പൊന്നാനി കടലിലെ അത്ഭുത കാഴ്ച മറയുന്നു

പൊന്നാനി കടലിലെ അത്ഭുത കാഴ്ച മറയുന്നു

മലപ്പുറം: പ്രളയാനന്തരം പൊന്നാനി കടലില്‍ ഒരു കിലോ മീറ്ററോളം രൂപപ്പെട്ട മണല്‍തിട്ടയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ വാണിജ്യ തുറമുഖ നിര്‍മാണം ഏറ്റെടുത്ത കമ്പനി മണല്‍തിട്ട നീക്കാന്‍ രംഗത്തെത്തി. മാസങ്ങളായി വാണിജ്യ തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങാതിരുന്ന കമ്പനിയാണ് കടലിലെ മണല്‍തിട്ട നീക്കം ചെയ്യാനായി എത്തിയത്. ജെ.സി.ബി.ഉപയോഗിച്ച് ഇന്നലെ രാവിലെ മുതല്‍ കടലോരത്ത് മണല്‍ ഭിത്തി നിര്‍മിക്കാനാണ് കമ്പനി തിടുക്കപ്പെട്ട് എത്തിയത്. തുറമുഖ നിര്‍മാണം അനന്തമായി നീളുന്നതിനെതിരെ സര്‍ക്കാര്‍ പലവട്ടം നിര്‍മാണ കമ്പനിയായ മലബാര്‍ പോര്‍ട്‌സിന് ശാസന നല്‍കിയിരുന്നെങ്കിലും, നിര്‍മാണ പ്രവൃത്തികള്‍ ഇപ്പോഴും ഒച്ചിഴയും വേഗത്തിലാണ്.
ഇതിനിടെയാണ് കമ്പനികല്ലിട്ട ഭാഗത്തോട് ചേര്‍ന്ന് കടലില്‍ മണല്‍തിട്ട രൂപം കൊണ്ടത്. കഴിഞ്ഞമാസമുണ്ടായ പ്രളയത്തെതുടര്‍ന്ന് മലമ്പുഴ ഡാമും തമിഴ്‌നാട്ടിലെ ആളയാര്‍ ഡാമും തുറന്നിരുന്നു. ഇതുകാരണം ഭാരതപ്പുഴ വഴി ശക്തമായി ഒഴുകിയെത്തിയ വെള്ളത്തിന്റെ തള്ളിച്ചയും കടലിന്റെ വേലിയേറ്റവും കാരണമാണ് അഴിമുഖത്ത് ഒരു കിലോമീറ്റര്‍ നീളത്തില്‍ മണല്‍തിട്ട രൂപപ്പെട്ടത്. പൊന്നാനിയില്‍ കടല്‍ പിളര്‍ന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ലക്ഷക്കണക്കിനാളുകളാണ് പൊന്നാനിയില്‍ ഇത് കാണാനെത്തിയത്.
എന്നാല്‍ ഇവിടെ വെറും മണല്‍തിട്ട മാത്രമാണ് രൂപപ്പെട്ടിരുന്നത്. ഇതിലൂടെ വ്യാപകമായി സഞ്ചാരികള്‍ നടന്നുതുടങ്ങി. ഇത് അപകടകരമായ സാഹചര്യം സൃഷ്ടിച്ചു. ഏത് നിമിഷവും വേലിയേറ്റമുണ്ടാകുമ്പോള്‍ മണല്‍തിട്ട ഇടിഞ്ഞ് താഴുകയും സഞ്ചാരികള്‍ കടലില്‍ മുങ്ങിപ്പോകും എന്ന അവസ്ഥ വന്നതോടെയാണ് മലപ്പുറം കലക്ടര്‍ പൊന്നാനി കടലിലേക്കുള്ള സഞ്ചാരവും കഴിഞ്ഞ ദിവസം നിഷേധിച്ചു. ഇതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ഇവിടെ ആളുകളെ കടത്തിവിടാതിരിക്കാന്‍ മണല്‍ഭിത്തി നിര്‍മ്മിക്കുന്നത്. മാത്രമല്ല പുതുതായി രൂപപ്പെട്ട മണല്‍തിട്ടയും ജെ.സി.ബി ഉപയോഗിച്ച് ഒരു ഭാഗം നീക്കം ചെയ്തിരിക്കുകയാണ്. കടലിലേക്കിറങ്ങാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. സ്ഥലത്ത് നിരോധനം അറിയിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ കണ്ണ് വെട്ടിച്ച് നാട്ടുകാരില്‍ ചിലര്‍ മണല്‍ തിട്ടയിലേക്ക് പോകാന്‍ തുടങ്ങിയതോടെയാണ് നിര്‍മ്മാണ കാര്യത്തില്‍ ശുഷ്‌കാന്തി പുലര്‍ത്താത്ത മലബാര്‍ പോര്‍ട്‌സ് മണല്‍ഭിത്തി നിര്‍മ്മിച്ച് വഴിയടക്കാന്‍ രംഗത്തെത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

Sharing is caring!