മമ്പുറംആണ്ട്നേര്ച്ച: അനേകായിരങ്ങള്‍ക്ക് ആത്മസായൂജ്യം പകര്‍ന്ന് മഖാമിലെ സ്വലാത്ത് സദസ്സ്

തിരുരങ്ങാടി: ആത്മീയ നിര്‍വൃതി തേടിയെത്തിയ അനേകായിരം വിശ്വാസികള്‍ക്ക് ആത്മസായൂജ്യം പകര്‍ന്ന് മഖാമിലെ സ്വലാത്ത് സദസ്സ്. നേര്‍ച്ചയോടനുബന്ധിച്ചുള്ള സ്വലാത്ത് മജ്ലിസായതിനാല്‍ വൈകുന്നേരത്തോടെ മഖാമും പരിസരവും വിശ്വാസികളാല്‍ നിബിഢമായി. മലബാറിന്റെ വിവിധ ദിക്കുകളില്‍ നിന്നെത്തിയ വിശ്വാസി സഞ്ചയത്തെ നിയന്ത്രിക്കാനും ഗാതാഗതക്കുരുക്ക് ഒഴിവാക്കാനും പുതിയ പാലവും വഴിയുള്ള ഗതാഗതവും പഴയ പാലവഴിയുള്ള കാലനടയും സഹായകമായി.
മമ്പുറം മഖാമില്‍ വ്യാഴാഴ്ച്ചകള്‍ തോറും നടന്നുവരുന്ന സ്വലാത്ത് സദസ്സിന് രണ്ട് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. മലബാറിലെ വിശ്വാസികളുടെ പ്രധാന ആത്മീയ സംഗമങ്ങളില്‍ ഒന്നു കൂടിയാണ് ഈ സ്വലാത്ത്. മമ്പുറം തങ്ങളുടെ മാതുലന് സയ്യിദ് ഹസന് ജിഫ്രി തങ്ങളുടെ മരണാനന്തരം മമ്പുറം തങ്ങള്‍ തന്നെ തുടങ്ങി വെച്ച സ്വലാത്ത് മജ്ലിസ് ഇന്നുവരെ മുടങ്ങിയിട്ടില്ലെന്നതാണ് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്.പ്രളയ സമയത്ത് മഖാം പരിസരത്ത് വെള്ളം കയറിയപ്പോഴും സ്വലാത്ത് നടന്നിരുന്നു.
കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈല്‍ സ്വലാത്തിന് നേതൃത്വം നല്കി. നേര്‍ച്ചയോടനുബന്ധിച്ച് നടക്കുന്ന മതപ്രഭാഷണ പരമ്പരക്ക് ഇന്ന് തുടക്കമാകും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. 15 ന് ശനിയാഴ്ച സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫാ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 16 ന് വഖ്ഫ് ബോര്‍ഡ് ചെയര്മാന് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും അന്‍വര്‍ മുഹയിദ്ദീന്‍ ഹുദവി പ്രഭാഷണവും നടത്തും.
17 ന് രാത്രി പ്രാര്‍ത്ഥനാ സദസ്സും ഖുര്‍ആന്‍ മനഃപാഠമാക്കിയവര്ക്കുള്ള സനദ് ദാനവും നടക്കും. സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാരംഭപ്രാര്‍ത്ഥന നടത്തും. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനാ സംഗമം ഉദ്ഘാടന ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിക്കും. പ്രാര്‍ത്ഥനാ സദസ്സിന് വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് നേതൃത്വം നല്‍കും.
സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് ഹാഫിളീങ്ങള്‍ക്കുള്ള സനദ് ദാനം നിര്‍വഹിക്കും.
നേര്‍ച്ചയുടെ സമാപ്തി ദിനമായ 18 ന് രാവിലെ എട്ടു മണി മുതല്‍ അന്നദാനം നടക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി കോഴിക്കോട് അധ്യക്ഷത വഹിക്കും.
ഉച്ചക്ക് 1.30 നടക്കു മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചത്തെ ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാകും.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]