പൊന്നാനിയില്‍ കടലിനുള്ളിലേക്ക് കിലോമീറ്ററുകള്‍ നീണ്ട മണല്‍തിട്ട

പൊന്നാനിയില്‍ കടലിനുള്ളിലേക്ക്  കിലോമീറ്ററുകള്‍ നീണ്ട മണല്‍തിട്ട

പൊന്നാനി: പ്രളയത്തിനൊടുവില്‍ പൊന്നാനി ബീച്ചില്‍ കിലോമീറ്ററുകള്‍ നീണ്ട മണല്‍തിട്ട. വര്‍ഷങ്ങള്‍ക്കൊടുവിലുള്ള കടലിന്റെ മനോഹാരിത കാണാന്‍ പൊന്നാനി തീരത്ത് വന്‍ ജനസഞ്ചയം
പൊന്നാനി: ആര്‍ത്തലച്ച് വരുന്ന കടല്‍ തിരമാലകള്‍ മാത്രം കണ്ടു ശീലിച്ച പുതു തലമുറയ്ക്ക് കൗതുക കാഴ്ച സമ്മാനിക്കുകയാണ് പൊന്നാനി കടല്‍ തീരമിപ്പോള്‍. പ്രളയത്തിനൊടുവില്‍ മണല്‍തിട്ടകള്‍ കിലോമീറ്ററുകള്‍ ദൂരത്തില്‍ രൂപം കൊണ്ടതോടെ പഴയ തലമുറ മാത്രം കണ്ടു ശീലിച്ച ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പൊന്നാനി കടല്‍ തീരത്ത് കാണാനായത്. പൊന്നാനി ബീച്ചില്‍ ഒരു കിലോമീറ്ററിലധികം ദൂരത്തില്‍ കടലിലേക്ക് നടന്നുപോകാവുന്ന തരത്തില്‍ മണല്‍ വന്നടിഞ്ഞതോടെയാണ് ആഴിയുടെ അനന്യ സൗന്ദര്യം നുകരാനായി നിരവധി പേര്‍ എത്തുന്നത്.ഈ മണല്‍തിട്ടയ്ക്ക് ഇരു ഭാഗത്തു നിന്നുമായി ഇളം തെന്നല്‍ പോലെ ചെറിയ തിരമാലകളും എത്തുന്നതോടെ പതിറ്റാണ്ടുകളായി കാണാതായ കാഴ്ചയാണ് പ്രകടമാകുന്നത്. വേലിയിറക്ക സമയത്താണ് കൂടുതല്‍ ദൂരത്തില്‍ മണല്‍തിട്ടകള്‍ പ്രകടമാകുന്നത്. പ്രളയത്തെത്തുടര്‍ന്ന് ഭാരതപ്പുഴയിലൂടെ ഒഴുകിയെത്തിയ മണല്‍ അടിഞ്ഞാകാം മണല്‍തിട്ട രൂപപ്പെട്ടതെന്നാണ് പഴയ തലമുറയിലുള്ളവര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്നുള്ള അഭൂതപൂര്‍വ്വമായ പ്രതിഭാസമാണിതെന്നും അഭിപ്രായമുണ്ട്.സംഭവമറിഞ്ഞ് താലൂക്കിന്റെ വിവിധയിടങ്ങളില്‍ നിന്നും ആയിരങ്ങളാണ് മനോഹര കാഴ്ച കാണാനായി എത്തുന്നത്

Sharing is caring!