ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത് മദ്യഉത്പാദനത്തിനാണ് ഗവര്‍ണമെന്റ് ശ്രമിച്ചത്: സമദാനി

ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത് മദ്യഉത്പാദനത്തിനാണ് ഗവര്‍ണമെന്റ് ശ്രമിച്ചത്: സമദാനി

താനൂര്‍: ബ്ലുവെറിക്കും ഡിസ്റ്റിലറിക്കും അനുമതി നല്‍കിക്കൊണ്ട് മദ്യത്തിന്റെ നിര്‍മ്മാണവും വിതരണവും വ്യാപകമാക്കാന്‍ തുനിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ മലയാളികളുടെ ആദര്‍ശ ബോധത്തെ പരിഹസിക്കുകയാണ് ചെയ്തതെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി പ്രസ്താവിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി എഫ് താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി താനൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തു സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യനിരോധനത്തിനു വേണ്ടി മഹാത്മാക്കളായ രാജ്യ നേതാക്കളും
മഹത്തായ സാമൂഹ്യ പ്രസ്ഥാനങ്ങളും ഒട്ടേറെ പരിശ്രമിച്ച ചരിത്രമാണ് നമുക്കുള്ളത്. മദ്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടാതെ ഇന്‍ഡ്യ സ്വതന്ത്രമാവുകയില്ലെന്നു വെട്ടിത്തുറന്നു പറഞ്ഞ രാഷ്ട്ര പിതാവിന്റെ നാടാണിത്. മദ്യവര്‍ജ്ജനത്തില്‍ ഏറെ മുന്നോട്ടു പോയകേരളത്തിന്റെ ഘടികാര സൂചി പിറകോട്ടു തിരിക്കുന്ന പ്രതിലോമ പ്രവര്‍ത്തനത്തിലാണ് ഇടതു സര്‍ക്കാര്‍ ഏര്‍പ്പെട്ടിട്ടുള്ളത് എന്നത് ഏറെ ഖേദകരമാണ്. പ്രളയാനന്തരം വരള്‍ച്ചയുടെ വക്കില്‍ എത്തിനില്‍ക്കുകയാണ് കേരളം. മഴ പിന്‍വാങ്ങിയതിനെ തുടര്‍ന്ന് രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടേക്കുമെന്ന ആശങ്ക അധികൃത കേന്ദ്രങ്ങള്‍ പങ്കുവെക്കുകയാണ്. കുടിവെള്ളത്തിന് ജനം ബുദ്ധിമുട്ടുന്ന സാഹചര്യമുള്ളപ്പോഴാണ് ലിറ്റര്‍ക്കണക്കിന് ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത് മദ്യമുണ്ടാക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞത്. പ്രളയത്തിലും അതിനു ശേഷവും ജനങ്ങള്‍ അനുഭവിച്ച കഷ്ടതകള്‍ പരിഗണിച്ചെങ്കിലും പ്രകൃതിയോടുള്ള ഈ കയ്യേറ്റത്തിനു മുതിരാന്‍ പാടില്ലായിരുന്നു. പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്കുവഹിച്ച മത്സ്യത്തൊഴിലാളികളാണ് ഇന്ധന വിലവര്‍ധനയുടെ കെടുതികള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച ഒരു വിഭാഗം. ദിവസങ്ങളോളം നടുക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ട ബോട്ടുകള്‍ക്ക് ഏറ്റവും ആവശ്യമായ ഇന്ധനത്തിനാണ് തീ പിടിച്ച വില വന്നിരിക്കുന്നത്. കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ പരസ്പരം സഹകരിച്ച് ഇന്ധന വില വര്‍ധനവിന്റെ
ഭാരം ലഘൂകരിക്കാനാണ് ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ തെറ്റായ നടപടികള്‍ ജനജീവവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും സമദാനി പറഞ്ഞു. ഡി സിസി സെക്രട്ടറി ഒ. രാജന്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ കോണ്ഗ്രസ് നേതാവും മുന്‍ എം.പിയുമായ സി ഹരിദാസും, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണിയും മുഖ്യപ്രഭാഷണം നടത്തി. നൂറുക്കണക്കിന് ആളുകളാണ് ധര്‍ണയില്‍ പങ്കെടുത്തത്
യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. യു.കെ അഭിലാഷ്, നേതാക്കളായ എം.പി അഷറഫ്, പി.ടി.കെ കുട്ടി, നൂഹ്കരിങ്കപ്പാറ, കെ.സി ബാവ, പി. വാസുദേവന്‍, വൈ.പി ലത്തീഫ്, ഷാഹിന നിയാസി, ടി.പി.എം. അബ്ദുല്‍കരീം, അഡ്വ.പി.പി ഹാരിഫ്, ഇ അബൂബക്കര്‍, ഇസ്മായില്‍ പത്തമ്പാട്, ഇ. പി കുഞ്ഞാവ എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!