പാചകത്തിലും ഒരുകൈ നോക്കി മന്ത്രി കെ ടി ജലീൽ, രുചിച്ച് നോക്കാൻ വഹാബും, പി വി അൻവറും

പാചകത്തിലും ഒരുകൈ നോക്കി മന്ത്രി കെ ടി ജലീൽ, രുചിച്ച് നോക്കാൻ വഹാബും, പി വി അൻവറും

നിലമ്പൂർ: അസാപ്പിന്റെ പ്രവർത്തനം കോളേജ്, യൂണിവേഴ്സിറ്റി തലങ്ങളിൽ സജീവമാക്കാൻ വൈസ് ചാൻസലർമാരുടെ യോഗത്തിൽ നിർദേശം നൽകിയതായി ഉന്നത വിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ കെ ടി ജലീൽ.   അസാപ്പുമായി സഹകരിച്ച് ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം യൂണിറ്റ് സംഘടിപ്പിക്കുന്ന തൊഴിൽ നൈപുണ്യ കോഴ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പഠിക്കുമ്പോൾ തന്നെ ഒരു തൊഴിൽ മേഖലയിലെ നൈപുണ്യവും കരസ്ഥമാക്കാൻ വിദ്യാർഥികൾ ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മൾട്ടി ക്വിസിൻ കുക്കറിയും, ആട്ടോമൊബൈൽ എഞ്ചിനീയറിങ്ങിലുമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പരിശീലനം നൽകുക.  നിലമ്പൂർ അമൽ കോളേജുമായും, ഇൻഡസ് മോട്ടോഴ്സുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.  മലപ്പുറം ജില്ലയിലെ മൂന്നിടങ്ങളിലാണ് കുക്കറി കോഴ്സുകൾക്ക് ആദ്യ ഘട്ടത്തിൽ തുടക്കം കുറിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജെ എസ് എസ് ചെയർമാൻ പി വി അബ്ദുൽ വഹാബ് എം പി പറഞ്ഞു.  ആട്ടോമൊബൈൽ കോഴ്സിലെ പരിശീലനം തലശ്ശേരി കേന്ദ്രമാക്കിയാണ് ആദ്യ ഘട്ടത്തിൽ നൽകുന്നത്.  ഒരു ബാച്ചിൽ 30 കുട്ടികൾ വീതമാണ് പരിശീലനത്തിൽ ഏർപ്പെടുന്നത്.  ദക്ഷിണ കൊറിയയിൽ രാജ്യത്തെ 97 ശതമാനും ആളുകളും തൊഴിൽ നൈപുണ്യം കരസ്ഥമാക്കുമ്പോൾ ഇന്ത്യയിലത് കേവലം മൂന്ന് ശതമാനം മാത്രമാണെന്ന് എം പി പറഞ്ഞു.  തൊഴിൽ നൈപുണ്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളെന്ന് എം പി കൂട്ടിച്ചേർത്തു.
അമൽ കോളേജിലെ വിവാഹ പൂർവ്വ കൗൺസിലിങ് സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.  നിലമ്പൂർ എം എൽ എ പി വി അൻവർ മുഖ്യാതിഥിയായിരുന്നു.  ഇറ്റാലിയൻ പാസ്ത പാചകം ചെയ്താണ് മന്ത്രി കെ ടി ജലീൽ ഔപചാരികമായി കോഴ്സിന്റെ ഉദ്ഘാടനം നിർവഹിച്ചത്.  അസാപ് സി ഇ ഒ റീത്ത എസ് പ്രഭ വിദ്യാർഥികളുമായി സംവദിച്ചു. കുക്കറി കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ നൽകുമെന്ന് ചടങ്ങിൽ സംസാരിച്ച കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന അധ്യക്ഷൻ മൊയ്തീൻ കുട്ടി ഹാജി പറഞ്ഞു.
മൾട്ടി ക്വിസിൻ പാചകത്തെ കുറിച്ച് അസാപ് തയ്യാറാക്കിയ പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.  ഞായറാഴ്ച്ചകളിലായി 162 മണിക്കൂറാണ് ഓരോ ബാച്ചിനും കോഴ്സ് പൂർത്തിയാക്കുന്നതിനുള്ള സമയം.  ഹൈസ്കൂൾ, കോളേജ് തലങ്ങളിലെ കുട്ടികൾക്കായാണ് കോഴ്സ് സംഘടിപ്പിക്കുന്നത്.  ജെ എസ് എസ് നടപ്പാക്കിയ പി എം കെ വി വൈ പദ്ധതി പ്രകാരമുള്ള കോഴ്സ് പൂർത്തിയാക്കിയവർക്കും, അമൽ കോളേജ് നടത്തിയ വിവാഹ പൂർവ്വ കൗൺസിലിങ് കോഴ്സ് പൂർത്തിയായവർക്കുമുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്തു.
നിലമ്പൂർ മുനിസിപ്പൽ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, അമൽ കോളേജ് മാനേജർ പി വി അലി മുബാറക്ക്, നിലമ്പൂർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പാലൊളി മെഹബൂബ്, ജെ എസ് എസ് ഡയറക്ടർ വി ഉമ്മർകോയ, വാർഡ് കൗൺസിലർ പി സുമീര, അസാപ് മലപ്പുറം ജില്ലാ പോഗ്രാം മാനേജർ സുമി എന്നിവർ സംസാരിച്ചു.

Sharing is caring!