ശബരിമല ; ജില്ലയില്‍ വ്യാപക പ്രതിഷേധവും വഴിതടയലും

ശബരിമല ; ജില്ലയില്‍ വ്യാപക  പ്രതിഷേധവും വഴിതടയലും

മലപ്പുറം: ശബരിമല സ്ത്രീപ്രവേശനത്തില്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ജില്ലയിലെ ഗ്രാമനഗരവീഥികളില്‍ പ്രതിഷേധ കൊടുങ്കാറ്റ്. നിലമ്പൂര്‍, അങ്ങാടിപ്പുറം, മലപ്പുറം, കൊണ്ടോട്ടി, ചേളാരി, കുറ്റിപ്പുറം എന്നീ ആറ് കേന്ദ്രങ്ങളിലാണ് റോഡ് ഉപരോധം നടന്നത്.
എല്ലാ സ്ഥലത്തും രാവിലെ കൃത്യം 11 മണിക്ക് ഉപരോധം ആരംഭിച്ചതോടെ രണ്ട് ദേശീയപാതകളും പൂര്‍ണ്ണമായി സ്തംഭിച്ചു. രാഷ്ട്രീയക്കാരുടെ റോഡ് ഉപരോധങ്ങളോട് മുഖം തിരിക്കുന്ന ജനങ്ങള്‍ അയ്യപ്പഭക്തരുടെ സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയത് ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരങ്ങളാണ് ഓരോ കേന്ദ്രത്തിലും സമരത്തില്‍ പങ്കെടുത്തത്.
സമരത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശ്ശൂര്‍, കോഴിക്കോട്-പാലക്കാട് ദേശീയപാതകളില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ഇടപെട്ട് കടത്തിവിട്ടു.

മലപ്പുറത്ത് നടന്ന പ്രതിഷേധ പരിപാടി പന്തളം രാജകുടുംബാംഗം ധന്വന്തരീ തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.സി.വി.നമ്പൂതിരി അദ്ധ്യക്ഷനായി. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി ഭാര്‍ഗ്ഗവറാം മുഖ്യപ്രഭാഷണം നടത്തി. മാതൃസമിതി ജില്ലാ പ്രസിഡന്റ് സൗമിനി സ്വാഗതവും മലപ്പുറം സേവാഭാരതി പ്രതിനിധി നളിനി നന്ദിയും പറഞ്ഞു.
ചേളാരി: ശബരിമല കര്‍മ്മസമിതി ചേളാരിയില്‍ സംഘടിപ്പിച്ച റോഡ് ഉപരോധം ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി യോഗം തിരൂര്‍ മേഖല പ്രസിഡന്റ് ശിവദാസന്‍ പൂതേരി, ബാലഗോകുലം ജില്ല ഭഗിനി പ്രമുഖ് അശ്വതി, ജനാര്‍ദ്ദനന്‍, നടുക്കര അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.

കൊണ്ടോട്ടി: ആയിരകണക്കിന് അയ്യപ്പഭക്തര്‍ കൊണ്ടോട്ടിയില്‍ നടന്ന ഉപരോധത്തില്‍ പങ്കെടുത്തു. എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ അപ്പു പൊന്നാട് അദ്ധ്യക്ഷനായി. ശബരിമല കര്‍മ്മസമിതി ജില്ലാ കണ്‍വീനറും ആര്‍എസ്എസ് വിഭാഗ് കാര്യവാഹുമായ കെ.പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ക്ഷേത്രാചാരങ്ങളെ തകര്‍ക്കുന്നതിലൂടെ ഹിന്ദു സംസ്‌കാരത്തെ ഇല്ലാതാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് ഹിന്ദു വിരുദ്ധര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിധി സമ്പാദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഹിന്ദുസമൂഹം സന്ധിയില്ലാ സമരം ആരംഭിച്ചു കഴിഞ്ഞന്നും ഈ ധര്‍മ്മയുദ്ധത്തില്‍ വിജയം അയ്യപ്പഭക്തര്‍ക്കായിരിക്കും. അതിനുവേണ്ടി ശബരിമല കര്‍മ്മസമിതി വ്യക്തമായ കര്‍മ്മപദ്ധതി തയ്യാറാക്കി അയ്യപ്പഭക്ത സമൂഹത്തോടൊപ്പം ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.കൃഷ്ണകുമാര്‍, ചന്ദ്രന്‍ ചീരോളി, കെ.ദിനേശന്‍, പി.സി.കെ.ബിനീഷ് എന്നിവര്‍ സംസാരിച്ചു.

നിലമ്പൂര്‍: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ കെഎന്‍ജി റോഡ് ഉപരോധിച്ചു. നിലന്വൂര്‍ വീരാഡൂര്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച നാമജപയാത്ര കീര്‍ത്തിപ്പടിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ഉപരോധസമരം പാലേമാട് ശ്രീ വിവേകാനന്ദ കാര്യദര്‍ശി കെ.ആര്‍.ഭാസ്‌കരപിള്ള ഉദ്ഘാടനം ചെയ്തു. ധര്‍മസംസ്ഥാപനത്തിനായി മാനവരാശി ഒരുമിച്ച് നിന്ന് പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. ആരെയും വെല്ലുവിളിക്കാനല്ല, പൂര്‍വ്വിക സമ്പത്ത് നഷ്ടപ്പെടുന്നതിലുള്ള വേദനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി വി.എസ്.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി നാരായണന്‍കുട്ടി, അജി തോമസ്, അഡ്വ.ശ്രീപ്രകാശ്, കെ.സി.വേലായുധന്‍, പി.ദിനേശന്‍, എസ്എന്‍ഡിപി നിലമ്പൂര്‍ യൂണിയന്‍ കൗണ്‍സിലര്‍ അനു മൊടപൊയ്ക, ഗീത, വി.പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

Sharing is caring!