കുനിയില്‍ ഇരട്ടക്കൊല: ആറു പേര് കൂറുമാറി
മഞ്ചേരി: അരീക്കോട് കുനിയില്‍ കുറുവങ്ങാടന്‍ അതിഖു റഹ്മാന് വധക്കേസില്‍ പ്രതികളായ കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദ്, കൊളക്കാടന്‍ അബുബക്കര്‍ എന്ന ബാപ്പുട്ടി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഇന്നലെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) മുമ്പാകെ ആരംഭിച്ചു. ജഡ്ജി എ.വി.മൃദുല മുമ്പാകെ ഇന്നലെ വിസ്തരിച്ച ഒമ്പത് സാക്ഷികളില്‍ ആറു പേരും കൂറുമാറി. അതീഖ് റഹ്മാന്റെ ഭാര്യ റുബീന, 21ാം പ്രതി അരീക്കോട് ഉഗ്രപുരം പെരുമ്പറമ്പ് ചീക്കുളം കുറ്റിപ്പുറത്ത്ചാലി റിയാസ് (35)യുടെ മാതാവും ഒന്നാം പ്രതി ചെമ്രക്കാട്ടൂര്‍ കുറുവങ്ങാടന്‍ മുക്താര്‍ (34)ന്റെ ഭാര്യാ മാതാവുമായ മറിയുമ്മ, പ്രതി റിയാസിന്റെ വീട് പരിശോധിച്ച് പൊലീസ് തയ്യാറാക്കിയ മഹസറിലെ സാക്ഷികളായ തൃക്കുളത്ത് മൂസ, ഖാലിദ്, അബ്ദുല്‍ ജലീല്‍, ഒന്നാം പ്രതി മുക്താറിന്റെ മൊബൈല്‍ ബന്ധവസ്സിലെടുത്ത സംഭവത്തിന്റെ മഹസര്‍ സാക്ഷി അഷ്റഫ് എന്നിവരാണ് കൂറുമാറിയത്. എന്നാല്‍ പ്രോസിക്യൂട്ടര്‍ നടത്തിയ ക്രോസ് വിസ്താരത്തില്‍ മഹസറിലെ ഒപ്പ് തങ്ങളുടേത് തന്നെയെന്ന് ഇവര്‍ കോടതിയില്‍ സമ്മതിച്ചു. പ്രതികള്‍ സഞ്ചരിച്ച ടാറ്റ സുമൊ വാഹന ഉടമ അലിമോന്, ഈ വാഹനം വാങ്ങിയ പി.പി.മുഹമ്മദ് സുനി കോഴിക്കോട്, ഒന്നാം പ്രതി മുക്താറിന്റെ പൊലീസ് നിരീക്ഷണ മഹസറില്‍ ഒപ്പു വെച്ച റിജിലേഷ് എന്നിവരാണ് വിസ്താരത്തിന് വിധേയരായ മറ്റു സാക്ഷികള്‍. കേസിലെ 21സാക്ഷികളും ഇന്നലെ കോടതിയില്‍ ഹാജരായി. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ ഇ.എന്‍.കൃഷ്ണന് നമ്പൂതിരി, വരവത്ത് മനോജ്, ടോം കെ.തോമസ്, വി.പി.വിപിന്‍നാഥ്, ഷറഫുദ്ദീന് മുസ്ലിയാര് എന്നിവര്‍ ഹാജരായി. 2012 ജനുവരി അഞ്ചിനായിരുന്നു അതീഖ് റഹ്മാനെ കുനിയില്‍ അങ്ങാടിയില്‍ നടുറോഡിലിട്ട് കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിനു പ്രതികാരമായി 2012 ജൂണ്‍ 10ന് രാത്രി 7.30ന് കുനിയില്‍ ന്യൂ ബസാറില്‍ രണ്ടു പേരെ വെട്ടികൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന് കേസ്. കേസില്‍ 365 സാക്ഷികളുണ്ട്. വിചാരണ നടക്കുന്ന കോടതി പരിസരം ഇന്നലെ പോലീസിന്റെ കനത്ത സുരക്ഷയിലായിരുന്നു. മഞ്ചേരി സി.ഐ. എന്‍.ബി.ഷൈജുവിന്റെ നേതൃത്വത്തില്‍ വിവിധ സേ്റ്റഷനുകളില്‍ നിന്നായി മുപ്പതോളം പോലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിരുന്നു. കേസിന്റെ വിചാരണ 24ന് തുടരും. 12 സാക്ഷികളെ അന്ന് വിസ്തരിക്കും.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]