വീട്ടുകാരെ മയക്കികിടത്തി തിരൂരില്‍ കവര്‍ച്ച നടത്തിയ തമിഴ്‌നാട്ടുകാരിയായ വേലക്കാരിയെ തേടി പോലീസ് തമിഴ്‌നാട്ടിലേക്ക്

വീട്ടുകാരെ മയക്കികിടത്തി തിരൂരില്‍ കവര്‍ച്ച നടത്തിയ തമിഴ്‌നാട്ടുകാരിയായ വേലക്കാരിയെ തേടി പോലീസ് തമിഴ്‌നാട്ടിലേക്ക്

തിരൂര്‍: ഒരു കുടുംബത്തിലെ മൂന്നു പേരെ മയക്കി കിടത്തിയ ശേഷം കവര്‍ച്ച നടത്തി. തിരൂരിനടുത്ത് ആലിങ്ങലില്‍ എടശ്ശേരി ഖാലിദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചക്കു ശേഷം മൂന്നു ദിവസം മുമ്പ് വീട്ടുജോലിക്കെത്തിയ തമിഴ്‌നാട്ടുകാരിയായ യുവതിയെ കാണാതായി. യുവതിയെ തേടി പോലീസ് തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു.
ഖാലിദിനേയും ഭാര്യ സൈനബ, കോളജ് വിദ്യാര്‍ഥിനിയായ ഫിദ എന്നിവരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന മൂന്നു പേരേയും കണ്ടെത്തിയത്. സ്വര്‍ണ്ണാഭരണങ്ങളടക്കം ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കള്‍ നഷ്ടപ്പെട്ടതായി പരിശോധനയില്‍ കണ്ടെത്തി. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാവാമെന്നാണ് കരുതുന്നത്. കവര്‍ച്ചക്ക് പിന്നില്‍ വീട്ടുജോലിക്കാരിയാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസം മുമ്പ് ജോലി അന്വേഷിച്ചെത്തിയ തമിഴ് നാട്ടുകാരിയായ യുവതിയെ വീട്ടുജോലിക്ക് നിയമിച്ചിരുന്നു. സംഭവ ശേഷം ഇവരെ കാണാനില്ല. തമിഴ് യുവതിയുടെ ഫോട്ടോ ലഭിച്ചതിനാല്‍ ഇവര്‍ക്കായി തെരച്ചിലാരംഭിച്ചു. വിരലടയാള വിദഗ്ദര്‍ വിവരങ്ങള്‍ ശേഖരിച്ചു തിരൂര്‍ പോലീസ് കേസെടുത്തു.

ബാഗുമായി പോകുന്ന സ്ത്രീയുടെ ചിത്രം സി.സി.ടി.വിയില്‍ പതിഞ്ഞു

തിരൂര്‍: ആലിങ്ങലില്‍ വീട്ടുകാര്‍ക്ക് വിഷം നല്‍കി മയക്കി കിടത്തിയ ശേഷം കവര്‍ച്ച നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതുമായി ബന്ധപ്പെട്ട് സി.സി.ടി.വി.ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ 5ന് ആലിങ്ങലില്‍ ബാഗുമായി ഒരു സ്ത്രീയെ കണ്ട ദൃശ്യം ലഭിച്ചു. ഒരു കടയിലെ സി.സി.ടി.വി യിലാണ് ദൃശ്യമുള്ളത്. ഇതില്‍ നിന്നും വീട്ടുജോലിക്കാരിയില്‍ അന്വേഷണം കേന്ദ്രീകരിച്ചു. ഒന്നിലേറെ പേര്‍ കവര്‍ച്ചക്ക് പിന്നിലുണ്ടാകാമെന്ന നിഗമനം ഇതോടെ മാറ്റി. ഖാലിദിന്റെ ഭാര്യയുടേയും മകളുടേയും കഴുത്തിലെ ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. വിദേശത്ത് കുടുംബ സമേതം കഴിഞ്ഞിരുന്ന ഖാലിദ് അടുത്തിടെയാണ് കുടുംബ സഹിതം നാട്ടിലെത്തിയത്. തിരൂര്‍ ഡി.വൈ.എസ്.പി. ബിജു ഭാസക്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡോഗ് സ്‌ക്വാഡും അന്വേഷണത്തിന്റെ ഭാഗമായി കവര്‍ച്ച നടന്ന വീട്ടിലെത്തി.

Sharing is caring!