ജാഗ്രതാനിര്‍ദ്ദേശം, അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം 36മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

ജാഗ്രതാനിര്‍ദ്ദേശം,  അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം 36മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

മലപ്പുറം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം 36 മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. കേരളത്തില്‍ കനത്ത മഴക്കുള്ള സാധ്യതമുന്നില്‍ കണ്ട് വന്‍ തയ്യാറെടുപ്പുകളാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി.

തൃശൂര്‍ ചിമ്മിനി ഡാം, തെന്മല പരപ്പാര്‍ ഡാം എന്നിവ തുറന്നു. ചിമ്മിനി ഡാമിലെ ഷട്ടര്‍ 25 സെന്റീമീറ്ററായാണ് ഉയര്‍ത്തിയത്. ആലപ്പുഴ തോട്ടപ്പിള്ളി സ്പില്‍വേയുലെ 21 ഷട്ടറുകളും തുറന്നു. ബാക്കി ഷട്ടറുകള്‍ കൂടി ഉടന്‍ തുറക്കും. ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ തോട്ടപ്പള്ളി പൊഴി കൂടുതല്‍ വീതി കൂട്ടുകയാണ്.

ഇടുക്കിയില്‍ മാട്ടുപ്പെട്ടി, മൂന്നാര്‍ മേഖലകളില്‍ കനത്ത മഴയാണ് ഇന്നലെ പെയ്തത്. മണ്ണിടിച്ചിലുണ്ടാകുമെന്നതിനാല്‍ നെല്ലിയാമ്പതിയിലേക്കുളള വിനോദ സഞ്ചാരികളുടെ യാത്രയ്ക്കു നിരോധനം ഏര്‍പ്പെടുത്തി. മൂന്നാറില്‍ നീലക്കുറിഞ്ഞി കാണാനെത്തുന്നവരേയും നിരുത്സാഹപ്പെടുത്തുതയാണ്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള നെല്ലിയാമ്പതി, അട്ടപ്പാടി, കരടിയോട് എന്നിവിടങ്ങളില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതീവ ജാഗ്രത പാലിക്കണമെന്ന്

അറബിക്കടലിന്റെ തെക്കുകിഴക്ക് ശ്രീലങ്കക്ക് സമീപം ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ട് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നുമാണ് നിര്‍ദ്ദേശം. ന്യുനമര്‍ദ്ധം സംബന്ധിച്ച മുന്നറിയിപ്പ് വന്നതോടെ സംസ്ഥാനത്തെ ഡാമുകള്‍ തുറന്നു.

ഇത്തവണ ഡാമുകള്‍ ക്രമമായി തുറന്ന് വിട്ടത് ഉചിതമായ നടപടിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ തവണയും ഇതു തന്നെ ചെയ്തിരുന്നെങ്കില്‍ 483 പേരുടെ മരണത്തിനും, വന്‍ നാശ നഷ്ടത്തിനും ഇടയാക്കിയ പ്രളയം ഒഴിവാക്കമായിരുന്നു.

ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് ഇപ്പോഴത്തെ സര്‍ക്കാര്‍ അംഗീകരിച്ചത് നന്നായി. ഇത്തവണ ന്യുന മര്‍ദ്ദത്തെത്തുടര്‍ന്ന് തീവ്രമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ നടപടികളും മുന്‍ കരുതലുകളും സ്വീകരിക്കണം.

അപകട മേഖലയിലുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുകയും ചെയ്യണം. എല്ലായിടത്തും ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കനത്ത മഴക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.
അതിശക്തമായ കാറ്റുണ്ടാവാനും കടല്‍ പ്രക്ഷുബ്ധമാകാനും ഇടയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പു ലഭിക്കുന്നതു വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് ഒഴിവാക്കണം. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഉടന്‍ തീരത്തെത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഏഴാം തീയതി വരെ യെല്ലോ അലര്‍ട്ട് ആണ്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ സ്വീകരിച്ചു. കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണം. രാത്രികാലങ്ങളില്‍ മലയോരമേഖലയിലെ യാത്ര ഒഴിവാക്കണം. ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതോടെ തീരപ്രദേശത്ത് അതി ശക്തമായ കാറ്റടിക്കാനും അത് വഴി അപകടങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനും പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാനും എല്ലാ വകുപ്പിലേയും ഉദ്യോഗസ്ഥര്‍ സജ്ജരായിരിക്കണം.
പൊലീസ്, റവന്യു, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കുറും അടിയന്തര ഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ ഉറപ്പുവരുത്തും. ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡെപ്യൂട്ടി കലക്ടര്‍ കെ. ഹിമ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ജില്ലയിലെ ഡാം ജലനിരപ്പ് വിലയിരുത്തുന്നതിനും ആവശ്യഘട്ടത്തില്‍ ഡാം തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുമായി ഇന്ന് രാവിലെ 11.30 ന് ബന്ധപ്പെട്ട മേഖലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരും.

Sharing is caring!