മനാഫ് വധക്കേസ്; ഇനി പിടിയിലാകാനുള്ളത് അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാര്
നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായിരുന്ന കോളിളക്കം സൃഷ്ടിച്ച മനാഫ് വധക്കേസിലെ രണ്ടു പ്രതികള്‍ക്ക് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. എളമരം മപ്രം ചെറുവായൂര്‍ പയ്യനാട്ട്തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍(45), നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ്(45) എന്നിവര്‍ക്കാണ് ജില്ലാ ജഡ്ജി.സുരേഷ്കുമാര്‍ പോള്‍ ജാമ്യം നിഷേധിച്ചത്. കൊലപാതകം നടത്തി 23 വര്‍ഷം ഒളിവില്‍പോയ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു. വര്‍ഷങ്ങളോളം വിദേശത്ത് ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ക്ക് ജാമ്യം നല്കിയാല് കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും അതിനാല്‍ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിചാരണ നടത്തണമെന്നുമാണ് പോലീസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്.
1995 ഏപ്രില്‍ 13ന് പട്ടാപ്പകലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍വെച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തിയത്. പ്രോസിക്യൂഷനുമായി ഒത്തുകളിച്ച് ഒന്നാം സാക്ഷിയെ കൂറുമാറ്റിയതോടെയാണ് പി.വി.അന്‍വര്‍ എം.എല്‍.എയടക്കം 21 പ്രതികളെയും വിചാരണക്കോടതി വെറുതെവിട്ടത്. കേസില്‍ രണ്ടാം പ്രതിയായിരുന്ന അന്‍വര്‍ അടക്കമുള്ളവരെ വെറുതെ വിട്ട മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന് അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൊലപാതകം നടന്ന് 23 വര്‍ഷമായിട്ടും അന്‍വറിന്റെ രണ്ട് സഹോദരീ പുത്രന്മാരടക്കം നാലു പ്രതികളെ പിടികൂടാന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നു കാണിച്ച് അബ്ദുല്‍റസാഖ് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന് ഷഫീഖ്, മാലങ്ങാടന് ഷെരീഫ് എന്നിവരെയും എളമരം മപ്രം ചെറുവായൂര്‍ പയ്യനാട്ട്തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍, നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് എന്നിവരെയും ലുക്കൗട്ട് നോട്ടീസ് ഇറക്കി മൂന്നു മാസത്തിനകം ഇവരെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ജൂലൈ 25ന് മലപ്പുറം ജില്ലാ പോലീസ് ചീഫിനോട് ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ആഗസ്റ്റ് 30തിന് കബീറും മുനീബും മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചത്. കേസില്‍ അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന് ഷഫീഖ് , മാലങ്ങാടന് ഷെരീഫ് എന്നിവരെ പിടികൂടാനുണ്ട്.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]