ബ്രിട്ടീഷ് സൈന്യത്തെ തല ഉയര്‍ത്തി നേരിട്ട ധീരസ്മരണകള്‍ അലയടിച്ച് മലപ്പുറം കാരകുന്നത്ത് തറവാട്
പൊന്നാനി: സ്വാതന്ത്ര്യസമര സേനാനികളുടെ അഭയകേന്ദ്രമായിരുന്ന കാരകുന്നത്ത് തറവാട്ടില്‍ വീണ്ടുമൊരു ഗാന്ധിജയന്തികൂടി എത്തുമ്പോള്‍ ബ്രിട്ടീഷ് സൈന്യത്തെ തല ഉയര്‍ത്തി നേരിട്ട ധീരസ്മരണകള്‍ അലയടിക്കുകയാണ്. നിരവധി സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ഭൂമികയായ പൊന്നാനിയും കാരകുന്നത്ത് തറവാടും പൊന്നാനിക്കാര്ക്കിന്നും പൊന്നോര്മയാണ്. ഗുരുവായൂര്‍ സത്യഗ്രഹ കാലത്ത് മഹാത്മാഗാന്ധിയുടെ പത്നി ഒരാഴ്ചയോളം താമസിച്ചത് കാരകുന്നത്ത് തറവാട്ടിലാണ്.
പൊന്നാനി തൃക്കാവ് ക്ഷേത്രം ബസ് സ്റ്റോപ്പിന് സമീപത്താണ് പ്രഭാവം കൈവിടാത്ത നാലുകെട്ടോടുകൂടിയ കാരകുന്നത്ത് തറവാട്. ചരിത്ര ശേഷിപ്പുകള്‍ കാണാനും സന്ദര്‍ശനത്തിനുമായി നിരവധി പേര് തറവാട്ടിലെത്തുന്നുണ്ട്.
2018 ഏപ്രിലിലാണ് തറവാടിനെ ദേശീയ പൈതൃക ഭവനമായി പ്രഖ്യാപിച്ചത്.
വി ടി ഭട്ടതിരിപ്പാടിന്റെ വീട്ടില്‍ താമസിച്ചിരുന്ന കസ്തൂര്‍ബയെ കെ വി രാമന് മേനോന്റെ ഗുമസ്ഥനായിരുന്ന മഹാകവി ഇടശ്ശേരിയാണ് കാരകുന്നത്തേക്ക് കൊണ്ടുവന്നത്. അക്കാലത്ത് കസ്തൂര്‍ബ നൂല്‍നൂറ്റിരുന്ന ചര്‍ക്ക കാലത്തെ അതിജീവിച്ച് തറവാട്ടില്‍ ഇപ്പോഴുമുണ്ട്. സരോജിനി നായിഡു, രാജഗോപാലാചാരി, ഡോ. രാജേന്ദ്രപ്രസാദ് തുടങ്ങിയ ദേശീയ നേതാക്കളും ഇവിടെ താമസിച്ചിട്ടുണ്ട്.
എവി ഹൈസ്കൂളില്‍ അധ്യാപകനായി എത്തിയ കേരളഗാന്ധി കെ കേളപ്പന്റെയും പൊന്നാനിഗാന്ധി കെ വി രാമന് മേനോന്റെയും ഗാന്ധിയന്‍ ദര്‍ശനം നെഞ്ചേറ്റിയ കെ വി ബാലകൃഷ്ണമേനോന്റെയും പോരാട്ട ചരിത്രം തറവാടിന്റെയുംകൂടിയാണ്. 1921ല്‍ ഈ മൂന്ന് പേരെയും ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്തത് തറവാടുവളഞ്ഞാണ്. തറവാടിനെ ആയുധങ്ങളേന്തിയ പട്ടാളം വളഞ്ഞപ്പോള്‍ കെ വി രാമന്മേനോന്റെ സഹോദരിപുത്രി അമ്മുകുട്ടി പുറത്തുവന്ന് പട്ടാള മേധാവിയോട് ഇംഗ്ലീഷില്‍ പറഞ്ഞ വാക്കുകള്‍ കാലങ്ങള്‍ പിന്നിട്ടിട്ടും മതില് കെട്ടുകളിലിന്നും പ്രതിധ്വനിക്കുന്നു. അമ്മുകുട്ടിയുടെ ആത്മധൈര്യം കണ്ട പട്ടാള മേധാവി ഒടുവില്‍ മാപ്പുപറഞ്ഞതും ചരിത്രം. കെ വി രാമന്മേനോന്റെ ഡയറിക്കുറിപ്പില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
പൊന്നാനിയുടെ ഇതിഹാസ പൈതൃകത്തിന്റെ സുവര്‍ണരേഖ എന്ന പുസ്തകത്തിലും കാരക്കുന്നത്ത് തറവാടിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
ജനകീയ പ്രതിരോധം ഭയന്ന് ബംഗളൂരുവില്‍നിന്ന് നാല് ബറ്റാലിയന് സൈന്യം തിരൂരില്‍ തീവണ്ടിയിറങ്ങി പൊന്നാനിയിലേക്ക് നടത്തിയ മാര്‍ച്ചും ചരിത്രമാണ്.
മലബാര്‍ കലാപം പൊട്ടിപ്പുറപ്പെട്ട സമയം കലാപം നടത്താന്‍ പൊന്നാനിയിലെത്തിയ കലാപകാരികളെ പ്രതിരോധിച്ച് മടക്കിയയച്ച മൂന്ന് സ്വാതന്ത്ര്യസമര നേതാക്കളെയാണ് കാരക്കുന്നത്ത് തറവാട്ടില്‍നിന്ന് ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കലാപകാരികളെ സഹായിച്ചുവെന്ന കള്ളക്കേസുണ്ടാക്കിയും കള്ള് ഷാപ്പ് കത്തിക്കല്‍, പൊലീസ് സ്റ്റേഷന് ആക്രമണം തുടങ്ങിയവയായിരുന്നു കേസുകള്‍. കെ കേളപ്പന്, കെ വി രാമന് മേനോന്, കെ വി ബാലകൃഷ്ണമേനോന് എന്നിവരെ വീട് വളഞ്ഞ് ബ്രിട്ടീഷ് സൈന്യം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. കെ കേളപ്പന് ഗാന്ധിജിയുടെ പാത പിന്തുടര്ന്ന് സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് പ്രവേശിച്ചു.
മദ്രാസ് കോളേജില്‍ ബിരുദ പഠന സമയത്ത് മറീനാ ബീച്ചില്‍ ഗാന്ധിജിയുടെ പ്രസംഗംകേട്ട് കെ വി രാമന് മേനോനും. ഡോക്ടറാവാന്‍ പഠിക്കവെ സമ്പത്തിന്റെയും ഫ്യൂഡല്‍ വ്യവസ്ഥയുടെയും മുഴുവന്‍ സൗഭാഗ്യങ്ങളും ത്യജിച്ച് ഗാന്ധിജി നയിച്ച സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പോരാളികളാവാന്‍ ഇറങ്ങിത്തിരിച്ച ഇവര്‍ പൊന്നാനിക്ക് നല്‍കിയത് മാനവികതയുടെയും ദേശീയതയുടെയും സന്ദേശങ്ങളാണ്. പതിനൊന്ന് മാസത്തെ തടവ് ശിക്ഷക്കിടെ രോഗബാധിതനായി കെ വി ബാലകൃഷ്ണമേനോന് ജയിലില്‍ മരിച്ചു. ഇതോടെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് ദേശീയ പ്രസ്ഥാനത്തിന്റെ രക്തസാക്ഷിയായി ബാലകൃഷ്ണമേനോന് മാറി.
കാരകുന്നത്ത് തറവാടിന്റെ മകന്റെ രാജ്യത്തിന് വേണ്ടിയുള്ള രക്തസാക്ഷിത്വം നാടും കുടുംബവും നെഞ്ചോട് ചേര്‍ത്തു. തറവാടിന്റെ തായ് വഴിയില്‍പെട്ട ഹരി നാരായണനും ഭാര്യ പുഷ്പയും സഹോദരി ജയശ്രീയുമാണ് ഇപ്പോള്‍ അന്തേവാസികള്‍.
RECENT NEWS
കർദിനാൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്‍ദിനാളായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസകള്‍ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില്‍ വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]