വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശ്വാസികളാണ് തീരുമാനങ്ങളെടുക്കേണ്ടത്: കെ.പി.എ മജീദ്

വിശ്വാസികളുമായി ബന്ധപ്പെട്ട  വിഷയത്തില്‍ വിശ്വാസികളാണ്  തീരുമാനങ്ങളെടുക്കേണ്ടത്:  കെ.പി.എ മജീദ്

മലപ്പുറം: വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശ്വാസികള്‍ തന്നെയാണ് അഭിപ്രായം പറയേണ്ടതും തീരുമാനങ്ങളെടുക്കേണ്ടതും, മറിച്ച് അവിശ്വാസികളല്ലെന്നും മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മലപ്പുറത്ത് പറഞ്ഞു. വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാറുകളും കോടതികളും ഇടപെടുന്നത് ശരിയല്ലെന്ന നിലപാടാണ് എന്നും മുസ്്ലിംലീഗിനുള്ളത്. മുസ്്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ പള്ളിയില്‍ പോകുന്നവര്‍ക്ക് അതിനുള്ള സൗകര്യങ്ങളുണ്ട്. അല്ലാത്തവരെ നിര്‍ബന്ധിക്കേണ്ട കാര്യവുമില്ല. വിശ്വാസികളുടെ കാര്യത്തില്‍ വിശ്വാസിയല്ലാത്ത കോടിയേരി ബാലകൃഷ്ണന്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും കെ.പി.എ മജീദ് പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അങ്കലാപ്പില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് പള്ളികളിലെ സ്ത്രീ പ്രവേശനം വേണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് പിന്നില്‍.
ശബരിമല വിഷയത്തില്‍ സി.പി.എമ്മും ഇടത് സര്‍ക്കാറും സ്വീകരിച്ച ഇരട്ടത്താപ്പിനെതിരെ വിശ്വാസികളും സ്ത്രീകളും രംഗത്ത് വന്നു. ഇതോടെ സി.പി.എം അങ്കലാപ്പിലായി. ദേവസ്വം ബോര്‍ഡ് പുനപ്പരിശോധനാ ഹര്‍ജി നല്‍കുമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണുരുട്ടിയതോടെയാണ് വേണ്ടന്ന് വച്ചത്. ക്ഷേത്രാചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്ത ദേവസ്വം ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളും സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുകയയാണ് ഈ നിലപാടിലൂടെ ചെയ്തത്.
കോടതി വിധി അപ്പടി നടപ്പാക്കുകയാണ് തങ്ങളെന്ന സി.പി.എമ്മിന്റെ വാദത്തില്‍ കഴമ്പില്ല. ഹൈവേകളില്‍ നിന്ന് മദ്യാശാലകള്‍ ഒഴിപ്പിക്കണമെന്ന കോടതി വിധി വന്നതോടെ ഹൈവേകളുടെ പേര് മാറ്റി മദ്യാശാലകള്‍ നിലനിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമലയില്‍ സേനവത്തിന് നിയോഗിച്ച വനിതാ പൊലീസുകാര്‍ ഇതിന് വിസമ്മതം അറിയിച്ചതോടെ ഇവരെ ഡി.ജി.പി. ഭീഷണിപ്പെടുത്തുന്നുണ്ട്. എന്തിനാണ് നിര്‍ബന്ധിച്ച് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത്?. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെങ്കില്‍ അത് വിശ്വാസികളില്‍ നിന്നാണ് ഉരുത്തിരിഞ്ഞുവരേണ്ടത്. ബാഹ്യമായ ഇടപെടലുകള്‍ ആവശ്യമില്ല. മറിച്ചാണെങ്കില്‍ വിശ്വാസ സംരക്ഷണത്തിന് ഏതറ്റംവരെ പോകാനും വിശ്വാസികള്‍ക്ക് അവകാശമുണ്ട്. വിശ്വാസികളെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച ചേരുന്ന യു.ഡി.എഫ് ഈ വിഷയം വിശദാമായി ചര്‍ച്ച ചെയ്യുമെന്നും വിശ്വാസികളുടെ സമരത്തിന് മുസ്്ലിംലീഗ് പൂര്‍ണ പിന്തുണ നല്‍കുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

Sharing is caring!