മലപ്പുറത്ത് മാനിറച്ചി എന്ന് കരുതി കഴിച്ചത് പട്ടിയിറച്ചി

മലപ്പുറത്ത് മാനിറച്ചി എന്ന് കരുതി കഴിച്ചത് പട്ടിയിറച്ചി

 

മലപ്പുറം: ആവി പറക്കുന്ന പ്ലേറ്റില്‍ ചൂടോടെ മുന്നിലെത്തിയ സാധനം തട്ടിവിട്ടപ്പോള്‍ ആരും അറിഞ്ഞിരുന്നില്ല. തങ്ങളുടെ വയറ്റിലേക്കെത്തിയത് പട്ടിയിറച്ചി ആണെന്ന്. പക്ഷേ സംഭവം അറിഞ്ഞപ്പോഴേക്കും കഴിച്ചവര്‍ ഛര്‍ദ്ദിച്ച് ഒരു വഴിയായിരുന്നു. നിലമ്പൂര്‍ കാളികാവിലാണ് മാനിറച്ചിയെന്നു കരുതി പട്ടിയിറച്ചി ചിലര്‍ അകത്താക്കിയത്. ചോക്കാട് പഞ്ചായത്തിലെ കല്ലാമൂലയിലാണ് സംഭവം. തോക്കുള്ള വേട്ടക്കാര്‍ നിരവധി ഇവിടുണ്ടെന്നു നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിക്കുന്നില്ല

ഒരു കൂട്ടം ഭക്ഷണപ്രേമികള്‍ക്ക് വേട്ടക്കാരാണ് പണികൊടുത്തത്. മാനിന്റെ ഇളം ഇറച്ചിയെന്ന വ്യാജേന പട്ടിയിറച്ചി ഇവര്‍ക്കു നല്‍കുകയായിരുന്നു. ആക്രാന്തത്തോടെ തട്ടിവിട്ട ഇവര്‍ സംഭവത്തിനു ശേഷം ഛര്‍ദ്ദിച്ച് അവശരായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു

കാട്ടില്‍ കയറി മാനിനെ വേട്ടയാടി ശുദ്ധമായ വെടിയിറച്ചി നല്‍കാമെന്നായിരുന്നു വേട്ടക്കാരുടെ പ്രലോഭനം. മാനിറച്ചിയെന്ന വ്യാജേന ഉയര്‍ന്ന വിലയ്ക്ക് ഇവര്‍ക്ക് ഇറച്ചി വില്‍ക്കുകയും ചെയ്തു. ചിലര്‍ക്ക് ഇറച്ചി വേവിച്ചപ്പോള്‍ ചെറിയ സംശയം തോന്നിയിരുന്നു. കൂടുതല്‍ സമയം എടുത്തിട്ടും ഇറച്ചി വേവാത്തതാണ് ചിലരില്‍ സംശയം ജനിപ്പിച്ചത്. കൂടാതെ, കാളികാവ് മലയുടെ അടിവാരത്തില്‍ നിന്നും നിരവധി നായകളുടെ അറുത്തെടുത്ത തലകൂടി കിട്ടിയപ്പോള്‍ സംഗതി ഉറപ്പിച്ചു. പലരുടേയും അകത്തുപോയിരിക്കുന്നത് പട്ടിയിറച്ചിയാണെന്ന്.

പട്ടിയിറച്ചി തിന്ന് ഛര്‍ദ്ദിച്ച് ഒരു വഴിയായവര്‍ക്ക് പൊലീസില്‍ പരാതി നല്‍കാനും ഭയമാണ്. വന്യമായ മാനിറച്ചിക്കായി കാശിറക്കിയത് നിയമപരമായി ഗുരുതര കുറ്റമാണ്. എന്നാല്‍ ഇതു സംബന്ധിച്ച് പരാതി ലഭിക്കാത്തതിനാല്‍ നിലവില്‍ കേസെടുത്തിട്ടില്ല. അതേസമയം സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേട്ടക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Sharing is caring!