തിരൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച 15വയസ്സുകാരിയെ 20കാരന്‍ കുത്തിക്കൊന്നു

തിരൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച 15വയസ്സുകാരിയെ 20കാരന്‍ കുത്തിക്കൊന്നു

തിരൂര്‍: തിരൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനഞ്ചുകാരിയെ ഇരുപതുകാരന്‍ കുത്തിക്കൊന്നു. നെഞ്ചിന് ആഴത്തിലുള്ള മുറിവേറ്റാണ് പെണ്‍കുട്ടി മരിച്ചത്.
വെസ്റ്റ് ബംഗാള്‍ വെര്‍ദമാന്‍ സ്വദേശി സാദത്ത് ഹുസൈന്‍ (21) ആണ് ബാലികയെ കൊലപ്പെടുത്തിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി തിരൂര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.
തൃക്കണ്ടിയൂര്‍ വിഷുപ്പാടത്ത് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വാടക കെട്ടിടത്തില്‍ കഴിയുന്ന കുട്ടിയെ കൂടെ താമസിക്കുന്ന യുവാവ് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റ പെണ്‍കുട്ടിയെയും കുടുംബത്തെയും വെസ്റ്റ്ബംഗാളില്‍ വെച്ച് സാദത്തിന് പരിചയമുണ്ട്.

ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി അല്‍പം മുമ്പാണ് മരിച്ചത്.

നിര്‍മ്മാണ തൊഴിലാളിയാണ് സാദത്ത് ഹുസൈന്‍. വാടക ക്വാര്‍ട്ടേഴ്‌സില്‍ കൂടെ താമസിക്കുന്ന കുടുംബത്തിലെ കുട്ടിയോട് സാദത്ത് ഹുസൈന്‍ പലതവണ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു.ഇത് നിരസിച്ചതില്‍ പകമൂത്ത പ്രതി ക്വാര്‍ട്ടേഴ്‌സില്‍ ആരുമില്ലാത്ത തക്കം നോക്കി അടുക്കളയിലുണ്ടായിരുന്ന പെണ്‍കുട്ടിയെ കത്തിയെടുത്ത് കുത്തുകയായിരുന്നു. നിലവിളി കേട്ട് സമീപ വീടുകളിലുള്ളവര്‍ ഓടിയെത്തിയപ്പോള്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. നെഞ്ചിനും കാലുകള്‍ക്കും കുത്തേറ്റിട്ടുണ്ട്.പ്രതിയെ ദ്വിഭാഷിയുടെ സഹായത്താല്‍ ചോദ്യം ചെയ്തു വരുന്നു.

Sharing is caring!