മലപ്പുറം ജില്ലാപഞ്ചായത്തിന്റെ കിഡ്നി രോഗികള്‍ക്കുള്ള മരുന്ന് വിതരണം പുനരാരംഭിക്കും
മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്ന് മുടങ്ങിയ വൃക്ക മാറ്റിവെച്ച രോഗികള്‍ക്കുള്ള ജില്ലാപഞ്ചായത്ത് വകയായുള്ള മരുന്ന് വിതരണം പുനരാരംഭിക്കും.
കിഡ്നി പപേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി ജില്ലയിലെ പാലിയേറ്റീവ് ക്ലിനിക്കുകള്‍ മുഖേന നടത്തിയ മരുന്ന് വിതരണം സംസ്ഥാന സര്‍ക്കാറിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും നിലപാടുകാരണം നിലച്ചിരുന്നു. ഇതിന് പരിഹാരമായാണ് മലപ്പുറത്തുള്ള തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ജില്ലാ ആസ്പത്രികള്‍ വഴി മരുന്ന് വിതരണത്തിന് ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി രൂപക്കുള്ള മരുന്ന് ജില്ലാപഞ്ചായത്തിന് വേണ്ടി വാങ്ങി നല്കിയ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നടപടിക്കെതിരെ ഓഡിറ്റ് വിഭാഗം വിയോജിപ്പ് രേഖപ്പെടുത്തുകയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് വ്യക്തിപരമായ ബാധ്യതയായി ചെലവഴിച്ച തുക രേഖപ്പെടുത്തപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ഈ വര്‍ഷം ജില്ലാ പഞ്ചായത്ത് വകയിരുത്തിയ ഒരുകോടിരൂപ ഉപയോഗിച്ചുള്ള മരുന്ന് വാങ്ങി നല്കാന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് തുക വകയിരുത്തിയെങ്കിലും സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് നിര്‍വഹണ ഉദ്യോഗസ്ഥര്‍ മരുന്ന് വാങ്ങി നല്കാനാവാതെ വന്നതോടെ മരുന്ന് വിതരണം മുടങ്ങുകയും നിര്‍ധനരായ രോഗികള്മരുന്ന് ലഭിക്കാതെ ദുരിതത്തിലാവുകയും ചെയ്തു. കിഡ്നി മാറ്റിവെച്ച രോഗികള്‍ ഒരു മാസം 33000 രൂപ വരെ വിലയുള്ള മരുന്നുകള്‍ കഴിച്ചാണ് ജീവന് നിലനിര്‍ത്തുന്നത്. ജില്ലയില്‍ 600 ലധികം വൃക്ക മാറ്റിവെച്ച രോഗികളാണ് സൊസൈറ്റിയെ സൗജന്യ മരുന്നിനായി ആശ്രയിക്കുന്നത്. സൊസൈറ്റി ഈ മരുന്നുകള്‍ പൂര്‍ണമായും സൗജന്യമായാണ് വിതരണം ചെയ്തിരുന്നത്. ഈ മരുന്ന് വിതരണം മുടങ്ങിയതോടെ ദുരിതത്തിലായാ നിര്‍ധനരും നിരാലംബരുമായ രോഗികളുടെ പ്രയാസം മുന്നില്‍കണ്ടാണ് ജില്ലാ പഞ്ചായത്ത് പ്രോജക്ട് ഭേദഗതി വരുത്താന്‍ നടപടി സ്വീകരിച്ചത്.
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മൂന്ന് ജില്ലാ ആശുപത്രികള്‍ മുഖേന രോഗികള്‍ക്കുള്ള മരുന്ന് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളുണ്ടാക്കാന്‍ ജില്ലാപഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഇതുപ്രകാരം നേരത്തെ തയ്യാറാക്കിയ പ്രോജക്ട് ഭേദഗതി വരുത്തുന്നതിനും മൂന്ന് ജില്ലാ ആശുപത്രികളിലേയും സൂപ്രണ്ടുമാര്‍ നിര്‍വഹണ ഉദ്യോഗസ്ഥന്മാരായും യോഗത്തില്‍ തീരുമാനമായി. തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നീ ജില്ലാ ആശുപത്രികളുടെ പരിസരങ്ങളില്‍ വരുന്ന പഞ്ചായത്തുകളിലെ രോഗികള്‍ക്ക് ഈ ആശുപത്രികള്‍ കേന്ദ്രീകരിച്ച് മരുന്ന് വിതരണം ചെയ്യുവാനാണ് തീരുമാനം. ഇതുപ്രകാരം പ്രോജക്ട് ഭേദഗതി വരുത്തി മരുന്ന് വാങ്ങി വിതരണം ചെയ്യുന്നതിന് രണ്ടുമാസത്തെ സമയമെങ്കിലും വേണ്ടി വരും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ രോഗികള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടാലും തീരെ മരുന്ന് ലഭിക്കാത്ത പ്രയാസത്തിന് പരിഹാരമാവും ഈ തീരുമാനം. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളിലെ രോഗികള്‍ക്ക് തിരൂര്‍ ജില്ലാ ആശുപത്രി മുഖേനയും പെരുന്തല്‍മണ്ണ, കുണ്ടോട്ടി, താലൂക്കിലെയും ഏറനാട് താലൂകിലെ ചില പഞ്ചായത്തുകളിലെയും രോഗികള്‍ക്ക് പെരിന്തല്‍മണ്ണ ആശുപത്രിയില്‍ നിന്നും നിലമ്പൂര്‍ താലൂക്കിലെയും നിലമ്പൂര്‍ താലൂക്ക് നോട് ചേര്‍ന്ന് കിടക്കുന്ന ഏറനാട് താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ രോഗികള്‍ക്ക് നിലമ്പൂര്‍ ആസ്പത്രിയില്‍ നിന്നും മരുന്ന് നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണന് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കിഡ്നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറിയുമായ ഉമ്മര്‍ അറക്കല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സെക്കീന, ഡെപ്യൂട്ടി ഡിഎംഒ ഡോക്ടര്‍ ഇസ്മായില്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്, തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ജില്ലാ ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]