കോട്ടക്കുന്നില്‍ കലക്ടര്‍ പൂട്ടി സീല്‍ചെയ്ത സ്ഥാപനം പൂട്ടുപൊളിച്ച് തുറന്ന് പ്രവര്‍ത്തിക്കുന്നു

കോട്ടക്കുന്നില്‍ കലക്ടര്‍ പൂട്ടി സീല്‍ചെയ്ത സ്ഥാപനം പൂട്ടുപൊളിച്ച് തുറന്ന് പ്രവര്‍ത്തിക്കുന്നു

മലപ്പുറം: ജില്ലാ കലക്ടറുടെ ഉത്തരവിന് പുല്ലുവില കല്‍പിച്ച് കോട്ടക്കുന്ന് പാര്‍ക്കിലെ സ്ഥാപനം വീണ്ടും തുറന്നുപ്രവര്‍ത്തിക്കുന്നു. കലക്ടര്‍ അമിത് മീണയുടെ നിര്‍ദ്ദേശപ്രകാരം അടച്ചുപൂട്ടി സീല്‍ചെയ്ത ടേക്ക് എ ബ്രേക്ക് അമിനിറ്റി സെന്റര്‍ എന്ന സ്ഥാപനം ആണ് ഉടമകള്‍ പൂട്ട്പൊളിച്ച് വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കുന്നത്. ഈസ്ഥാപനത്തില്‍ പ്രവേശിക്കുവാനോ, സ്ഥാപക ജംഗമ വസ്തുക്കള്‍ അനുമതിയില്ലാതെ നീക്കം ചെയേ്‌ാേനോ പാടില്ലെന്നും കാണിച്ച് കഴിഞ്ഞ ആഴ്ച്ചയാണ് കലക്ടര്‍ ഉത്തരവിട്ടത്.
തുടര്‍ന്ന് ഈ സ്ഥാപനം പൂട്ടി സീല്‍ചെയ്തെതെങ്കിലും അന്നേദിവസം തന്നെ ഉടമകള്‍ പൂട്ടുപൊളിക്കുകയും സ്ഥാപനം തുറക്കുകയും ചെയ്യുകയായിരുന്നു.

ഡി.ടി.പി.സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈസ്ഥാപനത്തിന് ഡി.ടി.പി.സിയിലെ തന്നെ ചില ഉദ്യോഗസ്ഥരുടെയും ചില എക്സിക്യൂട്ടീവ് അംഗങ്ങളുടേയും രഹസ്യസഹായങ്ങള്‍ ലഭിക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
സ്ഥാപനം പ്രവര്‍ത്തിക്കുന്നതിനുള്ള കാലാവധി ഒരു വര്‍ഷംമുമ്പെ അവസാനിച്ചെങ്കിലും ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ഇത്രയും കാലം ചെറിയ വാടക മാത്രം നല്‍കി സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും പരാതിയുണ്ട്.

ഇതിനുംപുറമെ ഇവര്‍ക്ക് വില്‍പന നടത്താന്‍ അനുമതിയില്ലാത്ത മറ്റു വസ്തുക്കള്‍ അടക്കം ഇവിടെ വില്‍പന നടത്തുന്നത് തങ്ങളുടെ വ്യാപാരത്തെയും ബാധിക്കുന്നതായി കൂടുതല്‍ വാടക നല്‍കിയ തൊട്ടടുത്ത തന്നെ പ്രവര്‍ത്തിക്കുന്ന മറ്റു കച്ചവടക്കാരും പരാതിപ്പെടുന്നുണ്ട്. തൊട്ടടുത്ത്തന്നെ ഇതെ രീതിയില്‍ മറ്റൊരു സ്ഥാപനവും അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി പരാതിയുണ്ട്.

Sharing is caring!