മനാഫ് വധക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട കൊണ്ടോട്ടി സി.ഐയെ സ്ഥലം മാറ്റി

മനാഫ് വധക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട കൊണ്ടോട്ടി സി.ഐയെ സ്ഥലം മാറ്റി

മലപ്പുറം: മനാഫ് വധക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട കൊണ്ടോട്ടി സി.ഐയെ സ്ഥലം മാറ്റി. മനാഫ് വധക്കേസില്‍ 23 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ എളമരം മപ്രം ചെറുവായൂര്‍ പയ്യനാട്ട്തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീറിനെ സംരക്ഷിച്ചെന്ന് ആരോപണം ഉയര്‍ന്ന സി.ഐ മുഹമ്മദ് ഹനീഫയെ പാലക്കാട് വിജിലന്‍സിലേക്കാണ് സ്ഥലം മാറ്റിയത്.

എം.ഗംഗാധരനാണ് പുതിയ കൊണ്ടോട്ടി സി.ഐ. മനാഫ് വധക്കേസ് പ്രതികളായ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്‍മാര്‍ ഉള്‍പ്പെടെ നാലു പേരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പിടിക്കാന്‍ മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേററ്റ് മലപ്പുറം ജില്ലാ പോലീസ് ചീഫിനോട് ജൂലൈ 25ന് ഉത്തരവിട്ടിരുന്നു. ജില്ലാ പോലീസ് ചീഫിന്റെ ക്രൈം സ്‌ക്വാഡും പോലീസ് ഇന്റലിജന്‍സ് വിഭാഗവും പ്രതികളുടെ പരിധിയിലെ പോലീസ് സ്റ്റേഷനുകളില്‍ വിവരം കൈമാറിയിരുന്നു. എന്നാല്‍ നാട്ടിലുണ്ടായിരുന്ന കബീറിനെ പിടിക്കാന്‍ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.

കബീര്‍ എളമരം മപ്രത്തെ വീട്ടില്‍ സുരക്ഷിതനായി കഴിയുന്നത് സംബന്ധിച്ച് പ്രദേശത്തെ സി.പി.എം നേതാക്കള്‍ തന്നെ പോലീസിനെ അറിയിച്ചിട്ടും പിടികൂടാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ കബീറിനെയും മറ്റൊരു പ്രതി നിലമ്പൂര്‍ ജനതപ്പടി മുനീബിനെയും കോടതിയില്‍ കീഴടങ്ങാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു പോലീസ്. പോലീസ് തിരക്കഥയിലാണ് പ്രതികള്‍ കീഴടങ്ങിയതെന്ന് മനാഫിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

കബീറിന്റെയും മുനീബിന്റെയും ജാാമ്യഹര്‍ജി മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്ന ദിവസം മറ്റൊരു കേസില്‍ പ്രതിയെ ഹാജരാക്കാനായി കൊണ്ടോട്ടി പോലീസ് ഇന്‍സ്പെക്ടര്‍ ഹനീഫ കോടതിയില്‍ എത്തിയിരുന്നു. കോടതി നടപടി പൂര്‍ത്തിയായിട്ടും സി.ഐ ഹനീഫ, കബീറിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വരെ കാത്തിരുന്നു. ഒടുവില്‍ കബീറിന്റെ സഹോദരങ്ങളും മറ്റുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്. സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും ഇതു സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കബീര്‍ വീട്ടില്‍ നടത്തിയ സല്‍ക്കാരങ്ങള്‍, സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. 23 വര്‍ഷമായി ഒളിവില്‍ കഴിയുന്ന കബീര്‍ നിയമത്തില്‍ നിന്നും ഒളിച്ചുകഴിയാന്‍ ജാബിര്‍ എന്ന പേരുകൂടി സ്വീകരിച്ചിരുന്നു. ഹനീഫ കൊണ്ടോട്ടി സി.ഐയായി വാഴക്കാട്, കരിപ്പൂര്‍ പോലീസ് സ്റ്റേഷന്‍ ചുമതലകള്‍ ഉണ്ടായിരുന്ന കാലത്തും. കൊണ്ടോട്ടി പോലീസ് സ്റ്റേഷന്‍ ചുമതലമാത്രമായി സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരിക്കുമ്പോഴും കബീറുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്.

മനാഫ് വധക്കേസില്‍ പ്രതിയായി ഗള്‍ഫിലേക്ക് മുങ്ങുമ്പോള്‍ എളമരത്തെ ജീപ്പ് ഡ്രൈവറായിരുന്നു കബീര്‍. പിന്നീട് മടങ്ങിയെത്തിയത് സിനിമാക്കഥകളെപ്പോലും വിസ്മയിപ്പിക്കുന്ന തരത്തില്‍ കോടീശ്വരനായി. ഇടക്കിടക്ക് ഗള്‍ഫില്‍ പോയി വരുന്ന കബീര്‍ മപ്രത്ത് ഏതാണ്ട് ഒരേക്കര്‍ സ്ഥലത്ത് നീന്തല്‍ക്കുളമടക്കമുള്ള ആധുനിക സൗകര്യങ്ങളെല്ലാമുള്ള മൂന്നു കോടി രൂപ വിലമതിക്കുന്ന മണിമാളികയാണ് പണിതുയര്‍ത്തിയത്. സമീപത്തെ കുന്നില്‍ വേനല്‍ക്കാല വസതികള്‍ വേറെയും. പലയിടങ്ങളിലായി കോടികളുടെ ഭൂസ്വത്തും.

കബീര്‍ അടക്കം ഒളിവിലുള്ള നാലു പ്രതികളെ പിടിക്കണമെന്ന ആവശ്യവുമായി മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചപ്പോഴും കബീര്‍ നാട്ടില്‍ സസുഖം വാണു. പ്രതികളെക്കുറിച്ച് കോടതി പോലീസ് റിപ്പോര്‍ട്ട് തേടിയപ്പോള്‍ ഇവരുടെ വീടുകളില്‍ ചെന്ന് അന്വേഷിച്ചെന്നും മുനീബ് നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് താമസിക്കുകയാണെന്നും ഒളിവില്‍ പോയെന്നും കബീറും അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്‍മാരായ എടവണ്ണ മുങ്ങേര മാലങ്ങാടന്‍ ഷഫീഖ് , മാലങ്ങാടന്‍ ഷെരീഫ് എന്നിവര്‍ ഗള്‍ഫിലാണെന്നുമായിരുന്നു എടവണ്ണ എസ്.ഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. ലുക്കൗട്ട് നോട്ടീസ് ഇറക്കി മൂന്നു മാസത്തിനകം ഇവരെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മലപ്പുറം ജില്ലാ പോലീസ്ചീഫിനോട് ഉത്തരവിട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ്, എളമരം മപ്രത്ത് കബീര്‍ താമസിക്കുന്നതായുള്ള വിവരം എടവണ്ണ പോലീസിനു നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പ്രതിയ അറസ്റ്റ് ചെയ്യാനുള്ള വാറന്റ് വാഴക്കാട് പോലീസിനു കൈമാറിയെന്നായിരുന്നു മറുപടി. വാഴക്കാട് പോലീസും അനങ്ങിയില്ല. ഇടക്കിടക്ക് ഗള്‍ഫില്‍ പോയി വരുന്ന കബീര്‍ കഴിമ മൂന്നു മാസമായി നാട്ടില്‍ തന്നെയുണ്ടെന്നാണ്
നാട്ടുകാര്‍ പറയുന്നത്.

1995 ഏപ്രില്‍ 13ന് പട്ടാപ്പകലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍ വെച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തിയത്. പ്രോസിക്യൂഷനുമായി ഒത്തുകളിച്ച് ഒന്നാം സാക്ഷിയെ കൂറുമാറ്റിയതോടെയാണ് പി.വി അന്‍വര്‍ എം.എല്‍.എയടക്കം 21 പ്രതികളെയും വിചാരണക്കോടതി വെറുതെവിട്ടത്. കേസില്‍ പ്രതിയായിരുന്ന അന്‍വര്‍ അടക്കമുള്ളവരെ വെറുതെ വിട്ട മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കബീറിനും മുനീബിനും മഞ്ചേരി ജില്ലാ കോടതിയും ജാമ്യം നിഷേധിച്ചു. ഒരുമാസമായി ഇരുവരും കോഴിക്കോട് സബ് ജയിലില്‍ റിമാന്റിലാണ്.

Sharing is caring!