കരിപ്പൂരില്‍നിന്ന് എയര്‍ ഇന്ത്യ സൗദി സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് സി.എം.ഡി പ്രദീപ് സിങ് ഖറോള

കരിപ്പൂരില്‍നിന്ന് എയര്‍ ഇന്ത്യ സൗദി സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് സി.എം.ഡി പ്രദീപ് സിങ് ഖറോള

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് എയര്‍ ഇന്ത്യ ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ പ്രദീപ് സിങ് ഖറോളയുമായി പി കെ കുഞ്ഞാലിക്കുട്ടി എം പി, പി വി അബ്ദുല്‍ വഹാബ് എം പി, വി കെ ഇബ്രാഹിം കുഞ്ഞ് എം എല്‍ എ എന്നിവര്‍ ചര്‍ച്ച നടത്തി.

2015ല്‍ കരിപ്പൂരിലെ റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ട് നിറുത്തി വെച്ച സര്‍വീസുകള്‍ വികസന പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതോടെ പുനരാരംഭിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഡി ജി സി എയുടെ അനുമതി അടക്കം ലഭിച്ചിട്ടും എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടി വൈകുന്നതിനാലാണ് എയര്‍ ഇന്ത്യ സി എം ഡിയെ കണ്ട് നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോഴിക്കോട്ട് നിന്ന് ജിദ്ദ, റിയാദ് എന്നിവടങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വീസ് എയര്‍ ഇന്ത്യ പുനരാരംഭിക്കണമെന്നാണ് എം പിമാര്‍ ഉള്‍പ്പെടെയുള്ള സംഘം ആവശ്യപ്പെട്ടത്. അനുകൂലമായ മറുപടിയാണ് അദ്ദേഹത്തില്‍ നിന്നും ലഭിച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ വൈകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇതേ സംഘം വ്യോമയാന വകുപ്പ് സെക്രട്ടറി രാജീവ് നയാന്‍ ചൗബേയുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹത്തില്‍ നിന്നും അനുകൂല നിലപാടാണ് ലഭിച്ചത്.

Sharing is caring!