അന്‍വര്‍ എം.എല്‍.എ പ്രവാസിയായ പാര്‍ട്ടി അനുഭാവിയുടെ 50ലക്ഷം രൂപ തട്ടിയ കേസില്‍ ജാമ്യമില്ലാവകുപ്പുപ്രകാരം വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടും 263ദിവസമായി പോലീസ് അറസ്റ്റും ചെയ്തില്ല
മലപ്പുറം: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗിക പീഡനപരാതി സി.പി.എം പാര്‍ട്ടി അന്വേഷിക്കുമ്പോള്‍ പാര്‍ട്ടി അനുഭാവിയായ പ്രവാസി എന്‍ജിനീയറുടെ 50ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെയുള്ള പാര്‍ട്ടി അന്വേഷണം ഒന്നരവര്‍ഷമായിട്ടും എങ്ങുമെത്തിയില്ല. കോടതി നിര്‍ദ്ദേശപ്രകാരം എം.എല്‍.എക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടും 263ദിവസമായി പോലീസ് അറസ്റ്റും ചെയ്തില്ല.
പാര്‍ട്ടിക്കു ലഭിക്കുന്ന പരാതി കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ രീതിയുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തറപ്പിച്ചു പറയുമ്പോഴാണ് പാര്‍ട്ടിയേയും പോലീസിനെയും സമീപിച്ചിട്ടും നീതികിട്ടാതെ പ്രവാസി എന്‍ജിനീയര്‍ നിയമയുദ്ധം നടത്തുന്നത്.
കര്‍ണാടകയില്‍ പാറമട ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് പി.വി അന്‍വര്‍ 50ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സി.പി.എം അനുഭാവിയായ മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീം 2017ഫെബ്രുവരി 17നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് പരാതി നല്‍കിയത്. പ്രശ്നം പരിഹരിക്കാന്‍ കോടിയേരി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും നിലവിലെ എല്‍.ഡി.എഫ് കണ്‍വീനറുമായ എ.വിജയരാഘവനെയും മലപ്പുറം ജില്ലാ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. പലതവണ ബന്ധപ്പെട്ടിട്ടും നേതാക്കളും കൈമലര്‍ത്തുകയായിരുന്നു. ഏഴുമാസം കാത്തിരുന്നിട്ടും നടപടിഉണ്ടാകാതായതോടെ കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി കോടിയേരിക്ക് വീണ്ടും നിവേദനം നല്‍കിയെങ്കിലും മറുപടിപോലും നല്‍കിയില്ല. ഇതോടെയാണ് തെളിവുകളുമായി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ കോടതിയെ സമീപിച്ചത്. കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് 2017ഡിസംബര്‍ 21നാണ് മഞ്ചേരി പോലീസ് പി.വി അന്‍വര്‍ എം.എല്‍.എയെ പ്രതിയാക്കി വഞ്ചനാകുറ്റത്തിന് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തത്.
കോടതിയെ സമീപിക്കുന്നതിനും ഒരു മാസം മുമ്പ് നവംബര്‍ 22ന് മഞ്ചേരി പോലീസില്‍ സലീം പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. ജാമ്യമില്ലാത്ത ഐ.പി.സി 420വകുപ്പില്‍ വഞ്ചനാക്കുറ്റമാണ് പി.വി അന്‍വറിനുമേല്‍ പോലീസ് ചുമത്തിയിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തില്‍ മലോടത്ത്കരായ എന്ന സ്ഥലത്ത് നടത്തിവന്ന കെ.ഇ സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നല്കിയാല് 10 ൃശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ കെണിയില്‍ വീഴ്ത്തിയതെന്നാണ് പരാതി.
2011ഡിസംബര്‍ 30ന് 40ലക്ഷം രൂപ മഞ്ചേരിയിലെ പിവീആര്‍ ഓഫീസില്‍വച്ച് അന്‍വറിന് കൈമാറിയെന്നാണ് പരാതിക്കാരന് പറയുന്നത്. പരാതിക്കാരന് അന്‍വറിന് പണം നല്‍കിയതിന് തെളിവുലഭിച്ചതായി പോലീസും സമ്മതിക്കുന്നുണ്ട്.
30ലക്ഷംരൂപ പണമായും 10 ലക്ഷം രൂപക്ക് അഞ്ച് ലക്ഷത്തിന്റെ രണ്ട് ചെക്കുകളുമാണ് നല്‍കിയത്. 2012ഫെബ്രുവരി 17ന് കരാര്‍ തയ്യാറാക്കിയപ്പോള്‍ ബാക്കി 10 ലക്ഷവും നല്കി. എന്നാല്‍ പിന്നീട് കരാര്‍ പ്രകാരമുള്ള ലാഭവിഹിതം നല്കാന് അന്‍വര്‍ തയ്യാറായില്ല. സംശയം തോന്നിയ പരാതിക്കാരന് സലീം മംഗലാപുരത്തെ ക്രഷറില്‍ പോയപ്പോള്‍ അവിടുത്തുകാര്‍ അത് അന്‍വറിന്റെ ക്രഷറല്ലെന്നും അന്‍വറിനെ അറിയില്ലെന്നുമാണ് പറഞ്ഞത്.
തുടര്‍ന്നു അന്‍വറിനെ ബന്ധപ്പെട്ടപ്പോള്‍ പണവും നഷ്ടവും തരാമെന്ന് പലതവണ വിശ്വസിപ്പിച്ചെങ്കിലും പാലിച്ചില്ല. ഒടുവില്‍ നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ധാരാളം പണച്ചെലവുണ്ടെന്നും ആറുമാസം കൂടി കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടു. പാര്‍ട്ടി അനുഭാവിയായ സലീം കാത്തിരുന്നെങ്കിലും ഒടുവില്‍ എം.എല്‍.എയായിട്ടും അന്‍വര്‍ വാക്ക് പാലിച്ചില്ല. ഇതോടെ പാര്‍ട്ടിക്കും പോലീസിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതോടെയാണ് തെളിവുകളുമായി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ കോടതിയെ സമീപിച്ചത്.
കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘത്തോടൊപ്പം സലീമും മംഗലാപുരം ബല്‍ത്തങ്ങാടിയില്‍പ്പോയപ്പോള്‍
കെ.ഇ സ്റ്റോണ്‍ ക്രഷര്‍ എന്ന ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിലാണ് അന്‍വര്‍ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായി. ഇവിടെ ക്രഷര്‍ ഉള്‍പ്പെടുന്ന അഞ്ചുകോടി വിലവരുന്ന 26ഏക്കര്‍ തന്റെ സ്വന്തമാണെന്നാണ് പി.വി അന്‍വര്‍ വിശ്വസിപ്പിച്ചത്. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ രേഖകള്‍ പ്രകാരം ഭൂമിക്ക് കേവലം 10 ലക്ഷം രൂപയും ക്രഷറിന് 6.5 ലക്ഷം രൂപയും മാത്രമേ വിലയുള്ളൂ.
അന്‍വറിന്റെ പേരില്‍ ബല്‍ത്തങ്ങാടി താലൂക്കില്‍ കാരായ വില്ലേജില്‍ 22/7, 18/20, 18/22 എന്നീ സര്‍വേ നമ്പറുകളിലായി 1.87 ഏക്കര്‍ ഭൂമി ഉള്ളതായാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച റവന്യൂ രേഖയും പോലീസ് സംഘത്തിനു ലഭിച്ചിട്ടുണ്ട്. ബല്‍ത്തങ്ങാടിയില്‍ തുര്‍ക്കുളാകെ ക്രഷര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനും ഒരു വര്‍ഷം മുമ്പ് 2015ലാണ് പി.വി അന്‍വര്‍ സ്വന്തമാക്കിയത്. ഭൂമിയും ക്രഷറും സ്വന്തമാകുന്നതിനും മൂന്ന് വര്‍ഷം മുമ്പ് 2012ലാണ് അന്‍വര്‍ പ്രവാസിയായ നടുത്തൊടി സലീമില്‍ നിന്നും പണം തട്ടിയത്. തെളിവുകളെല്ലാം ലഭിച്ചിട്ടും അന്‍വറിനെ അറസ്റ്റുചെയ്യാതെ സംരക്ഷിക്കുകയാണ്. മഞ്ചേരി പോലീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍ സലീം.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]