പാമ്പുകടിയേറ്റ 10വയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ പൊലീസും സന്നദ്ധ പ്രവര്‍ത്തകരും നടത്തിയതു ‘ട്രാഫിക്’ സിനിമയെ അനുസ്മരിപ്പിക്കുന്ന രക്ഷാപ്രവര്‍ത്തനം

പാമ്പുകടിയേറ്റ 10വയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ പൊലീസും സന്നദ്ധ പ്രവര്‍ത്തകരും നടത്തിയതു ‘ട്രാഫിക്’ സിനിമയെ അനുസ്മരിപ്പിക്കുന്ന രക്ഷാപ്രവര്‍ത്തനം

മലപ്പുറം: പാമ്പുകടിയേറ്റ 10വയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ പൊലീസും സന്നദ്ധ പ്രവര്‍ത്തകരും നടത്തിയതു ‘ട്രാഫിക്’ സിനിമയെ അനുസ്മരിപ്പിക്കുന്ന രക്ഷാപ്രവര്‍ത്തനം. മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് 50 കിലോമീറ്റര്‍ ദൂരമുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബാലികയെ എത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ പേരാപുറത്ത് ശിഹാബുദ്ദീനു വേണ്ടിവന്നത് 27 മിനിറ്റ്.
മഞ്ചേരിയിലെ സോളിഡാരിറ്റി സേവന കേന്ദ്രത്തിന്റെ ആംബുലന്‍സിലായിരുന്നു യാത്ര.

മുന്നില്‍ പൊലീസ് വാഹനവും പിന്നില്‍ 3 ആംബുലന്‍സുമായി ‘പറന്ന’ ജീവനു വഴിയൊരുക്കാന്‍ മഞ്ചേരി മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വരെ പൊലീസും നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും കൈകോര്‍ത്തു. കാവനൂര്‍ സ്വദേശി ഉണ്ണിമോയിന്റെ മകള്‍ ഹുസ്‌ന(10)യെയാണ് ഇന്നലെ രാവിലെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കൃത്രിമ ശ്വാസംനല്‍കല്‍ അത്യാവശ്യമായി വന്നതോടെ കോഴിക്കോട്ടേക്ക് ഉടന്‍ മാറ്റണമെന്ന സ്ഥിതിയായി.

റോഡിലെ ഗതാഗതക്കുരുക്ക് കാര്യം ഗുരുതരമാക്കുമെന്ന വിലയിരുത്തല്‍ ഉണ്ടായതോടെ, അക്കാര്യം പൊലീസും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ഏറ്റെടുക്കുകയായിരുന്നു. കൊണ്ടോട്ടിയില്‍നിന്നു ട്രാഫിക് പൊലീസ് എത്തി വള്ളുവമ്പ്രം മുതല്‍ ഗതാഗത നിയന്ത്രണം ഏറ്റെടുത്തു. ആംബുലന്‍സിനു മുന്നില്‍ പൊലീസ് വാഹനം കുതിച്ചു.

കൂടുതല്‍ സഹായവുമായി മോങ്ങത്തുനിന്നും കൊണ്ടോട്ടിയില്‍നിന്നും ഓരോ ആംബുലന്‍സുകൂടി അകമ്പടി ചേര്‍ന്നു. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ കെ.പി.വിഷ്ണുവും നഴ്‌സും ആംബുലന്‍സില്‍ കൂടെയുണ്ടായിരുന്നു. ട്രാഫിക് പൊലീസിലെ ഒ.കെ.രാമചന്ദ്രന്‍, എ.കെ.രാജരത്‌നം, വി.ഹരിദാസന്‍ തുടങ്ങിയവരാണ് ആംബുലന്‍സിനു വഴിയൊരുക്കാന്‍ നേതൃത്വം നല്‍കിയത്. ഹുസ്‌ന അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഒരു മലപ്പുറം വീരഗാഥ

Sharing is caring!