മമ്പുറം നേര്‍ച്ചക്ക് നാളെ കൊടിയിറങ്ങും

മമ്പുറം നേര്‍ച്ചക്ക്  നാളെ കൊടിയിറങ്ങും

തിരൂരങ്ങാടി (മമ്പുറം): മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന ദിക്റ് ദുആ സംഗമത്തില്‍ പ്രാര്‍ത്ഥനയിലലിഞ്ഞ് വി്ശ്വാസികള്‍.
നിരവധി ആത്മീയനേതാക്കളും പണ്ഡിതരും നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനാ സദസ്സില്‍ പങ്കെടുക്കാനും പുണ്യം നേടാനും ആയിരങ്ങളാണ് മമ്പുറത്തെത്തിയത്. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ മമ്പുറത്ത് പ്രവര്‍ത്തിക്കുന്ന ദാറുല്‍ഹുദാ ഇസ് ലാമിക് യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 33 വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹാഫിള് പട്ടം സമസ്ത ജന.സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര്‍ വിതരണം ചെയ്തു.
സമസ്ത കേന്ദ്ര മുശാവറാംഗവും പ്രമുഖ സൂഫീവര്യനുമായ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ പ്രാര്‍ത്ഥനാസദസ്സിന് നേതൃത്വവും നല്‍കി.
കോഴിക്കോട് വലിയ ഖാദി അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി.
നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം ഇന്ന് രാവിലെ എട്ട് മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. ഒരു ലക്ഷത്തിലധികം നെയ്ച്ചോര്‍ പാക്കറ്റുകള്‍ അന്നദാനത്തിനായി തയ്യാറാക്കും.
ഉച്ചക്ക് ളുഹ്ര് നമസ്‌കാരാനന്തരം സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മാലിദ് ഖത്മ് ദുആ മജ്ലി സോടെ 180ാമത് ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും.

മത-രാഷ്ട്രീയ നേതാക്കള്‍ക്ക് മമ്പുറം തങ്ങളെ മാതൃകയാക്കണം: ബഷീറലി തങ്ങള്‍

തിരൂരങ്ങാടി: പുതിയ കാലത്തെ മത-രാഷ്ട്രീയ നേതാക്കള്‍ മമ്പുറം തങ്ങളുടെ നേതൃ ജീവിതം മാതൃകയായി സ്വീകരിക്കണമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍. മതത്തെയും സാമൂഹിക ആശയങ്ങളെയും ഒരു പോലെ മുന്നോട്ടുപോകാന്‍ ഇന്നത്തെ നേതാക്കള്‍ ശ്രമിക്കണമെന്നും തങ്ങള്‍ പറഞ്ഞു. മമ്പുറം തങ്ങള്‍ മാപ്പിളമാരെയും ഹൈന്ദവരെയും ഒന്നിച്ച് നിറുത്തി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്കായി സജ്ജമാക്കിയപ്പോഴാണ് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ബ്രിട്ടീഷ് നയം തകര്‍ന്നത്. സമൂഹത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം. ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ അതിക്രമം നടത്തുന്നവര്‍ക്കെതിരെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മമ്പുറം ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് നടക്കുന്ന ദിക്റ് ദുആ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.

പ്രതിസന്ധികളെ നേരിടാന്‍ ആത്മീയ നേതാക്കള്‍ മുന്നോട്ട് വരണം : ആലിക്കുട്ടി മുസ്ലിയാര്‍

ന്യൂനപക്ഷങ്ങള്‍ നേരിടുന്ന സാമൂഹിക പ്രതിസന്ധികള്‍ നേരിടാന്‍ ആത്മീയ നേതാക്കള്‍ മുന്നോട്ടുവരികയും ഐക്യത്തോടെ പ്രതിരോധം തീര്‍ക്കുകയും ചെയ്യണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന:സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര്‍. മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടന്ന പ്രാര്‍ത്ഥനാ-സനദ് ദാന സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനേതൃത്വവും ആത്മീയ നേതൃത്വവും മുന്നില്‍ നിന്നു നയിക്കാന്‍ തയ്യാറാകണം. പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ ന്യൂനപക്ഷ മുസ്ലിംകളും താഴ്ന്ന വര്‍ഗ്ഗങ്ങളും കൂടുതല്‍ പ്രതിസന്ധികളെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. മതപരമായ ചടങ്ങുകള്‍ക്ക് പോലും വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുന്നു.
ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ മത സംഘടനകളും ആത്മീയ നേതാക്കളും ശക്തമായി മുന്നോട്ട് വരണമെന്നും സാമൂഹിക പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍വ്വ രെയും ഒന്നിച്ച് നിര്‍ത്തി മമ്പുറം തങ്ങള്‍ നടത്തിയ പ്രതിരോധമാണ് നാം മാതൃകയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

33 വിദ്യാര്‍ത്ഥികള്‍ ഹാഫിള് പട്ടം ഏറ്റുവാങ്ങി.

മമ്പുറം: സയ്യിദ് ഖുത്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീലയുടെ നാമധേയത്തിലുള്ള മമ്പുറത്തെ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കിയ മുപ്പത്തിമൂന്ന് വിദ്യാര്‍ത്ഥികള്‍ ഹാഫിള് പട്ടം ഏറ്റുവാങ്ങി.
സമസ്ത ജന.സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരാണ് ഖുര്‍ആന്‍ മനപ്പാഠമാക്കിയവര്‍ക്ക് സനദ് നല്‍കിയത്. ദാറുല്‍ഹുദാ വി.സി ഡോ. ബഹഉദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു.
ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റുക്കു കീഴിലുള്ള ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് മുന്നൂറിലധികം വിദ്യാര്‍ത്ഥികളാണ് ഇക്കാലയളവില്‍ ഖുര്‍ആന്‍ മനപ്പാഠമാക്കി പുറത്തിറങ്ങിത്.
ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്, കുവൈറ്റ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്, ഈജിപ്തിലെ കൈറോ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് തുടങ്ങിയ നിരവധി അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളില്‍ മമ്പുറം ഹിഫ്ള് ഖുര്‍ആന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

മമ്പുറത്ത് ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം

ആണ്ടുനേര്‍ച്ചയുടെ സമാപന ദിവസമായ ചൊവ്വാഴ്ച മമ്പുറത്ത് ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് തിരൂരങ്ങാടി പോലീസ് അറിയിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ മമ്പുറം മഖാമിലേക്കും തിരിച്ചും വാഹനങ്ങള്‍ രണ്ടു പാലങ്ങള്‍ വഴിയും വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കുന്നതല്ല. മഖാമിലേക്ക് വരുന്നവര്‍ നടപ്പാലം വഴിയും പുതിയ പാലം വഴിയും കാല്‍ നടയായി വരേണ്ടതും തിരിച്ചുപോവേണ്ടുതമാണ്. മഖാമിലേക്ക് വരുന്നവര്‍ നാഷണല്‍ ഹൈവേയില്‍ നിന്ന് വി.കെ പടി വഴി ലിങ്ക് റോഡിലൂടെ വന്ന് തിരിച്ചുപോവേണ്ടതാണ്.

അന്നദാനത്തിന് ഒരു ലക്ഷത്തിലധികം നെയ്ച്ചോര്‍ പാക്കറ്റുകള്‍

തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചയുടെ അവസാന ദിവസമായ നാളെ ഒരു ലക്ഷം പേര്‍ക്ക് അന്നദാനം നല്‍കും. അന്നദാനത്തിനായുള്ള ഒരുക്കങ്ങള്‍ ദാറുല്‍ ഹുദാ കാമ്പസിലും മമ്പുറം മഖാം പരിസരത്തും തുടങ്ങിക്കഴിഞ്ഞു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പുണ്യം തേടിയെത്തുന്ന തീര്‍ത്ഥാടകര്‍കകായി ഒരു ലക്ഷത്തിലധികം നെയ്‌ച്ചോര്‍ പാക്കറ്റുകളാണ് അന്നദാനത്തിനായി തയ്യാര്‍ ചെയ്യുന്നത്. ദാറുല്‍ഹുദാ കാമ്പസില്‍ ഒരുക്കിയ വിശാലമായ പന്തലില്‍ ഇന്ന് വൈകൂന്നേരത്തോടെ പാചകം തുടങ്ങും. നൂറോളം ചെമ്പുകളില്‍ ഒരേ സമയം ഭക്ഷണപാചകം നടക്കും. ദാറുല്‍ഹുദായിലെ അധ്യാപകരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും നേതൃത്വത്തില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നെയ്ച്ചോര്‍ പ്രത്യേക കണ്ടെയ്‌നര്‍ പാക്കറ്റുകളിലാക്കി പത്തിലധികം ലോറികളിലായി മമ്പുറത്തെത്തിക്കും. തുടര്‍ന്ന് പുരുഷര്‍ക്കും സ്ത്രീകള്‍ക്കുമായി ഒരുക്കിയ വ്യത്യസ്ത കൗണ്ടറുകളില്‍ നിന്ന് പാക്കറ്റുകള്‍ വിതരണം ചെയ്യും.

Sharing is caring!