പുതിയ ഐ ഫോണിന്റെ ഇന്ത്യയിലെ ആദ്യ ഉടമ മലപ്പുറം സ്വദേശി

മലപ്പുറം: രാത്രി കോഴിക്കോട് നിന്ന് ഹോങ്കോങ്ങിലേക്ക് യാത്ര.  അന്ന് തന്നെ മടക്കം.  യാത്രയ്ക്ക് ഒറ്റലക്ഷ്യം.  പുതുതായി ഇറങ്ങുന്ന ഐ ഫോണിന്റെ ആദ്യ ഉടമയാവുക.  ആ സ്വപ്‌ന സാക്ഷാല്‍കാരത്തിന് ഉടമയായിരിക്കുന്നത് ഒരു മലപ്പുറം സ്വദേശിയാണ്.  മലപ്പുറം കല്‍പകഞ്ചേരി സ്വദേശിയും, ഡയാന ഡയമണ്ട് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ മുഹമ്മദ് ജുനൈദ് റഹ്മാനാണ് ആ അപൂര്‍വ നേട്ടത്തിന് അര്‍ഹനായത്.
ഐ ഫോണുകളോടുള്ള താല്‍പര്യം എല്ലാ വര്‍ഷവും ആദ്യ ദിവസം തന്നെ ഐ ഫോണ്‍ സ്വന്തമാക്കാന്‍ ജുനൈദിനെ പ്രലോഭിപ്പിക്കാറുണ്ട്. അങ്ങനെയാണ് ഇത്തവണ ലോകത്ത് ടൈം സോണ്‍ അനുസരിച്ച് ആദ്യം തന്നെ വില്‍പന ആരംഭിക്കുന്ന ഹോങ്കോങ്ങിലേക്ക് ടിക്കറ്റ് എടുക്കാന്‍ ജുനൈദിനെ പ്രേരിപ്പിച്ചത്.  ഐ ഫോണ്‍ സ്വന്തമാക്കുന്ന ആദ്യ മലയാളിയും, ഇന്ത്യക്കാരനുമെന്ന കൗതുകമാണ് തന്നെ ഈ ‘സാഹസത്തിന്’ പ്രേരിപ്പിച്ചതെന്ന് ജുനൈദ് പറയുന്നു.
പ്രീമിയം വിലയ്ക്കാണ് ഐ ഫോണ്‍ XS ഗോള്‍ഡിന്റെ 256 ജിബി ശേഷിയുള്ള ഫോണ്‍ ജുനൈദ് സ്വന്തമാക്കിയത്.  1249 ഡോളര്‍ വിലയുള്ള ഫോണിന് 531 ഡോളറോളം അധികം നല്‍കി 1780 ഡോളറിനാണ് ഷോറൂം വഴിയുള്ള വില്‍പന ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്നേ വിതരണക്കാരില്‍ നിന്ന് ഫോണ്‍ ലഭ്യമാക്കിയത്.  ഈയൊരു ഒറ്റ ലക്ഷ്യത്തോടെയായിരുന്നു ഹോങ്കോങ്ങിലേക്കുള്ള യാത്ര എന്നതു കൂടി കണക്കാക്കുമ്പോള്‍ ചെലവ് ഇരട്ടിയാകും.
ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ ഐ ഫോണ്‍ വില്‍പന തുടങ്ങാന്‍ വൈകുന്നതിനാലാണ് ഹോങ്കോങ്ങിലേക്ക് ജുനൈദ് ഫോണ്‍ വാങ്ങാന്‍ പോയത്.  ലോക സമയത്തില്‍ ഏറെ മുന്നിലുള്ള ഹോങ്കോങ്ങില്‍ അമേരിക്കയും, ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളേക്കാള്‍ മുന്നേ വില്‍പന ആരംഭിക്കും.  ചൈനയുടെ ബിസിനസ് ഹബ്ബ് കൂടിയായതിനാല്‍ ഐ ഫോണ്‍ ആദ്യം എത്തുന്ന രാജ്യം കൂടിയാണ് ഹോങ്കോങ്ങ്.
ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പോളിഷ്ഡ് ആന്റ് റഫ് ഡയമണ്ടസിന്റെയും, അപൂര്‍വ രത്‌നങ്ങളുടേയും ഹോള്‍സെയില്‍ വ്യാപാരിയാണ് മുഹമ്മദ് ജുനൈദ് റഹ്മാന്‍.
മലയാളികളില്‍ സിനിമാ താരം മമ്മുട്ടിയാണ് സാധാരണ ഐ ഫോണ്‍ ആദ്യം സ്വന്തമാക്കാറ്.  എന്നാല്‍ കഴിഞ്ഞ വര്‍ഷം മലപ്പുറം വളാഞ്ചേരി സ്വദേശി ഷഹനാസ് ആദ്യ ഐ ഫോണ്‍ സ്വന്തമാക്കുന്ന മലയാളി എന്ന നേട്ടം കൈവരിച്ചിരുന്നു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *