സംസ്ഥാനത്തെ മികച്ച വിദ്യാലയം മലപ്പുറം ജില്ലയില്
മലപ്പുറം: സ്കൂള് വിക്കിയില് മികച്ച രീതിയില് വിവരങ്ങള് നല്കുന്ന സ്കൂളുകള്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരളാ ഇന്ഫ്രാസ്ട്രക്ചര് ആന്ഡ് ടെക്നോളജി ഫോര് എഡ്യൂക്കേഷന് (കൈറ്റ്) പ്രഖ്യാപിച്ച കെ.ശബരീഷ് സ്മാരക പുരസ്കാരം നാളെ വിതരണം ചെയ്യും. മലപ്പുറം ഗവ. ഗേള്സ് ഹയര്സെക്കന്ഡറി സ്കൂളില് നടക്കുന്ന പരിപാടിയില് പൊതു വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അവാര്ഡുകള് വിതരണം ചെയ്യും.
പി ഉബൈദുള്ള എം.എല്.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്, നഗരസഭാ ചെയര് പേഴ്സണ് സി.എച്ച്. ജമീല, കൈറ്റ് വൈസ് ചെയര്മാന് കെ. അന്വര് സാദത്ത്, വിക്കിപീഡിയ കണ്സള്ട്ടന്റും സ്കൂള് വിക്കി അവാര്ഡ് നിര്ണ്ണയ കമ്മിറ്റി ചെയര്മാനുമായ വിശ്വപ്രഭ എന്നിവര് പങ്കെടുക്കും.
അരീക്കോട് ജിഎച്ച്എസ്എസിനാണ് അവാര്ഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും ട്രോഫിയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്ഡ്. മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുളള അവാര്ഡ് കടുങ്ങപുരം ജി.എച്ച്.എസ്. സ്കൂളിനാണ്.
ജി.എം.യു.പി.എസ് കാളികാവ് ബസാറിനാണ് രണ്ടാം സ്ഥാനം. ജില്ലാതലത്തില് ഒന്നും രണ്ടും സമ്മാനാര്ഹരായവര്ക്ക് ട്രോഫിയും പ്രശംസാപത്രവും യഥാക്രമം പതിനായിരം, അയ്യായിരം രൂപയും ലഭിക്കും. സമ്മാനാര്ഹരായ സ്കൂളുകളുടെ പട്ടികയും പേജുകളും രെവീീഹംശസശ.ശി ല് ലഭ്യമാണ്.
ഐടി അറ്റ് സ്കൂള് മാസ്റ്റര് ട്രെയ്നറായിരുന്ന കെ ശബരീഷിന്റെ ഓര്മക്കായാണ് അവാര്ഡ് ഏര്പ്പെടുത്തിയത്. സ്കൂള് വിക്കിയുടെ പ്രധാന പ്രചാരകനും കൂടുതല് സംഭാവനകള് നല്കിയ വ്യക്തിയുമായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഒന്നു മുതല് പന്ത്രണ്ടുവരെയുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009-ല് ആരംഭിച്ച സ്കൂള് വിക്കി പോര്ട്ടല് വിക്കിപീഡിയ മാതൃകയില് പങ്കാളിത്ത സ്വഭാവത്തോടെ വിവരശേഖരണം സാധ്യമാക്കുന്നതാണ്. പൂര്ണമായും മലയാളത്തിലുള്ള സ്കൂള് വിക്കി ഇന്ത്യന് പ്രാദേശിക ഭാഷകളിലുള്ള ഏറ്റവും വലിയ ഡിജിറ്റല് വിവര സംഭരണിയാണ്. 2017 മുതല് സ്കൂള് കലോല്സവങ്ങളിലെ മുഴുവന് രചനാ മത്സരങ്ങളുടെ സൃഷ്ടികളും സ്കൂള് വിക്കിയില് ലഭ്യമാക്കി വരുന്നുണ്ട്. സ്കൂളിന്റെ വിവരങ്ങള്, ചരിത്രം, പ്രമുഖരായ പൂര്വ്വ വിദ്യാര്ത്ഥികള്, സ്കൂള് മാപ്പ്, വിവിധ ക്ലബ്ബുകള് തുടങ്ങിയവ ഉള്പ്പെടെ സ്കൂള് വിക്കിയില് ലഭ്യമാണ്. നിലിവില് 26952 പേര് അംഗത്വമെടുത്തിട്ടുള്ള സ്കൂള് വിക്കിയില് 16047 ലേഖനങ്ങളുണ്ട്.
2010-ലെ സേ്റ്റാക്ഹോം ചലഞ്ച് അവാര്ഡ്, 2017-ലെ സോഷ്യല് മീഡിയ ഫോര് എംപവര്മെന്റ് അവാര്ഡ് തുടങ്ങിയ പുരസ്കാരങ്ങളും സ്കൂള് വിക്കിക്ക് ലഭിച്ചിട്ടുണ്ട്.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]