തിരുന്നാവായ സ്വദേശിയെ തട്ടിക്കൊണ്ടുപോയി അരക്കോടി രൂപ ആവശ്യപ്പെട്ട ക്വട്ടേഷന്‍ സംഘം പിടിയില്‍

തിരുന്നാവായ സ്വദേശിയെ തട്ടിക്കൊണ്ടുപോയി അരക്കോടി രൂപ ആവശ്യപ്പെട്ട ക്വട്ടേഷന്‍ സംഘം പിടിയില്‍

തിരൂര്‍: അരക്കോടി രൂപ മോചനദ്രവ്യമാവശ്യപ്പെട്ട് റിയല്‍ എസ്റ്റേറ്റ് വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് ക്വട്ടേഷന്‍ സംഘാംഗങ്ങളെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുന്നാവായ എടക്കുളം സ്വദേശി ഹംസ (50)യെ തട്ടിക്കൊണ്ടുപോയ സംഘാംഗങ്ങളായ പള്ളിക്കല്‍ കാക്കഞ്ചേരി നെച്ചിക്കാട്ടില്‍ ഷമീര്‍ (31), ചേളാരിയില്‍ കാര്‍ വര്‍ക്ക് ഷോപ്പ് ഉടമയായ താനൂര്‍ എഎം ഹൗസില്‍ നൗഫല്‍ (36) എന്നിവരെയാണ് തിരൂര്‍ എസ്‌ഐ സുമേഷ് സുധാകര്‍ അറസ്റ്റു ചെയ്തത്. കഴിഞ്ഞ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. തമിഴ്‌നാട്ടിലും കര്‍ണാടകയിലും റിയല്‍ എസ്റ്റേറ്റ് അടക്കം വിവിധ ബിസിനസുകള്‍ നടത്തുന്ന ഹംസയെ തമിഴ്‌നാട്ടുകാര്‍ അടങ്ങിയ എട്ടംഗസംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മോചനദ്രവ്യം ആവശ്യപ്പെട്ടു. 10 ലക്ഷം കൈമാറിയെങ്കിലും വീണ്ടും 40 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷം വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസ് തട്ടിക്കൊണ്ടുപോകല്‍ സംഘവുമായി ബന്ധപ്പെട്ട താനൂര്‍ വെള്ളിയാമ്പുറത്തെ യൂത്ത് ലീഗ് നേതാവടക്കം എട്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍നിന്നും ലഭിച്ച സൂചനകളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ഇതോടെ തട്ടിക്കൊണ്ടുപോയ സംഘം അഞ്ചിന് രാത്രി ഹംസയെ പട്ടാമ്പി കൊപ്പത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. മറ്റ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി എസ്‌ഐ പറഞ്ഞു. പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണി

റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ ദൃശ്യമെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണിയും കൈയേറ്റശ്രമവും. തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തുവച്ചാണ് പ്രതികളുടെ സുഹൃത്തുക്കളും ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയത്. ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചാല്‍ ദു:ഖിക്കേണ്ടിവരുമെന്ന് പറഞ്ഞ് ക്യാമറ തട്ടിയെടുക്കാന്‍ ശ്രമിച്ചു. എസ്‌ഐ അടക്കമുള്ള പൊലീസുകാര്‍ എത്തിയതോടെ അക്രമികള്‍ സ്ഥലം വിടുകയായിരുന്നു.

Sharing is caring!