന്റും പ്രഫസര്‍ കെ ആലി കുട്ടി മുസ്‌ലിയാര്‍ സെക്രട്ടരിയുമായി പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇന്നലെ കോഴിക്കോട് മുതലകുളം മൈതാനിയില്‍ നടത്തിയ ശരീഅത്ത് സമ്മേളനം ശ്രദ്ധേയമായി. ഇന്ത്യന്‍ സംസ്‌കാരവും സദാചാര മൂല്യങ്ങളും ശരീഅത്ത് നിയമങ്ങളും അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുകയും ഇസ് ലാമിക ശരീഅത്ത് നിയമത്തെ ഓര്‍ഡിനന്‍സിലൂടെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമ്മേളനം നടത്തിയത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ആയിരങ്ങള്‍ക്ക് ആവേശം പകര്‍ന്ന സമ്മേളനത്തിലെ പ്രസംഗങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമായി. സമ്മേളനം ഉത്ഘാടനം ചെയ്ത മുത്തുകോയ തങ്ങളുടെ പ്രസംഗത്തിലെ കാതലായ ചുരുക്കം ചില വാചകങ്ങള്‍ ഇവിടെ കുറിക്കട്ടെ, ‘മതസ്വാതന്ത്ര്യവും സാംസ്‌കാരിക മികവും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനും കോടതിക്കു മുണ്ട്. ധാര്‍മികതയും സദാചാരവും നിലനിര്‍ത്താനാണ് മതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.ഇന്ത്യാ രാജ്യത്ത് മുസ് ലിംകള്‍ക്ക് ഭരണഘടന വകവെച്ച് നല്‍കിയ അവകാശങ്ങള്‍ക്ക് ഗവണ്‍മെന്റും കോടതിയും തടസ്സം നില്‍ക്കുന്നത് അത്യധികം അപകടകരവും ഭരണഘടനാ ലംഘനവുമാണ്. ഇസ് ലാമിക വിഷയങ്ങളില്‍ വിധി പറയുന്ന ജഡ്ജിമാര്‍ ഖുര്‍ആനും നബിവചനങ്ങളും ആഴത്തില്‍ പഠിച്ച പണ്ഡിതര്‍ തീര്‍പ്പ് കല്‍പിച്ച് എഴുതി വെച്ച മതഗ്രന്ഥങ്ങള്‍ അവലംബിക്കേണ്ടതാണ്”.മത വിഷയങ്ങളില്‍ രാഷ്ട്രീയക്കാര്‍ നടത്തുന്ന അപക്വമായ ഇടപെടലുകള്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കിയാണ് തങ്ങള്‍ പ്രസംഗം നിര്‍ത്തിയത്. അധ്യക്ഷന്‍ പ്രഫസര്‍ കെ ആലിക്കുട്ടി മുസ് ലിയാര്‍, വിഷയാവതാര കരായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അഡ്വക്കറ്റ് ഓണംപള്ളി മുഹമ്മദ് ഫൈസി.അനുഗ്രഹ പ്രഭാഷണം നടത്തിയ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സ്വാഗതം ചെയ്ത അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ആദ്യ പ്രസംഗം നടത്തിയ നാസര്‍ ഫൈസി കൂടത്തായി എന്നിവരുടെയെല്ലാം പ്രഭാഷണങ്ങള്‍ പഠനാര്‍ഹവും വിഷയത്തില്‍ ഒതുങ്ങിയതുമായി. പാര്‍ലിമെന്റ് അംഗങ്ങളായ പി കെ കുഞ്ഞാലികുട്ടി സാഹിബും, കെ രാഘവനും നടത്തിയ പ്രഭാഷണം സദസ്സിന് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. ചുരുക്കത്തില്‍ എന്ത് കൊണ്ടും വേറിട്ടതും സമയോചിതവുമായ സമ്മേളനമാണ് ഇന്നലെ മുതല കുളത്ത് നടന്നത്.

Sharing is caring!